ഇ.ഡി ഡയരക്ടറുടെ കാലാവധി നീട്ടിയതിനെതിരേ മഹിളാ കോൺഗ്രസ് സുപ്രിംകോടതിയിൽ
ന്യൂഡൽഹി
ഇ.ഡി ഡയരക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടിയതിനെതിരേ മഹിളാ കോൺഗ്രസ് സുപ്രിംകോടതിയെ സമീപിച്ചു. നാഷനൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇ.ഡി തുടർച്ചയായി ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിൽ മഹിളാ കോൺഗ്രസ് അംഗം ഡോ. ജയ താക്കൂറാണ് സുപ്രിംകോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. ഇ.ഡി ഡയരക്ടറുടെ കാലാവധി നീട്ടിയത് 2021ലെ കോമൺ കോസ് കേസിലെ സുപ്രിംകോടതി ഉത്തരവിന് വിരുദ്ധമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. 2020ൽ വിരമിച്ച മിശ്രയ്ക്ക് രണ്ടു തവണയാണ് കാലാവധി നീട്ടിനൽകിയത്.
2021 നവംബറിൽ കേന്ദ്ര വിജിലൻസ് കമ്മിഷൻ (ഭേദഗതി) നിയമപ്രകാരമാണ് അവസാനമായി മിശ്രക്ക് സമയം നീട്ടിനൽകിയത്. രാഷ്ട്രീയ എതിരാളികൾക്കെതിരേ ഉപയോഗിക്കാനാണ് രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളെ തകർക്കുംവിധം കാലാവധി നീട്ടി നൽകിയിരിക്കുന്നതെന്ന് ഹരജിയിൽ കുറ്റപ്പെടുത്തി. നാഷനൽ ഹെറാൾഡ് കേസിൽ എഫ്.ഐ.ആർ പോലുമില്ലാതെ 10 വർഷമായി ഗാന്ധി കുടുംബത്തിനെതിരേ അന്വേഷണം നടത്തുന്നു. കോൺഗ്രസ് അധ്യക്ഷയ്ക്കും മറ്റു ഭാരവാഹികൾക്കുമെതിരേ അന്വേഷണ ഏജൻസികളെ സർക്കാർ ഉപയോഗിക്കുകയാണെന്നും ഹരജി കുറ്റപ്പെടുത്തി.
സഞ്ജയ് കുമാർ മിശ്രയുടെ നിയമന ഉത്തരവിൽ മുൻകാല മാറ്റങ്ങൾ വരുത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം 2021 സെപ്റ്റംബറിൽ സുപ്രിംകോടതി ശരിവച്ചിരുന്നെങ്കിലും അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമേ ഇതു ചെയ്യാവു എന്ന് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ ഗവായ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചിരുന്നു. കാലാവധി നീട്ടുന്നത് ഹ്രസ്വകാലത്തേക്ക് ആയിരിക്കണം. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങൾ പൂർത്തിയാക്കുന്നതിന് ന്യായമായ കാലാവധി നീട്ടിനൽകൽ മാത്രമേ പാടുള്ളൂ എന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇ.ഡി മേധാവിയുടെ കാലാവധി 5 വർഷം വരെ നീട്ടാൻ പ്രാപ്തമാക്കുന്ന ഓർഡിനൻസ് കേന്ദ്രം കൊണ്ടുവന്നു. ഇതിനെതിരേ തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖലെ സമർപ്പിച്ച ഹരജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."