സെവെറോഡോണെട്സ്‌കിന് വേണ്ടി ഉഗ്രപോരാട്ടം കീഴടങ്ങാനുള്ള റഷ്യയുടെ അന്ത്യശാസനം തള്ളി
കീവ്
ആയുധങ്ങൾ താഴെവച്ച് കീഴടങ്ങണമെന്ന റഷ്യൻ സൈന്യത്തിന്റെ അന്ത്യശാസനം ഉക്രൈൻ തള്ളിയതിന് പിന്നാലെ കിഴക്കൻ നഗരമായ സെവെറോഡോണെട്സ്‌ക് നിലനിർത്താനായി ഉഗ്രപോരാട്ടം. റഷ്യ നൽകിയ അന്ത്യശാസനം ഇന്നലെയാണ് അവസാനിച്ചത്. സാധാരണക്കാർക്ക് രക്ഷപ്പെടാനായി മാനുഷിക ഇടനാഴികൾ സ്ഥാപിക്കണമെന്ന് ഉക്രൈൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സെവെറോഡോണെട്സ്‌കിലെ അസൊട്ട് രാസഫാക്ടറിയിൽ 1,200ഓളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവർക്കൊപ്പം നൂറോളം സൈനികരും ഫാക്ടറിയുടെ ഭൂഗർഭ അറയ്ക്കുള്ളിലുണ്ട്. സാധാരണക്കാരെ രാസ ഫാക്ടറിക്കുള്ളിൽ ഉക്രൈൻ സൈന്യം മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നാണ് റഷ്യയുടെ ആരോപണം.
സെവെറോഡോണെട്സ്‌കിനും തൊട്ടടുത്തുള്ള ലിസിചൻസ്‌ക് നഗരത്തിനും ഇടയിലുള്ള മൂന്നാമത്തെ പാലവും കഴിഞ്ഞദിവസം റഷ്യ തകർത്തതിനാൽ സെവെറോഡോണെട്സ്‌ക് പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.
നഗരത്തിന്റെ 80 ശതമാനത്തോളം റഷ്യയുടെ നിയന്ത്രണത്തിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു. രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതിനാൽ മേഖലയിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നതും ഭക്ഷ്യവിതരണവും ഏറെക്കുറേ പ്രതിസന്ധിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."