യൂറോ കപ്പ് ഇന്ന് വിസില്‍ മുഴങ്ങും
റോം: 16മത് യൂറോ കപ്പിന് ഇന്ന് കിക്കോഫ്. 24 ടീമുകള്‍ യൂറോ കിരീടം തേടിയുള്ള യാത്രക്കാണ് ഇന്ന് തുടക്കമാകുന്നത്.
ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ സ്റ്റേഡിയോ ഒളിംപികോയില്‍ രാത്രി 12.30ന് തുര്‍ക്കിയും ഇറ്റലിയും തമ്മിലാണ് യൂറോ കപ്പിന്റെ ഉദ്ഘാടന മത്സരം. അതിന് ശേഷം ഒരുമാസക്കാലം യൂറോപ്പില്‍ ഫുട്‌ബോളിന്റെ രാവുകളാണ്. യൂറോപ്പിലെ 11 രാജ്യങ്ങളിലായിട്ടാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുന്നത്. ഇതാദ്യമായാണ് ഇത്രയും രാജ്യങ്ങള്‍ യൂറോ കപ്പിന് വേദി ഒരുക്കുന്നത്. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ഇരുടീമുകളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
പ്രതിരോധം കൊണ്ട് പേരുകേട്ട ഇറ്റലി ഇത്തവണയും പ്രധിരോധത്തിന് തന്നെയാണ് പ്രധാന്യം നല്‍കിയിട്ടുള്ളത്. സ്വന്തം നാട്ടില്‍ കളിക്കാമെന്നതിനാല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് അസൂറിപ്പട. ചരിത്രവും ഇറ്റിലിക്ക് അനുകൂലമാണ്.
പത്ത് തവണ തുര്‍ക്കിയും ഇറ്റലിയും ഏറ്റുമുട്ടിയപ്പോള്‍ ഏഴു തവണയും ജയം ഇറ്റലിക്കൊപ്പമായിരുന്നു. മൂന്ന് മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു.
ഒറ്റ മത്സരത്തില്‍ പോലും തുര്‍ക്കിക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ നിലവിലെ തുര്‍ക്കി ടീം ശക്തരാണ്. തുര്‍ക്കി ടീമിലെ പകുതിയിലധികം പേരും യൂറോപ്പിലെ പ്രധാന ലീഗുകളിലെ ടീമുകളില്‍ കളിക്കുന്ന താരങ്ങളാണ്.
ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കിയ ലില്ലെയുടെ താരമായ സെകി സെലിക്, എഫ്.എ കപ്പ് ചാംപ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയുടെ പ്രതിരോധ താരം കാഗ്ലര്‍ സോയുങ്കു, യുവന്റസ് പ്രതിരോധ താരം മെറിഹ് ഡെമിറാള്‍, ലിവര്‍പൂള്‍ പ്രതിരോധ താരം ഒസാന്‍ കബാക് എന്നിവരെല്ലാം ഇത്തവണ തുര്‍ക്കിയെ കരുത്തരാക്കുന്നുണ്ട്. 2002 ഫിഫ ലോകകപ്പില്‍ തുര്‍ക്കിയെ മൂന്നാം സ്ഥാനംവരെ എത്തിച്ച പരിശീലകന്‍ സെനോള്‍ ഗെനസാണ് തുര്‍ക്കിയുടെ അണിയറയില്‍ തന്ത്രങ്ങള്‍ മെനയുന്നത്.
ഇറ്റലിയുടെ ശക്തമായ പ്രതിരോധ നിരയെ മറികടക്കാന്‍ മികച്ച യുവനിരയെയാണ് മധ്യനിരയിലും മുന്നേറ്റനിരയിലും തുര്‍ക്കി അണിനിരത്തുന്നത്.
അതേ സമയം സ്വന്തം നാട്ടില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ജയം സ്വന്തമാക്കുക എന്നതില്‍ കുറഞ്ഞതൊന്നും ഇറ്റലി ആലോചിക്കുന്നില്ല.ജോര്‍ജിയോ ചെല്ലിനി നയിക്കുന്ന പ്രതിരോധം തന്നെയാണ് ഇറ്റലിയുടെ ശക്തി.
ആന്‍ഡ്രിയ ബെലോട്ടി, ഡൊമനികോ ബെറാര്‍ഡി, ഫെഡറിക്കോ ബെര്‍ണാഡേച്ചി, ഫെഡറിക്കോ ചിയേസ, സിറോ ഇമ്മോബില്‍, ലോറന്‍സോ ഇന്‍സഗ്നെ തുടങ്ങിയ മുന്നേറ്റനിരയാണ് ഇറ്റലിക്ക് കരുത്ത് പകരുന്നത്.
റോബര്‍ട്ടോ മാന്‍സീനിയാണ് ഇറ്റലിക്ക് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."