മൂന്നു മാസത്തിനകം ഫയൽ തീർപ്പാക്കാൻ പദ്ധതി ഓഫിസ് മേധാവി മുതൽ മന്ത്രിസഭയ്ക്കുവരെ ചുമതല
തിരുവനന്തപുരം
കെട്ടിക്കിടക്കുന്ന മുഴുവൻ ഫയലുകളും മൂന്നു മാസത്തിനകം തീർപ്പാക്കണമെന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ കർശന നിർദേശം. സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസ് വരെയുള്ള മുഴുവൻ സർക്കാർ ഓഫിസുകളിലും അതത് ഓഫിസ് മേധാവിമാരുടെ ചുമതലയിൽ ഫയലുകൾ തീർപ്പാക്കണം.
പ്രാദേശികമായ ഓഫിസുകളുടെ പ്രവർത്തന പുരോഗതി ജില്ല, റീജനൽ ഓഫിസുകളും വകുപ്പിന്റെ മൊത്തത്തിലുള്ള പുരോഗതി വകുപ്പ് മേധാവി ഓരോ ഇടവേളകൾ നിശ്ചയിച്ചും വിലയിരുത്തണം.
സെക്രട്ടേറിയറ്റിലെ തീർപ്പാക്കലിന്റെ ചുമതല ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർക്കായിരിക്കും. സംസ്ഥാനതലത്തിൽ എല്ലാ വകുപ്പുകളുടെയും പ്രവർത്തനത്തിന്റെ മേൽനോട്ടം ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനായിരിക്കും.
വീഴ്ച വരുത്താതിരിക്കാൻ ഉദ്യോഗസ്ഥരും സർവിസ് സംഘടനകളും ശ്രമിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു.വകുപ്പുതലത്തിലുള്ള തീർപ്പാക്കലിനോടൊപ്പം ജില്ലാതലത്തിലും മേൽനോട്ട സംവിധാനമുണ്ടാകും. എല്ലാ വകുപ്പുകളിലെയും പ്രവർത്തനം ശരിയായ രീതിയിൽ നടക്കുന്നുണ്ടോ എന്ന് കലക്ടറുടെ നേതൃത്വത്തിൽ ജില്ല, റീജിയണൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിക്കും. ഓരോ ജില്ലയ്ക്കും മന്ത്രിമാർക്ക് ചുമതലയുണ്ടാകും. കോടതിക്കേസുകളിലെ വിധിന്യായങ്ങൾ സമയപരിധിക്കകത്ത് നടപ്പാക്കാത്തതിൽ വീഴ്ച ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേസുകളുടെ നടത്തിപ്പിലും വിധി നടപ്പാക്കലിലും മേൽനോട്ടത്തിലും ഉള്ള കാര്യക്ഷമത ഉറപ്പാക്കാൻ വകുപ്പിലും ഓരോ വകുപ്പ് മേധാവികളുടെ ഓഫിസിലും പ്രത്യേക സംവിധാനമൊരുക്കണം. ഇക്കാര്യത്തിൽ വകുപ്പ് സെക്രട്ടറിമാരും ചീഫ് സെക്രട്ടറിയും അടിയന്തര നടപടി സ്വീകരിക്കണം. കേസ് നടത്തിപ്പിലെ പോരായ്മയോ, സർക്കാർ വക്കീലന്മാരുടെ അനാസ്ഥയോ ശ്രദ്ധയിൽപ്പെട്ടാൽ അത് ബന്ധപ്പെട്ട സെക്രട്ടറിമാരെ സമയബന്ധിതമായി അറിയിക്കണം. കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."