പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നു ആശയരൂപീകരണ ശിൽപശാല ഇന്ന്
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സംസ്ഥാനത്തെ പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നു. കേരളത്തിൽ അവസാനമായി സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം നടന്നത് 2007ലാണ്. കഴിഞ്ഞ 10 വർഷത്തിലധികമായി ഒരേ പാഠപുസ്തകങ്ങളാണ് കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്നത്. ഇന്നു നടക്കുന്ന ആശയരൂപീകരണ ശിൽപശാലയിൽ കരിക്കുലം കമ്മിറ്റി അംഗങ്ങളും കോർ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. ഉച്ചയ്ക്കു ശേഷം നടക്കുന്ന കരിക്കുലം, കോർകമ്മിറ്റി സംയുക്ത യോഗത്തിൽ പരിഷ്‌കരണ രൂപരേഖ ചർച്ച ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഓരോ കുട്ടിയെയും ഓരോ യൂനിറ്റായി പരിഗണിച്ചുകൊണ്ടുള്ള അക്കാദമിക പ്രവർത്തനങ്ങളുടെ ആസൂത്രണവും നിർവഹണവുമാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അക്കാദമിക മാസ്റ്റർപ്ലാൻ, അക്കാദമിക നിലവാരം ഉയർത്താനുള്ള നിരവധി പ്രവർത്തനങ്ങളും നടന്നുവരുന്നു. പ്രീപ്രൈമറി വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം തുടങ്ങിയ നാല് മേഖലകളിലാണ് സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. 25 ഫോക്കസ് ഏരിയകളിലും 'പൊസിഷൻ പേപ്പറു'കളും രൂപീകരിക്കും. വിവിധ വിഷയങ്ങളിലായി 563 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് നിലവിൽ എസ്.സി.ഇ.ആർ.ടി. തയാറാക്കുന്നത്. മതേതരത്വം, ജനാധിപത്യം, സമഭാവന, സഹിഷ്ണുത, മാനവികബോധം, ഭരണഘടനാ മൂല്യങ്ങൾ എല്ലാം കേരളീയ പാഠ്യപദ്ധതി ചർച്ചയിൽ മുന്നിൽ നിൽക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണത്തിന് മുന്നോടിയായുള്ള സംസ്ഥാനതല ആശയരൂപീകരണ ശിൽപശാല ഇന്ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."