എ.ഐ.സി.സി ആസ്ഥാനത്ത് പൊലിസ് അതിക്രമം
നേതാക്കൾക്കും
പ്രവർത്തകർക്കും
മർദനമേറ്റു
ന്യൂഡൽഹി
നാഷനൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ മൂന്നാം ദിവസവും ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കോൺഗ്രസ് പ്രതിഷേധത്തിനിടെ ഡൽഹിയിൽ വ്യാപക പൊലിസ് അതിക്രമം. അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്തേക്ക് അതിക്രമിച്ചു കയറിയ ഡൽഹി പൊലിസ് അവിടെയുണ്ടായിരുന്ന നേതാക്കളെയും പ്രവർത്തകരെയും മർദിച്ചു. വനിതകളടക്കമുള്ള നേതാക്കൾക്കെതിരേയാണ് പൊലിസ് അതിക്രമമുണ്ടായത്. ഇതാദ്യമായാണ് കോൺഗ്രസ് ആസ്ഥാനത്തേക്ക് പൊലിസ് അതിക്രമിച്ചു കയറുകയും നേതാക്കളെയും പ്രവർത്തകരെയും മർദിക്കുകയും ചെയ്യുന്നത്. പൊലിസ് നടപടി തടയാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും സാധ്യമായില്ല.
എ.ഐ.സി.സി ആസ്ഥാനത്ത് പൊലിസ് അതിക്രമം കാട്ടുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് നേതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യ ശക്തിയെ ഇല്ലാതാക്കിയ പാർട്ടിയാണ് കോൺഗ്രസെന്നും നിങ്ങളുടെ അഹങ്കാരം ഇല്ലാതാക്കാനും തങ്ങൾക്ക് കഴിയുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസ് ആസ്ഥാനത്തിന് പുറത്തും കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും പൊലിസ് മർദിച്ചു. കേരളത്തിൽ നിന്നുള്ള എം.പിമാരടങ്ങുന്ന നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ബലമായി വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിയത്. ഡൽഹിയുടെ പലഭാഗങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ മർദിക്കുകയും ചെയ്തു. പൊലിസ് അതിക്രമത്തിനിടെ ഇ.ഡി ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ടയറുകളും മറ്റും കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിച്ചു. തങ്ങൾ ഭീകരരാണോ ഇത്രമാത്രം പേടിക്കാനെന്ന് പാർട്ടി നേതാവ് ആദിർ ചൗധരി ചോദിച്ചു. ഇന്നലെ കസ്റ്റഡിയിലെടുക്കപ്പെട്ടവരിൽ രാജസ്ഥാനിൽ നിന്നുള്ള യുവ നേതാവ് സച്ചിൻ പൈലറ്റുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."