ഹിന്ദിയില്‍ ഹരീ ശ്രീ കുറിച്ച ഉത്തര്‍പ്രദേശ് സ്വദേശിക്ക് മലയാള മണ്ണില്‍ ഫുള്‍ എ പ്ലസ്
കൊട്ടാരക്കര: ഹിന്ദിയില്‍ ഹരിശ്രീ കുറിച്ച ഉത്തര്‍പ്രദേശ് സ്വദേശിയ്ക്ക് മലയാള മണ്ണില്‍ മിന്നും ജയം. ഉത്തര്‍പ്രദേശ് ഗോരഖ്പൂര്‍ സ്വദേശികളായ രാംകരണ്‍ സമ്പിത ദമ്പതികളുടെ മകന്‍ കുല്‍ദീപ് യാദവാണ് പത്താംക്ലാസിലെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ചത്. നെടുവത്തൂര്‍ ഈശ്വര വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. 10 വര്‍ഷമായി കൊട്ടാരക്കര നെടുവത്തൂര്‍ ചാലുക്കോണം തെക്കേക്കരയില്‍ വാടക വീട്ടില്‍ താമസിച്ചു വരുകയാണ് കുല്‍ദീപ് യാദവും കുടുംബവും.
പതിനഞ്ചു വര്‍ഷം മുമ്പ നിര്‍മാണ ജോലിക്കായി എത്തിയ രാംകരണ്‍ പിന്നീട് കുടുംബത്തെയും നെടുവത്തൂര്‍ ചാലുക്കോണത്തേക്കു കൂട്ടുകയായിരുന്നു. എല്‍.കെ.ജി, യു.കെ.ജി ഗൊരഖ്പൂരിലാണ് കുല്‍ദീപ് പഠിച്ചത്. ശേഷം പിതാവ് രാം കരണ്‍ ജോലിക്കായി കേരളത്തില്‍ വന്നപ്പോള്‍ മകനെ ഒന്നാം ക്ലാസില്‍ നെടുവത്തൂര്‍ ഡി.വി.യു.പി.എസില്‍ ചേര്‍ത്തു. പിന്നീട് 8ാം ക്ലാസ് മുതല്‍ നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറിസ്‌കൂളിലാണ് പഠിച്ചത്.
രണ്ടാം ക്ലാസ് മുതല്‍ മലയാളം വായിക്കാനും എഴുതാനും ശീലിച്ചു തുടങ്ങി. ഓണ്‍ലൈന്‍ പഠന കാലത്ത് നെടുവത്തൂര്‍ ഈശ്വര വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തന്നെ 9 ക്ലാസില്‍ പഠിക്കുന്ന സഹോദരി അനാമികയാണ് കുല്‍ദീപിന്റെ പഠനത്തിനായി പ്രോത്സാഹനം നല്‍കിയത്. തുടര്‍ പഠനം കേരളത്തില്‍ പ്ലസ് ടു സയന്‍സ് എടുത്ത് പഠിക്കാനാണ് കുല്‍ദീപിന്റെ തീരുമാനം. പഠനത്തേക്കാള്‍ താല്‍പര്യം കളിയിലായിരുനെന്നും അവസാനകാലത്തെ പഠനമായിരുന്നു എ പ്ലസ് വിജയത്തിലേക്കെത്തിച്ചതെന്ന് കുല്‍ദീപ് പറഞ്ഞു.
സ്‌കൂളിലെ അധ്യാപകരുടെ പഠനത്തിലെ പ്രോത്സാഹനവും ഉപദേശവുമാണ് വിജയത്തിന് പിന്നില്‍. കുല്‍ദീപിന് ഏറെ പ്രയാസപ്പെട്ട വിഷയം മലയാളവും ഇഷ്ടവിഷയം ഗണിതവുമാണ്.മലയാളം എഴുതാനും വായിക്കാനും നന്നേ പാടുപെട്ടിരുന്നതായും കുല്‍ദീപ് പറയുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥനാകാനാണ് കുല്‍ദീപിന്റെ ആഗ്രഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."