ഇന്ത്യയുടെ പെണ്‍മക്കള്‍
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു കമന്റില്‍ ഇങ്ങനെ കണ്ടു. '' 132 കോടി ജനങ്ങള്‍ക്ക് പെണ്‍കുട്ടികളുടെ മാനം രക്ഷിക്കാന്‍ സാധിക്കാതെ പോകുന്നു. പക്ഷേ 132 കോടി ജനങ്ങളുടെ മാനം കാക്കാന്‍ രണ്ടു പെണ്‍കുട്ടികള്‍ക്കേ സാധിച്ചുള്ളൂ''- സിന്ധുവിന്റേയും സാക്ഷി മാലിക്കിന്റേയും ഒളിംപിക് മെഡല്‍ നേട്ടങ്ങളെക്കുറിച്ചുള്ള ഒരാളുടെ അഭിപ്രായമാണ് മുകളില്‍ പറഞ്ഞത്. സത്യമാണതെന്ന് നാമോരോരുത്തരും ഇപ്പോള്‍ നെഞ്ചത്തു കൈവച്ച് സമ്മതിക്കുന്നുണ്ട്.
വലിയ കായിക സംഘവുമായി റിയോയിലേക്ക് പറന്ന നമ്മുടെ താരങ്ങളെല്ലാം കവാത്തു മറന്നു നിന്നപ്പോള്‍ പി.വി സിന്ധു ബാഡ്മിന്റണില്‍ പൊരുതി നേടിയ വെള്ളിയും സാക്ഷി മാലിക്ക് ഗുസ്തിപിടിച്ചു നേടിയ വെങ്കലവും അഭിമാനം കാത്തു. ഒപ്പം ദീപ കര്‍മാകര്‍ ജിംനാസ്റ്റിക്‌സില്‍ ജീവന്‍ പണയം വച്ച് നേടിയ നാലാം സ്ഥാനവും നേട്ടമായി തിളങ്ങി.
സിന്ധുവിന്റേയും സാക്ഷിയുടേയും ദീപയുടെ മികവിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച അവരുടെ പരിശീലകരുടെ അധ്വാനവും കാണാതെ പോകരുത്. കായിക താരമായിരുന്നപ്പോള്‍ സ്വപ്നം കണ്ട ഒളിംപിക് മെഡലെന്ന നേട്ടത്തിലെത്താന്‍ സാധിക്കാതിരുന്ന ബാഡ്മിന്റണ്‍ കോച്ച് പുല്ലേല ഗോപിചന്ദ്, ഗുസ്തി പരിശീലകന്‍ ഈശ്വര്‍ സിങ് ദാഹിയ എന്നിവര്‍ തങ്ങളുടെ ശിഷ്യരിലൂടെ അത് സാധിച്ചു. ജിംനാസ്റ്റിക്‌സ് കോച്ച് ബിശ്വേശര്‍ നന്ദി ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ വനിതാ ജിംനാസ്റ്റിക്‌സ് താരത്തെ ഒളിംപിക്‌സ് മെഡലിനു തൊട്ടരികില്‍ വരെ എത്തിച്ചു. അടുത്ത തവണ ഈയിനത്തില്‍ മെഡല്‍ നേടാമെന്ന സന്ദേശം നല്‍കാനും അദ്ദേഹത്തിനു കഴിഞ്ഞു. കഴിഞ്ഞ ഒളിംപിക്‌സില്‍ സൈനയിലൂടെ വെങ്കലം നേടിയ ഗോപിചന്ദിനു ഇത്തവണ സിന്ധുവിലൂടെ വെള്ളി നേടാന്‍ സാധിച്ചിരിക്കുന്നു. അടുത്ത ഒളിംപിക്‌സില്‍ അതു സ്വര്‍ണമായി മാറട്ടേയെന്ന് നമുക്ക് പ്രത്യാശിക്കാം.
പ്രതീക്ഷയുണ്ടായിരുന്ന താരങ്ങളില്‍ ഒരാള്‍ പോലും മെഡലിനടുത്തെങ്ങും എത്തിയില്ല എന്നത് ഇവിടുത്തെ കായിക മേലാളന്‍മാര്‍ക്ക് ആവോളം ചിന്തിക്കാനുള്ള അവസരം നല്‍കുന്നുണ്ട്. രാഷ്ട്രീയവും വ്യക്തി താത്പര്യങ്ങളും നമ്മുടെ കായിക സംസ്‌കാരത്തെ എത്രത്തോളം മലീമസമാക്കുന്നുണ്ടെന്നു മറ്റു കുഞ്ഞു കുഞ്ഞു രാഷ്ട്രങ്ങള്‍ മെഡലുകള്‍ വാരിക്കൂട്ടുമ്പോഴാണ് ബോധ്യപ്പെടുന്നത്.
ക്രിക്കറ്റിന്റെ ശുദ്ധീകരണത്തിനായി ജസ്റ്റിസ് ലോധ കമ്മിറ്റി ബി.സി.സി.ഐയ്ക്ക് നല്‍കിയ പെരുമാറ്റ ചട്ടം ഇന്ത്യയിലെ മറ്റു കായിക സംഘടനകള്‍ക്കും ബാധകമാക്കേണ്ട സമയം അതിക്രമിച്ചുവെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഇന്ത്യയുടെ റിയോയിലെ പ്രകടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."