'ഇനിയുമെത്ര അപമാനിതരാകണം ഞങ്ങള്‍, ഇത് കാണാനാണോ രാജ്യത്തിനു വേണ്ടി മെഡല്‍ നേടിയത്, അവ തിരിച്ചെടുത്തേക്കൂ…' വികാരഭരിതരായി ഗുസ്തി താരങ്ങള്‍
'ഇനിയുമെത്ര അപമാനിതരാകണം ഞങ്ങള്‍
ഡല്‍ഹി: ജന്ദര്‍മന്തറിലെ സമര വേദിയിലെ പൊലിസ് അതിക്രമത്തിനു പിന്നാലെ പൊട്ടിക്കരഞ്ഞ് ഗുസ്തിതാരങ്ങള്‍. മദ്യപിച്ചെത്തിയ പൊലിസ് മര്‍ദിക്കുകയും വനിതാ താരങ്ങളോട് മോശമായി പെരുമാറുകയും ചെയ്‌തെന്ന് സമരക്കാര്‍ പറയുന്നു. ഇങ്ങനെ പെരുമാറാന്‍ തങ്ങള്‍ കുറ്റവാളികളല്ലെന്നും ഒളിംപ്യന്‍ വിനേഷ് ഫോഗട്ട് കണ്ണീരോടെ പറഞ്ഞു.
'ഇതൊക്കെ കാണാനാണോ ഞങ്ങള്‍ രാജ്യത്തിനായി മെഡലുകള്‍ നേടിയത്? പൊലിസ് ക്രിമിനലുകളോടെന്ന പോലെയാണ് ഞങ്ങളോട് പെരുമാറിയത്. എന്നെ പുരുഷ പൊലിസുകാര്‍ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതെല്ലാം നടക്കുമ്പോള്‍ വനിതാ പൊലിസുകാര്‍ എവിടെയായിരുന്നു?' വിനേഷ് ഫോഗട്ട് ചോദിച്ചു.
'എന്റെ എല്ലാ മെഡലുകളും തിരികെ എടുക്കാന്‍ ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. രാജ്യത്തിന്റെ മുഴുവന്‍ പിന്തുണ സമരത്തിനു വേണം. എല്ലാവരും ഡല്‍ഹിയിലേക്ക് വരൂ'.ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ നാല് മെഡലുകള്‍ നേടിയ ബജ്‌രംഗ് പുനിയ പറഞ്ഞു.
'അവിടം മുഴുവന്‍ വെള്ളത്താല്‍ നിറഞ്ഞിരുന്നു. ഉറങ്ങാന്‍ സ്ഥലമില്ലായിരുന്നു. അപ്പോള്‍ കട്ടില്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ തീരുമാനിച്ചു. കട്ടില്‍ കൊണ്ടുവരുമ്പോള്‍ പൊലിസുകാര്‍ തടഞ്ഞു. അവര്‍ ഞങ്ങളെ അക്രമിക്കാന്‍ ആരംഭിച്ചു' താരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ലൈംഗികാരോപണത്തിന് വിധേയനായ ബ്രിജ്ഭൂഷന്‍ തന്റെ വീട്ടില്‍ സുഖമായി ഉറങ്ങുന്നു. ഞങ്ങള്‍ ഒരു കട്ടില് കൊണ്ടുവന്നതാണ്. ഇത്രമേല്‍ അപമാനിക്കണോ ഞങ്ങളെ'- അവര്‍ ചോദിച്ചു.
VIDEO | "The area is filled with water and there was no place to sleep, so we thought of bringing the cots...," says wrestler Vinesh Phogat. pic.twitter.com/TWmqxdImlR
— Press Trust of India (@PTI_News) May 3, 2023
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷനെതിരെ ഏപ്രില്‍ 23നാണ് ജന്തര്‍മന്തറില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തിതാരങ്ങള്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിട്ട് പൊലിസ് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തിലായിരുന്നു സമരം. രാപകല്‍ സമരം 13ാം ദിവസത്തിലെത്തി.
ഇന്നലെ രാത്രി 11.30നാണ് പൊലിസും ഗുസ്തി താരങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. മദ്യപിച്ച് എത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ മര്‍ദിക്കുകയും സമരമാവസാനിപ്പിക്കാന്‍ അവശ്യപ്പെടുകയും ചെയ്‌തെന്ന് ഗുസ്തി താരങ്ങള്‍ പറയുന്നു. ഇത് ഗുസ്തി താരങ്ങള്‍ ചോദ്യംചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ രണ്ട് ഗുസ്തി താരങ്ങളുടെ തലയ്ക്ക് പരിക്കേറ്റു.
ബ്രിജ്ഭൂഷനെതിരെ പൊലിസില്‍ നല്‍കിയ പരാതിയില്‍ കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്ന് താരങ്ങള്‍ സുപ്രിംകോടതിയില്‍ അറിയിച്ചു. ബ്രിജ് ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ കയ്യിലുള്ള രേഖകള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കി. കോടതിയില്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കുന്ന രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് താരങ്ങള്‍ അറിയിച്ചു. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."