ജി-7 ഉച്ചകോടിയില്‍ ദരിദ്രരാജ്യങ്ങള്‍ക്ക് വാക്സിന് പ്രഖ്യാപനമുണ്ടാകും
ലണ്ടന്‍: ലോകം മഹാമാരിയെ നേരിടുന്ന പശ്ചാത്തലത്തില്‍ ജി-7 രാജ്യങ്ങള്‍ വാക്സിന് നയതന്ത്രം സംബന്ധിച്ച നിര്‍ണായക തീരുമാനമെടുക്കും. 200 കോടി ഡോസ് വാക്സിന് സൗജന്യമായി മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനവും ഉണ്ടായേക്കും.
തെക്കുപടിഞ്ഞാറ് ഇഗ്ലണ്ടിലെ റിസോര്‍ട്ടിലാണ് ഉച്ചകോടി നടക്കുന്നത്. യു.എസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇവിടെയെത്തി. ലോകത്തെ സുപ്രധാന സാമ്പത്തിക ശക്തികളായ ജി-7 രാജ്യങ്ങളുടെ നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചകളാണ് ഇന്നലെ നടന്നത്. യു.എസ് പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും തമ്മില്‍ ആദ്യ കൂടിക്കാഴ്ചയും നടന്നു.
ആദ്യ മൂന്നുദിവസത്തെ ചര്‍ച്ചകള്‍ പൊതുപരിപാടിയല്ല. റിസോര്‍ട്ടിനു സമീപത്തുവച്ച് യുവാവിനെ സ്ഫോടക വസ്തുക്കളുമായി പിടികൂടിയ പശ്ചാത്തലത്തില്‍ ചടങ്ങിന്റെ സുരക്ഷയ്ക്കായി 5,000 പൊലിസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്.
ജി-7 അംഗരാജ്യങ്ങളായ യു.എസ്, യു.കെ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, കാനഡ, ജപ്പാന് എന്നിവയ്ക്കൊപ്പം ഈ വര്‍ഷം ഉച്ചകോടിയിലേക്ക് ഇന്ത്യയും ആസ്ത്രേലിയയും ദക്ഷിണ കൊറിയയും ദക്ഷിണാഫ്രിക്കയും ക്ഷണിക്കപ്പെട്ട അതിഥികളാണ്. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെര്‍ച്വലായി ഉച്ചകോടിയില്‍ പങ്കെടുക്കും.
കൊവിഡിനെ നേരിടാന്‍ വാക്സിന് നയതന്ത്രം, വ്യാപാരം, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് ഉച്ചകോടിയിലെ അജന്‍ഡ. 2014 മുതല്‍ രണ്ടാം തവണയാണ് ഇന്ത്യ ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. 2019 ല്‍ ഫ്രാന്‍സില്‍ നടന്ന ജി-7 ഉച്ചകോടിയിലാണ് ഗുഡ്വില് പാര്‍ട്ണര്‍ ആയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫ്രഞ്ച് പ്രസിഡന്റ് ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യവും സമുദ്രവും എന്ന സെഷനിലായിരുന്നു പ്രധാനമന്ത്രി മോദി പങ്കെടുത്തത്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങും ജി-8 ഉച്ചകോടിയില്‍ അഞ്ചുതവണ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."