തുർക്കി; മരണസംഖ്യ 54 ആയി; മരിച്ചവരില്‍ ഏറെയും കുട്ടികള്‍
അങ്കാറ: തുര്‍ക്കിയിലെ ഗസിന്ദപില്‍ ശനിയാഴ്ച രാത്രി വിവാഹച്ചടങ്ങിനിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും കുട്ടികള്‍. 54 പേരാണ് കുട്ടിച്ചാവേര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 29പേരും 18 വയസ്സില്‍ താഴെയുള്ളവരാണ്.
22 പേര്‍ 14 വയസ്സിനു താഴെയുള്ളവരാണെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൈലാഞ്ചി രാവിലാണ് ആക്രമണം നടന്നതെന്നതിനാലാണ് സ്ത്രീകളും കുട്ടികളും മരിക്കാനിടയാക്കിയത്.
12നും 14 നും ഇടയില്‍ പ്രായമുള്ള ചാവേറാണ് ആക്രമണം നടത്തിയത്. ഐ.എസാണ് ആക്രമണത്തിനു പിന്നിലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് ഗസിന്ദപ്. ആക്രമണത്തില്‍ ഒരു സ്ത്രീക്ക് നാലു കുട്ടികളെ നഷ്ടപ്പെട്ടുവെന്ന് തുര്‍ക്കി പത്രമായ ഹബര്‍തുര്‍ക് റിപ്പോര്‍ട്ട് ചെയ്തു.
ഒരു കുട്ടിമാത്രമാണ് അവര്‍ക്ക് ശേഷിക്കുന്നത്. വിവാഹഘോഷയാത്രയില്‍ പങ്കെടുത്ത വധൂവരന്മാരെ കാണാനെത്തിയ ഒന്‍പതുകാരിയും കൊല്ലപ്പെട്ടുവെന്ന് വതന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹവീട്ടിലായിരുന്നതിനാല്‍ പരുക്കേറ്റില്ല. കൊല്ലപ്പെട്ട ചാവേറിനെ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന നടത്തുമെന്ന് തുര്‍ക്കി പൊലിസ് പറഞ്ഞതായി ഹുറിയത് പത്രം റിപ്പോര്‍ട്ട് ചെയ്തു.
കുര്‍ദുകള്‍ക്ക് നേരെ നേരത്തെ പ്രയോഗിച്ച മാതൃകയിലുള്ള ബോംബാണ് ഉപയോഗിച്ചതെന്ന് പൊലിസ് പറഞ്ഞു. കുട്ടിച്ചാവേര്‍ ഏതു രാജ്യക്കാരനാണെന്ന് തിരിച്ചറിയാനായിട്ടില്ല. സിറിയന്‍ വംശജനായ കുട്ടിയാണ് ആക്രമണത്തിനു പിന്നിലെന്ന് സൂചനയുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."