വൈശാഖപൗർണമി എന്ന മാറ്റത്തിൻ പൂമ്പിറ
Vaishakapournami is a crucial day in the life of Buddha
മനുജാകൃതിപൂണ്ട ധർമമോ പരമേശപവിത്രപുത്രനോ
കരുണാവാൻ നബി മുത്തുരത്നമോ...
(നാരായണഗുരു- അനുകമ്പാദശകം)
പൊങ്ങിനാൻ വേനലിൻ്റെ മൂർഛയിൽ വൈശാഖത്തിൻ
പൗർണമിച്ചന്ദ്രൻ സർവസന്താപ തമോപഹൻ
(സഹോദരനയ്യപ്പൻ -വൈശാഖപൗർണമി)
മനുഷ്യചരിത്രത്തെ മൈത്രിയുള്ള നൈതിക, ധാർമിക ചിന്തയിലൂടെ മാറ്റിയെഴുതിയ ബുദ്ധൻ്റെ ജീവിതത്തിലെ നിർണായക ദിവസമാണ് വൈശാഖപൗർണമി. 2023ൽ മെയ് അഞ്ചിനാണ് ബുദ്ധപൂർണിമ. ബുദ്ധരുടെ പിറപ്പും ബോധോദയവും നിബാണവും ഒത്തുവരുന്ന വൈശാഖത്തിലെ വെളുത്ത വാവാണിത്. അമ്പലപ്പുഴയിലെ കരുമാടിക്കുട്ടൻ ബുദ്ധ ശിൽപമിരിക്കുന്ന കരുമാടിയിലും ആഘോഷപരിപാടികൾ നടക്കുന്നു. ചാക്യചിങ്ങൻ, ചങ്ങൻ എന്നെല്ലാം കേരളത്തിലറിയപ്പെടുന്ന ശാക്യസിംഹൻ സംഘനാഥനായ കോതയെന്ന ഗോതമരുടെ ജന്മദിനമാണ് ഹൈന്ദവ ശൈലിയിൽ പലയിടത്തും നരസിംഹ ജയന്തിയായും കൊട്ടിയൂരെപ്പോലെ വൈശാഖോത്സവമായുമെല്ലാം ആഘോഷിക്കപ്പെടുന്നത്.
സാഹോദര്യമെന്ന മൈത്രിയും കരുണയും സമതയും പ്രജ്ഞയും മുദിത്തവുമാണ് പുത്തരുടെ പുതുവഴി. വർണ-ജാതി നിയമാവലിയായ മനുസ്മൃതിയെ മാറ്റിയെഴുതിയ ആധുനിക ജനായത്ത ഭരണഘടനയിലേക്ക് നവബുദ്ധനായ അംബേദ്കറേ ആകർഷിച്ചത് ഇൗ മൂല്യങ്ങളാണ്. വൈദിക സനാതന ധർമമെന്ന വർണാശ്രധർമത്തെ നിരാകരിക്കുന്ന നൈതികമായ യുക്തിയുക്തമായ ധർമ്മ ചിന്തയുടെ മാനവിക ജനായത്ത പാതയാണത്. മാറ്റത്തേയും ചരാചരബന്ധങ്ങളേയും സിദ്ധാന്തവൽക്കരിക്കുന്ന അനിത്യവാദമെന്നും അനാത്മവാദമെന്നും ഗുരു ലങ്കയിൽ 1918ൽ ഊന്നിപ്പറഞ്ഞപോലെ അദ്വയവാദമെന്നും സമുദയവാദമെന്നും അതറിയപ്പെടുന്നു.
വിശ്വസമുദായവും പ്രപഞ്ച സാഹോദര്യവും വളരുന്നത് ഇൗ ബുദ്ധചിന്തയിൽ നിന്നാണ്. അരുളൻപനുകമ്പ മൂന്നിനും പൊരുളൊന്നാണതെന്നും അരുളുള്ളവനാണു ജീവിയെന്നും ആധുനിക കേരളപുത്തരായി കവിശിഷ്യർ മൂലൂരും കറുപ്പനും ആശാനും സഹോദരനും പാടിയ നാണുഗുരു പുതുകേരളമൊഴിയിൽ ഇതു വെളിവാക്കി. എല്ലാവരേയും ഉൾക്കൊള്ളുന്നതും സന്തുലിത പ്രാതിനിധ്യം ഉറപ്പാക്കുന്നതുമായ ജനായത്ത ദർശനമാണ് ബുദ്ധനും ഗുരുവും അംബേദ്കറും സഹോദരനുമെല്ലാം വിഭാവനം ചെയ്ത ബോധോദയന ചിന്ത. ഇന്ത്യൻ ജനായത്തവും സമൂഹവും അമിതപ്രാതിനിധ്യ സമഗ്രാധിപത്യ ഭീഷണികളിലായ ഇന്ന് നൈതികവും കാരുണികവുമായ ബുദ്ധചിന്തയും ജനായത്ത പ്രാതിനിധ്യത്തേ ഊന്നുന്ന നവബുദ്ധയാനങ്ങളും ഏറെ നിർണായകമാകുന്നു.
ആദിബുദ്ധവാദമായ അശോകൻ തേരവാദം സി.ഇ രണ്ടാം നൂറ്റാണ്ടിനുശേഷം മഹായാനം എന്ന മായാനത്തിലൂടെയും ഏഴാം നൂറ്റാണ്ടിനുശേഷം വജ്രയാനം എന്ന താന്ത്രിക ധാരകളിലൂടെയും ഏറെ മാറിമറിഞ്ഞു. കേരളത്തിലെ പ്രാചീന ശാസ്താരാധനയും അയ്യപ്പൻ കോവിലുകളും ചവരിമാനുകളെന്ന മ്ലാവുകൾ മേഞ്ഞ ചവരിമല അഥവാ സവരിമല എന്ന ഇന്നത്തെ ശബരിമലയും ആര്യൻകാവും അച്ചൻകോവിലും കുളത്തൂപ്പുഴയും തിരുനെല്ലിയും കൊട്ടിയൂരും കുരവൈയൂരായിരുന്ന ഇന്നത്തെ ഗുരുവായൂരുമെല്ലാം പളനിയും തിരുപ്പതിയും പോലെ പ്രാചീന ബൗദ്ധ കേന്ദ്രങ്ങളായിരുന്നു. മലയാറ്റൂർ മലയും പൊതിയിൽ മലയും പോതിമേടും ബോധിമലനിരകളും ബോധിനായകനൂരും അൻപരശൻമുടിയും ചക്രമുടിയും ത്രിപാദമലയുമെല്ലാം തികച്ചും ബൗദ്ധമായ സഹ്യനിലെ മലമടക്കുകകളായിരുന്നു.
കുട്ടനാടെന്ന കുട്ടൻ്റെ അഥവാ ബാലബുദ്ധൻ്റെ നാട്ടിൽ കരുമാടിയും മാവേലിക്കരയും കായംകുളവും പോലെ നിരവധി പുരാവസ്തുക്കൾ ഇന്നും ശേഷിക്കുന്നത്. പാതി തകർക്കപ്പെട്ട ബുദ്ധശിൽപമാണ് കരുമാടിയിലേത്. ഇളംകുളവും പി.കെ ഗോപാലകൃഷ്ണനും പി.സി അലക്സാണ്ടറുമെല്ലാം എഴുതിയ പോലെ ശൈവവൈഷ്ണവ ഭക്തിലഹരിയിൽ എട്ടും പതിനഞ്ചും നൂറ്റാണ്ടുകൾക്കിടയിലാണ് ഇൗ മാറ്റങ്ങളുണ്ടായത്.
കേരളത്തിലും തമിളകത്തും ആവർത്തിക്കുന്ന ഊരുകുടിപ്പേരുകൾ പള്ളിയും ചേരിയും ചേർന്നവയാണ്. പള്ളി ചൈത്യവിഹാരവും ചേരി, ശേരി മഠം അഥവാ മൊണാസ്ട്രിയുമായിരുന്നു. കേരളത്തിൽ ജൈനരും ജൂതരും ക്രൈസ്തവരും മുസ്‌ലിംകളും എല്ലാം പള്ളിയെ തങ്ങളുടെ പുണ്യസ്ഥലമായി സ്വീകരിച്ചു. കേരളത്തെ കുറിച്ചുള്ള ആദ്യ ലിഖിത പരാമർശമായ അശോകരുടെ കേരപുത്തോ പോലെ അപനിർമിക്കാനാവാത്ത സൂചകമാണ് ഭാഷയിലേയും സ്ഥലനാമങ്ങളിലേയും പള്ളിപ്പേരുകൾ. തെന്നിന്ത്യയിലെ കനഗനഹള്ളി എന്ന കനകപ്പള്ളിയിലാണ് അശോകമൗര്യർ പള്ളികൊള്ളുന്നത്.
കേരള-തമിളകമണ്ണിലെങ്ങും പുത്തരുടെ ഊരുകളായ പുത്തൂരുകളുണ്ട്. മഹാമംഗള സ്തോത്രവും മംഗളാദേവിയായി കരുതുന്ന ബുദ്ധമാതാവായ മഹാമായയും അടയാളപ്പെടുത്തപ്പെടുന്ന നിരവധി മംഗലം ചേരുന്ന സ്ഥലനാമങ്ങളും തെന്നിന്ത്യയിലും കേരളത്തിലുമെമ്പാടും കാണാം. ചെങ്ങന്നൂരെന്ന ചങ്ങൻ അഥവാ സംഘക്കാരനായ പുത്തരുടെ ഊരിനടുത്ത് നിരവധി പ്രാചീന ബൗദ്ധവിഹാരങ്ങളുണ്ടായിരുന്നു. മംഗലമെന്ന വരട്ടാറിനു കരയിലുള്ള പ്രാചീന ബൗദ്ധ ഇടത്തിൽ ബുദ്ധൻ്റേയും ബോധിസ്വത്വരുടേയും മഹാമായയുടേയും ശിൽപങ്ങളുണ്ട്. ഇടപ്പള്ളി തേവർക്കാട് എന്നറിയപ്പെടുന്ന ഇവിടം നഗരസഭ സംരക്ഷിക്കേണ്ട ലോകപൈതൃകമാണ്.
പുരാവസ്തുവകുപ്പ് ഏറ്റെടുത്ത പെരുമ്പാവൂർ പോഞ്ഞാശേരി, ഇരിങ്ങാലക്കുട അയ്യൻചിറ ബോധിസത്വ ശിൽപങ്ങളും കോട്ടയം വെള്ളിലാപ്പള്ളി ബുദ്ധശിരസും ഇപ്പോഴും ഇരുട്ടറയിലാണ്. കൊയിലാണ്ടി മേലൂർ അമ്പലത്തിനു പടിഞ്ഞാറുള്ള കുളത്തിൽനിന്ന് പുരാവസ്തുവകുപ്പും കൂടി സഹകരിച്ച് വീണ്ടെടുത്തു കുളക്കരയിൽ വച്ചിരുന്ന പാത്തിക്കലപ്പൻ എന്നു വിളിച്ചുപോന്ന ക്ഷിതീഗർഭ ബോധിസത്വ ശിൽപം ക്ഷേത്രാധികാരികൾ എക്സ്കവേറ്ററുപയോഗിച്ചു നീക്കി പലകഷണങ്ങളായി ചിതറിച്ചിരിക്കുന്നു. അംഗഭംഗദോഷവും പ്രശ്നദോഷവുമാരോപിച്ച് പ്രാചീന ബൗദ്ധ പുരാവസ്തുക്കളെ ജലാശയങ്ങളിൽ തള്ളുന്ന കാര്യപരിപാടിയും കേരളത്തിൽ വ്യാപകമാണ്. എല്ലാ ബൗദ്ധ, ജൈന, ശ്രമണ പുരാവസ്തുക്കളേയും ചരിത്രയിടങ്ങളേയും ഹൈന്ദവവും ബ്രാഹ്മണികവുമാക്കി മാറ്റുന്ന അധീശ ജാതി ഹിന്ദുപൊതുബോധം കൂടുതൽ പ്രബലമായി വരുന്നു. കേരളത്തിലെ ബൗദ്ധസംഘങ്ങൾ ഇടപെട്ടാണ് 2017 ബുദ്ധപൂർണിമ മുതൽ ഇത്തരം കൈയേറ്റങ്ങളിൽനിന്ന് കുട്ടനെ മോചിപ്പിച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടിനൊടുവിൽ ഇതുപോലെ കൈയേറി ഹൈന്ദവമാക്കിയിരുന്ന ഗയയിലെ മഹാബോധി വിഹാരത്തെ നിയമനടപടികളിലൂടെ പാതി മോചിപ്പിച്ചത് അനഗാരിക ധർമപാല എന്ന ശ്രീലങ്കൻ ബുദ്ധഭിക്ഷുവാണ്. തമിഴകത്തേയും ഇന്ത്യയിലേയും ആദ്യ നവബുദ്ധവാദമായ പണ്ടിതർ അയ്യോതിതാസരുടെ പ്രസ്ഥാനത്തെ സാധ്യമാക്കിയതും 1890കളിൽ അനഗാരികയാണ്. 1910കളിലാണ് ഇന്ത്യയിലെ രണ്ടാമത്തെ ബൗദ്ധവാദമായ കേരളത്തിലെ ഗുരുശിഷ്യരായ സഹോദരനും മൂലൂരും മിതവാദിയും സി.വി കുഞ്ഞിരാമനും സാംസ്കാരികമായി നേതൃത്വം നൽകിയ പ്രസ്ഥാനമുണ്ടായത്. ആശാൻ്റെ ശ്രീബുദ്ധ ചരിതവും കരുണയും ചണ്ടാലഭിക്ഷുകിയും തികച്ചും ബൗദ്ധമായ കാവ്യങ്ങളാണ്. കേരള ഭാഷയിലെ ആദ്യ ബൗദ്ധകാണ്ഡം സഹോദരൻ്റെ 1934 ലെ പദ്യകൃതികളിലാണുള്ളത്. സഹോദരൻ 1917 ൽ തുടങ്ങിയ പത്രത്തിൻ അടയാളം ബുദ്ധിസത്തിൻ ആഗോള അടയാളമായ ആലിലയായിരുന്നു. പാലിയിൽ പട്ട എന്നുപറയുന്ന ആലിലയിൽ നിന്നാണ് പട്ടവും പട്ടക്കാരും പട്ടംകെട്ടലും പട്ടംകിട്ടലും പട്ടാമ്പിയുമെല്ലാം വരുന്നത്.
ശ്രീ ആമലകീ വിഹാരം അഥവാ തിരുനെല്ലിപ്പള്ളി എന്നറിയപ്പെടുന്ന പുൽപ്പള്ളിക്കും കൊട്ടിയൂരിനുമെല്ലാം മുകളിലുള്ള തിരുനെല്ലിയിലെ പഴയ ശിലാനിർമിതികൾ തകർക്കുന്ന പുതിയ നിർമാണങ്ങളും പുരാവസ്തുവകുപ്പിനെപ്പോലും വെല്ലുവിളിച്ചു നടക്കുന്നു. സ്വന്തം ചരിത്രത്തേയും പുരാവസ്തുക്കളേയും മായ്ക്കുകയും മറയ്ക്കുകയും തകർക്കുകയും ചെയ്യുന്ന ഇരുട്ടിലേക്കു കൂപ്പുകുത്തുകയാണ് മലയാളി കുലീന സംസ്കാരം.
മിതവാദിയും ഭിക്കുധർമസ്കന്ദനും കോഴിക്കോട്ടു കടപ്പുറത്തെ ബുദ്ധവിഹാരത്തിലേക്ക് 1930കളിൽ കൊണ്ടുവന്നു മഞ്ചേരി രാമയ്യരുമായി ചേർന്നു നട്ടുവളർത്തിയത് ഗയയിൽനിന്ന് ബി.സി.ഇ മൂന്നാം നൂറ്റാണ്ടിൽ അശോക മകളായ സംഘമിത്ത അനുരാധപുരത്തു കൊണ്ടുപോയി വച്ചുപിടിപ്പിച്ച അരയാലിൽ നിന്നാണ്. ബുദ്ധമതവും ജാതിവ്യവസ്ഥയും, ബുദ്ധനും നാണുഗുരുവും തുടങ്ങിയ പുസ്തകങ്ങളെഴുതിയ ഡോ. കെ. സുഗതൻ ഇന്നും കേരളത്തിൽ വളരുന്ന ഈ ബോധിമരത്തെ വിളിക്കുന്നത് ഗയയിലെ പോതിമുത്തശ്ശിയുടെ കൊച്ചുമകൾ എന്നാണ്.
പട്ടണത്തുനിന്നും തമിഴകത്തെ കീഴടിയിൽ നിന്നും ധർമലിപികളും ബൗദ്ധ പുരാവസ്തുക്കളും പുറത്തുവന്നുകഴിഞ്ഞു. എം.കെ സ്റ്റാലിൻ കീഴടിയെ തമിഴക സംഘനാഗരികതയുടെ ലോക മ്യൂസിയമാക്കി വിശ്വത്തിനു സമർപ്പിച്ചു. പുത്തപോതകർ പരത്തിയ ഭിക്ഷപാത്ര ശകലങ്ങൾ വടക്കോട്ടെടുക്കണമെന്ന യൂനിയൻ ഭരണകൂട തിട്ടൂരം കാറ്റിൽപ്പറത്തി. ഇതു കേരളവും മാതൃകയാക്കണം. മാറുമറയ്ക്കൽ പോരാട്ടവും വൈക്കം പോരാട്ടവും ഒന്നിച്ചോർമിച്ച പോലെ സംഘനാഗരികതയുടെ തിരുശേഷിപ്പുകളും നീതിബോധത്തോടെ ലോകത്തിനുമുന്നിൽ കാഴ്ചവയ്ക്കാനുള്ള ആർജവം കേരളം കാട്ടണം. പുതുതലമുറകളെങ്കിലും കേരള സംസ്കാരാധാരമായ അശോക, ബുദ്ധ സംസ്കാര ചരിത്രങ്ങൾ പഠിക്കണം. ഗുരുവും മൂലൂരും കറുപ്പനും സഹോദരനും ആശാനുമെഴുതിയ തികഞ്ഞ ജാതിവിരുദ്ധ ബൗദ്ധരചനകൾ വായിച്ചുവളരണം. അല്ലാതെ നവദേശീയ വിദ്യാഭ്യാസനയത്തിനു കുടപിടിച്ച് ഹൈന്ദവ ബ്രാഹ്മണിക അധീശസംസ്കാരവും വരേണ്യഭാഷയും വൈദിക വേദാന്തഭക്തി സാഹിത്യവും ആവർത്തിച്ച് തെന്നിന്ത്യയെ മുടിക്കാനും പി.ജി വെയ്റ്റേജ് അടക്കം ഇല്ലാതാക്കി പുതുതലമുറയുടെ ഭാവിപോലും ഇല്ലാതാക്കാനുമുള്ള ദേവസ്വം ബോർഡിലെ സവർണ സാമ്പത്തിക സംവരണം പോലുള്ള, ഷാ-മോദിമാരെ മറികടക്കുന്ന അമിത പ്രാതിനിധ്യ കുത്തക പെരുക്കുന്ന ഭരണഘടനാ അട്ടിമറികളും പ്രാതിനിധ്യ ധ്വംസനങ്ങളുമല്ല അരങ്ങേറേണ്ടത്. സഹോദരനെഴുതിയപോലെ വൈശാഖത്തിൻ പൂമ്പിറ മാറ്റത്തിനും സങ്കടമോചനത്തിനും ഇടയാവട്ടെ, തിരുക്കുറൽ കേരളമൊഴിയിലാക്കിയ ഗുരു പാടിയപോലെ സുഖമായി വാഴാനിടവരട്ടെ. ബുദ്ധവചനം പോലെ സൂര്യചന്ദ്രൻമാരേയും സത്യത്തേയും ഏറെക്കാലം മൂടിവയ്ക്കാനാവില്ലല്ലോ.
(കാലടി സർവകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും സെൻ്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് കോഡിനേറ്ററുമാണ്
ലേഖകൻ)
Vaishakapournami is a crucial day in the life of Buddha
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."