മാധ്യമസ്വാതന്ത്ര്യത്തിൽനിന്ന് ഇറങ്ങിപ്പോകുന്ന ഇന്ത്യ
India moving away from press freedom
പാരിസ് ആസ്ഥാനമായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് തയാറാക്കിയ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 161ാം സ്ഥാനത്തെത്തിയിരിക്കുന്നു. കഴിഞ്ഞ വർഷമുണ്ടായിരുന്ന 150ാം സ്ഥാനത്തുനിന്നാണ് വൻവീഴ്ച. താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാൻ പോലും മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യയേക്കാൾ മുന്നിലാണ്. 152ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാനുള്ളത്. ഏഷ്യയിൽ മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യ ഏറ്റവും പിന്നിലാണ് ഇന്ത്യ. പാകിസ്താൻ 150ാം സ്ഥാനത്തും ഭൂട്ടാൻ 90ാം സ്ഥാനത്തും ശ്രീലങ്ക 135ാം സ്ഥാനത്തുമാണ്. മാധ്യമപ്രവർത്തകരുടെ അവസ്ഥ അതിദയനീയമെന്ന് വിലയിരുത്തുന്ന 31 രാഷ്ട്രങ്ങളുടെ പട്ടികയിലും ഇന്ത്യയുണ്ട്. 2014ൽ മോദി സർക്കാർ അധികാരമേറ്റശേഷം ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുരവസ്ഥയിലാണ്. 2016ൽ 133ാം സ്ഥാനത്തായിരുന്നത് 2017ൽ 136 ആയി. തുടർവർഷങ്ങളിൽ യഥാക്രമം 138, 140, 142 എന്നിങ്ങനെയായി. 2021ലും 142ാം സ്ഥാനത്തായിരുന്നു.
2014 മുതൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ഭരിക്കുന്ന ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം പ്രതിസന്ധിയിലാണെന്നും മാധ്യമപ്രവർത്തകർക്കുനേരെ കൂടിവരുന്ന ആക്രമണം, മാധ്യമങ്ങൾക്കിടയിലെ രാഷ്ട്രീയ ഭിന്നതകൾ, മാധ്യമ ഉടമസ്ഥതയുടെ കേന്ദ്രീകരണം തുടങ്ങിയവയെല്ലാം ഇക്കാലയളവിൽ ഇന്ത്യൻ മാധ്യമങ്ങളെ ശോചനീയ അവസ്ഥയിലാക്കിയെന്നും റിപ്പോർട്ട് പറയുന്നു. മോദി സർക്കാരും കോർപറേറ്റുകളും തമ്മിലുള്ള പരസ്പര സഹായ ധാരണ മാധ്യമമേഖലയെ അപകടത്തിലാക്കിയെന്ന് റിപ്പോർട്ടിലുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് രാജ്യത്തെ 70 മാധ്യമ സ്ഥാപനങ്ങൾ സ്വന്തമാക്കി. മോദിയുടെ മറ്റൊരു സുഹൃത്തായ ഗൗതം അദാനി എൻ.ഡി.ടി.വി കൈവശപ്പെടുത്തിയെന്നും റിപ്പോർട്ട് പറയുന്നുണ്ട്. മാധ്യമപ്രവർത്തകരുടെ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ 172ാം സ്ഥാനത്താണ്. ഇന്ത്യയുടെ പിന്നിൽ ചൈന, മെക്‌സിക്കോ, ഇറാൻ, പാകിസ്താൻ, സിറിയ, യമൻ, ഉക്രൈൻ, മ്യാന്മർ എന്നീ രാജ്യങ്ങൾ മാത്രമേയുള്ളൂ.
മോദി സർക്കാരിന്റെ സങ്കൽപ്പത്തിൽ രാജ്യത്ത് സ്വതന്ത്ര മാധ്യമങ്ങൾ അനാവശ്യമാണ്. മോദിക്ക് പറയാനുള്ളത് പറയാൻ മൻകിബാത്തുണ്ട്. സർക്കാരിന് കാര്യങ്ങൾ അറിയിക്കാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുണ്ട്. അതിനപ്പുറത്തേക്ക് സ്വതന്ത്ര മാധ്യമപ്രവർത്തനം രാജ്യത്ത് ബാധ്യതയാണെന്നാണ് സർക്കാർ കരുതുന്നത്. വർഷങ്ങൾക്ക് മുമ്പ് ടെലിവിഷൻ ചാനലിലെ അഭിമുഖത്തിൽ പത്രപ്രവർത്തകൻ കരൺ ഥാപ്പറിന്റെ ചോദ്യങ്ങൾക്കു മുന്നിൽനിന്ന് ഇറങ്ങിപ്പോയ മോദിയെ ഓർക്കുക. ഗുജറാത്ത് കൂട്ടക്കൊലയിൽ ഖേദിക്കുന്നുണ്ടോ എന്ന ചോദ്യം നേരിടാൻ മോദിക്ക് കഴിഞ്ഞില്ല. പിന്നീടൊരിക്കലും മാധ്യമങ്ങളെ നേരിടാൻ മോദി ധൈര്യം കാട്ടിയിട്ടില്ല. നേരിട്ടവയാകട്ടെ സ്വന്തക്കാരായ ചിലരെ മാത്രമായിരുന്നു. സർക്കാരിന് ചോദ്യം ചെയ്യലുകളില്ലാത്ത മാധ്യമങ്ങളെയേ വേണ്ടൂ. ഭരണമെന്നാൽ സർക്കാർ മാത്രം പറയുകയും മറ്റുള്ളവർ കേൾക്കുകയും ചെയ്യുന്ന മൻകി ബാത്താണെന്ന് കേന്ദ്രസർക്കാർ കരുതുന്നത്.
സ്വതന്ത്ര മാധ്യമങ്ങൾ മോദി സർക്കാരിന്റെ പേടിയിലൊന്നാണ്. പേടി മനുഷ്യരെയും സ്ഥാപനങ്ങളെയും ഭരണകൂടങ്ങളെയും വകതിരിവില്ലാത്തവരാക്കും. ലോകം മുഴുവൻ തങ്ങൾക്കെതിരേ ഗൂഢാലോചന നടത്തുകയാണെന്ന് തോന്നും. മിഗ്വേൽ സെർവാന്റെസിന്റെ ഡോൺ ക്വിക്‌സോട്ടിനെപ്പോലെ കാറ്റാടിയന്ത്രങ്ങൾ തങ്ങളെ ആക്രമിക്കാൻ നിൽക്കുന്ന ശത്രുസൈന്യമാണെന്ന ചിന്തയുണ്ടാവും. ഇതേ പേടിയാണ് മോദി സർക്കാരിനെ മാധ്യമങ്ങൾക്കെതിരേ തിരിയാൻ പ്രേരിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന പ്രസ് ഇൻഫർമേഷൻ ബ്യൂറോക്ക് വ്യാജവാർത്തകൾ എടുത്തുമാറ്റാൻ അധികാരം നൽകുന്ന ഭേദഗതി ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഐ.ടി നിയമത്തിൽ നിർദേശിക്കപ്പെട്ടത്. ഇനി മുതൽ വ്യാജവാർത്തയാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ആരോപിക്കുന്ന ഒരു വാർത്തയും പ്രസിദ്ധീകരിക്കാൻ ആവില്ലെന്നർഥം. സർക്കാരിന്റെ ഭാഗമായ പ്രസ് ഇൻഫർമേഷൻ ബ്യൂറോക്ക് സർക്കാരിനെതിരേയുള്ള ഏതു വാർത്തയും വ്യാജവാർത്തയാക്കാനാവും.
ഗുജറാത്ത് വംശഹത്യയിൽ മോദിയുടെ പങ്ക് വെളിവാക്കുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന്റെ പേരിൽ ബി.ബി.സിയും രാജ്യത്ത് വേട്ടയാടപ്പെടുകയാണ്. ബി.ബി.സിയുടെ ഓഫിസുകളിൽ റെയ്ഡ് നടന്നു. ഇതിന് പിന്നാലെ ഇ.ഡി കേസെടുത്തു. ലോകത്തിലെ തന്നെ ഏറ്റവും വിശ്വാസ്യതയുള്ള മാധ്യമങ്ങളിലൊന്നാണ് ബി.ബി.സി. കഴിഞ്ഞ നൂറു കൊല്ലമായി ബി.ബി.സി ലോകജനതയുടെ മുന്നിലുണ്ട്.
രാജ്യത്ത് സ്വതന്ത്ര മാധ്യമപ്രവർത്തനം ഇല്ലാതാവുന്നുവെന്നതാണ് മാധ്യമസ്വാതന്ത്ര്യ സൂചികയിലെ സൂചനകൾ. ഭരണകൂടങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രമേ എഴുതാനും കാണിക്കാനും പാടുള്ളുവെന്ന് വന്നാൽ പിന്നെ ആ സംവിധാനത്തെ ജനാധിപത്യമെന്നു വിളിക്കാനാവില്ല. മാധ്യമങ്ങൾ കണ്ണാടികളാണ്. കണ്ണാടിയിൽ കാണുന്നത് ഇഷ്ടമാവുന്നില്ലെങ്കിൽ കണ്ണാടി തല്ലിപ്പൊട്ടിക്കുകയല്ല, ആത്മപരിശോധന നടത്തുകയാണ് വേണ്ടത്. സ്വതന്ത്ര സത്യാന്വേഷണത്തിനു മേലുള്ള കുരുക്കു മുറുകിക്കൊണ്ടിരിക്കെ, ഇന്ത്യൻ ജനാധിപത്യത്തിന്റെ അതിജീവനത്തിൽ താൽപര്യമുള്ളവരെല്ലാം ശബ്ദമുയർത്തേണ്ട സമയമായിരിക്കുന്നു. മാധ്യമസ്വാതന്ത്ര്യം രാജ്യത്ത് നിലനിൽക്കേണ്ടത് മാധ്യമപ്രവർത്തകരുടെ മാത്രം ആവശ്യമല്ല. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനു നേർക്കുള്ള ഏതൊരാക്രമണത്തിന്റെയും അടുത്ത ഇരകൾ എല്ലാ ഇന്ത്യക്കാരുമാണെന്ന് മനസ്സിലാക്കണം.
ആളുകൾക്ക് കേൾക്കാൻ ആഗ്രഹിക്കാത്തത് പറയാനുള്ള അവകാശമാണ് സ്വാതന്ത്ര്യമെന്നാണ് ജോർജ് ഓർവെൽ പറഞ്ഞത്. സ്വതന്ത്ര മാധ്യമങ്ങൾ ഇല്ലാതാവുമ്പോൾ മരിക്കുന്നത് നാം പൊരുതി നേടിയ സ്വാതന്ത്ര്യം കൂടിയാണ്.
India moving away from press freedom
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."