വെള്ളാപ്പള്ളിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; വി.എസ് അനുഭാവികളില്‍ കടുത്ത അമര്‍ഷം
കൊല്ലം: വെള്ളാപ്പള്ളിയുമായി അടച്ചിട്ട മുറിയില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയശേഷം എസ്.എന്‍.ഡി.പിയോഗത്തിന്റെ പോക്കിനെതിരെ വെള്ളാപ്പള്ളിയെ വേദിയിലിരുത്തി വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായിയുടെ നടപടി വി.എസ് അനുഭാവികളില്‍ അമര്‍ഷത്തിനു കാരണമാകുന്നു. പുനലൂര്‍ എസ്.എന്‍ കോളജിന്റെ സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തത് ഇക്കഴിഞ്ഞ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. എസ്.എന്‍ ട്രസ്റ്റിന്റെ നിയമനങ്ങളില്‍ വാങ്ങുന്ന തലവരിപ്പണത്തിനെതിരേ വേദിയില്‍ മുഖ്യമന്ത്രി രൂക്ഷമായായിരുന്നു വിമര്‍ശിച്ചത്.
എന്നാല്‍ ഉദ്ഘാടനത്തിനു മുന്‍പ് പൊലിസിനെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഒഴിവാക്കിയാണ് വെള്ളാപ്പള്ളിയുമായി അടച്ചിട്ടമുറിയില്‍ പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയത്. 20 മിനിട്ടോളം ഇവര്‍ തമ്മില്‍ സംസാരിച്ചു. ഔദ്യോഗിക വാഹനം ഒഴിവാക്കിയാണ് ടി.ബിയിലെത്തിയത്. പുനലൂര്‍ എസ്.എന്‍ കോളജിന്റെ ചടങ്ങില്‍ അധ്യക്ഷനായ വെള്ളാപ്പള്ളിയുടെ പേര് പോലും പരാമര്‍ശിക്കാനും മുഖ്യമന്ത്രി തയാറായിരുന്നില്ല. യോഗത്തില്‍ ഒരിക്കല്‍ പോലും അദ്ദേഹവുമായി സംസാരിക്കാനും മുഖ്യമന്ത്രി ശ്രമിച്ചിരുന്നില്ല. വെള്ളാപ്പള്ളി പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ പിണറായി വിജയന്‍ വേദി വിടുകയും ചെയ്തിരുന്നു. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി രഹസ്യകൂടിക്കാഴ്ച നടത്തിയതിന് എസ്.എന്‍ഡി.പി നേതാക്കളും സാക്ഷിയാണ്.
മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ 31 കേസുകളില്‍ പ്രതിയാണ് വെള്ളാപ്പള്ളി. എന്നാല്‍ ബി.ഡി.ജെ.എസ് രൂപീകരിച്ചു എന്‍.ഡി.എയുമായി സഹകരിച്ച വെള്ളാപ്പള്ളിക്കെതിരേ മുന്‍ മുഖ്യന്ത്രി വി.എസ്. അച്യുതാനന്ദന്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചതോടെയാണ് വെള്ളാപ്പള്ളി വി.എസിനെതിരേ തിരിയാന്‍ കാരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വി.എസിനെ തോല്‍പ്പിക്കാന്‍ ഒളിഞ്ഞുംതെളിഞ്ഞും വെള്ളാപ്പള്ളി ശ്രമിക്കുകയും ചെയ്തു. വി.എസിനെ ഒറ്റപ്പെടുത്തി വെള്ളാപ്പള്ളിയുമായി അടുക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം വി.എസ് അനുകൂലികള്‍ സംശയത്തോടെയാണ് കാണുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസിനു വ്യക്തമായ സ്വാധീനമുള്ള തിരുവിതാംകൂറിലുണ്ടായ ശക്തമായ ഇടതുമുന്നേറ്റത്തിനു പിന്നില്‍ വി.എസ് അനുഭാവികളുടെ കൈമെയ് മറന്ന പ്രവര്‍ത്തനമായിരുന്നു. എന്നാല്‍ ശാശ്വതീകാനന്ദയുടെ മരണം ഉള്‍പ്പെടെയുള്ള കേസുകളിലെ അറസ്റ്റില്‍ നിന്നും രക്ഷപെടാനുള്ള വെള്ളാപ്പള്ളിയുടെ നീക്കമായാണ് പിണറായിയുമായുള്ള ചര്‍ച്ചയെ വി.എസ് അനുഭാവികള്‍ കാണുന്നത്. പിണറായിയുമായി അടുത്താലും വെള്ളാപ്പള്ളിക്കെതിരേയുള്ള നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് വി.എസിന്റെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."