HOME
DETAILS

അഗ്നിപഥിൽ പുകയുന്ന ആശങ്കകൾ

  
backup
June 18 2022 | 03:06 AM

concerns-about-editorial


സായുധസേനയിലെ നാലു വർഷത്തെ കരാർനിയമന പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധത്തിന്റെ തീച്ചൂടിലാണ് രാജ്യം. ബിഹാറിലും യു.പിയിലും രാജസ്ഥാനിലുമെല്ലാം ഉദ്യോഗാർഥികൾ തെരുവിലിറങ്ങിയിരിക്കുന്നു. പദ്ധതിയെ എതിർത്ത് മുൻ സൈനികരും രംഗത്തുണ്ട്. പ്രതിപക്ഷ പാർട്ടികളും പദ്ധതിക്കെതിരാണ്. രാജ്യത്തെ യുവാക്കളെ നാലു വർഷത്തേക്ക് സൈന്യത്തിലെടുക്കുന്നതാണ് പദ്ധതി. ഓരോ വർഷവും 40,000 മുതൽ 50,000 വരെ യുവാക്കളെ നാലു വർഷത്തേക്ക് സൈന്യത്തിലെടുക്കും. ഇത്തരത്തിൽ ചേരുന്ന യുവാക്കൾ അഗ്നിവീരൻമാരെന്ന പേരിലറിയപ്പെടും. 17.5 മുതൽ 21 വരെ പ്രായമുള്ളവർക്കാണ് അഗ്നിപഥിൽ ചേരാനവസരം. പ്രതിഷേധത്തെത്തുടർന്ന് പ്രായപരിധി 23 ആക്കിയതായി സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധമടങ്ങിയിട്ടില്ലെന്ന് മാത്രമല്ല വർധിക്കുകയുമാണ്. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ നീക്കാനും പദ്ധതി പുതിയ അവസരങ്ങൾ കൊണ്ടുവരുമെന്ന് സ്ഥാപിക്കാനുമുള്ള കഠിനശ്രമത്തിലാണ് കേന്ദ്ര സർക്കാർ. എന്നാൽ ഈ നീക്കൾക്കൊക്കെയും എതിരായി കൂടുതൽ കേന്ദ്രങ്ങളിൽ നിന്ന് പലതരത്തിലുള്ള എതിർപ്പുകൾ ഉയരുന്നുണ്ട്.


സർക്കാർ ഇന്ത്യൻ സൈന്യത്തിൽ കരാർനിയമനം നടത്തുന്നുവെന്നതാണ് ഇതിലൊന്ന്. നാലു വർഷത്തെ താൽക്കാലിക നിയമനം കഴിഞ്ഞാൽ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെ പിരിഞ്ഞുപോകേണ്ടി വരുന്നതിലെ അരക്ഷിതാവസ്ഥയാണ് മറ്റൊന്ന്. തങ്ങളുടെ കേഡറുകൾക്ക് സർക്കാർ ചെലവിൽ സൈനികപരിശീലനം നൽകാനുള്ള സംഘ്പരിവാർ പദ്ധതിയായി ഇതിനെ കാണുന്നവരുണ്ട്. ആർ.എസ്.എസിന് സൈന്യത്തിനുള്ളിൽ സ്വന്തം ദളം വാർത്തെടുക്കുന്നതിനുള്ള അവസരമൊരുക്കലാണിതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.


2020 മുതൽ സൈന്യത്തിൽ റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല. ഇന്ത്യൻ സൈന്യത്തിൽ 1.27 ലക്ഷം ഒഴിവുകൾ നികത്താനുണ്ടെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. അതായത്, സൈന്യത്തിൽ ആളുകളുടെ കുറവുണ്ട്. എന്നാൽ സർക്കാരിന് ഇത് കുറഞ്ഞ ചെലവിൽ നികത്തണം. വർഷങ്ങളായി ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചു, പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന യുവാക്കളെ അപഹസിക്കുന്നതാണ് പദ്ധതിയെന്ന് എം.പിമാരടക്കം നിരവധി പേർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


അഗ്നിവീർ ആകാൻ 17.5 നും 23 നും ഇടയിൽ പ്രായമുണ്ടായിരിക്കണമെന്നാണ്. ഈ പരിധി നോക്കുമ്പോൾ ഇപ്പോൾ കാത്തിരിക്കുന്ന പലരും അതിനുള്ള പ്രായം കഴിഞ്ഞവരാണ്. സായുധസേനയുടെ ശമ്പളവും പെൻഷനും വെട്ടിക്കുറക്കുക എന്നതാണ് പദ്ധതിയുടെ കാതലായ, എന്നാൽ സർക്കാർ പുറത്തുപറയാത്ത ലക്ഷ്യങ്ങളിലൊന്ന്. നാലുവർഷം സേവനം നടത്തിയാലും പെൻഷൻ ഇല്ല. സൈനികനും അവന്റെ കുടുംബത്തിനും ആജീവനാന്ത ആരോഗ്യപരിരക്ഷാ ആനുകൂല്യങ്ങളൊന്നുമില്ല. ഇതുവരെ, ഒരു സൈനികന് ഏകദേശം 17 വർഷത്തേക്ക് ജോലി സുരക്ഷിതത്വമുണ്ടായിരുന്നു. അതിനുശേഷം പെൻഷനും തനിക്കും കുടുംബത്തിനും സബ്‌സിഡിയുള്ള ആരോഗ്യപരിരക്ഷയും ലഭ്യമായിരുന്നു. ഒരു സൈനികൻ യുദ്ധത്തിൽ മരിച്ചാൽ, അവന്റെ കുടുംബത്തിന് ആനുകൂല്യങ്ങൾ തുടർന്നു ലഭിക്കും. അഗ്നിപഥിലുള്ളവർക്ക് ഈ ആനുകൂല്യങ്ങളില്ല.


അഗ്നിപഥ് പദ്ധതിയിൽ നാലുവർഷ കാലാവധിയിൽ സൈനികന് ശമ്പളം ലഭിക്കും. സേവനത്തിന്റെ അവസാനം 11.7 ലക്ഷം രൂപയും ലഭിക്കും. അത് നികുതിരഹിതമായിരിക്കും. സർവിസിലിരിക്കെ സൈനികൻ മരിച്ചാൽ കുടുംബത്തിന് ഇൻഷുറൻസ്, ആനുകൂല്യം, ബാക്കി ശമ്പളം എന്നിവ ഉൾപ്പെടെ ഒരു കോടി രൂപ ലഭിക്കും. എന്നാൽ ഇത് ഒറ്റത്തവണ മാത്രമാകും. സൈനികർക്കുള്ള യഥാർഥ ആനുകൂല്യങ്ങൾ നാലുവർഷ കാലയളവിന് ശേഷം സായുധസേനയുടെ ഭാഗമാകുന്നവർക്കു മാത്രമായിരിക്കും. മികവു തെളിയിക്കുന്ന 25 ശതമാനം പേർക്ക് മാത്രമാണ് സ്ഥിരനിയമനം. പിരിഞ്ഞുപോകുന്ന സൈനികരെ സർക്കാർ മേഖലയിലല്ല, സ്വകാര്യമേഖലയിൽ പുനരധിവസിപ്പിക്കാൻ സഹായം നൽകാമെന്നാണ് വാഗ്ദാനം. ബാങ്ക് വായ്പ, സ്വകാര്യമേഖലയിൽ പുതിയ അവസരങ്ങൾ തുറക്കുക, ഒരു സാമ്പത്തിക പാക്കേജിന്റെ സഹായത്തോടെ യുവാക്കളെ സംരംഭകരാകാൻ സഹായിക്കുക തുടങ്ങിയ സുരക്ഷ ഉറപ്പില്ലാത്ത വാഗ്ദാനങ്ങളാണ് കേന്ദ്രം നൽകുന്നത്.


നാലുവർഷത്തേക്ക് കരാർ സൈനികരെ നിയമിച്ചതുകൊണ്ട് പ്രൊഫഷണൽ സായുധസേനയെ പരുവപ്പെടുത്താൻ കഴിയില്ലെന്ന് മുതിർന്ന സൈനികർ ചൂണ്ടിക്കാട്ടുന്നു. അത് രാജ്യസുരക്ഷയെത്തന്നെ അപകടത്തിലാക്കും. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുമാകുന്നതാണ് തീരുമാനമെന്നും ഇന്ത്യൻ സേനയുടെ പോരാട്ടവീര്യത്തെ ലഘൂകരിക്കുന്നത് സുരക്ഷയെ ബാധിക്കുമെന്നും പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനെല്ലാമപ്പുറത്താണ് അപക്വമായ സൈനികപരിശീലനം ലഭിച്ചെത്തിയ ഒരു കൂട്ടം രാജ്യത്തുണ്ടാക്കാൻ സാധ്യതയുള്ള പ്രശ്‌നങ്ങൾ. ഇന്ത്യയുടെ ജനാധിപത്യക്രമം അട്ടിമറിക്കാൻ ശ്രമിക്കുന്ന സംഘ്പരിവാറിന് ഈ പദ്ധതിയിലൂടെ വലിയ ലക്ഷ്യങ്ങളുണ്ടെന്നത് വ്യക്തമാണ്. ഇന്ത്യൻ സൈന്യം ഒരുകാലത്തും രാജ്യത്തെ രാഷ്ട്രീയത്തിലിടപെട്ടിട്ടില്ല. അതു സാധ്യമാകാത്ത വിധം ഒരു പ്രൊഫഷണൽ സംവിധാനം അതിനുണ്ടായിരുന്നു.


ബിപിൻ റാവത്തിനെയോ വി.കെ സിങ്ങിനെയോ പോലുള്ള ഒറ്റപ്പെട്ട ചിലർ രാഷ്ട്രീയത്തിൽ ചേരുകയും രാഷ്ട്രീയാഭിപ്രായങ്ങൾ പറയുകയും ചെയ്തത് അവഗണിച്ചാൽ സൈന്യവും സൈനികനേതൃത്വവും എല്ലാകാലത്തും മതേതര നിലപാട് പുലർത്തിയവരാണ്. ആർ.എസ്.എസ് ആകട്ടെ സൈന്യത്തിനുള്ളിൽ നുഴഞ്ഞുകയറാൻ കാലങ്ങളായി ശ്രമിക്കുന്നു. മലേഗാവ് അടക്കമുള്ള സ്‌ഫോടനങ്ങളിൽ സംഘ്പരിവാർ ബന്ധമുള്ള സൈനിക ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തുവന്നതാണ്. യുവ ആർ.എസ്.എസുകാരെ പിൻവാതിലിലൂടെ ഒരു സൈനികദളമായി സംഘടിപ്പിക്കുവാനും അതിന് സർക്കാർ ഖജനാവിലുള്ള പണം ഉപയോഗിക്കാനുമുള്ള കുറുക്കുവഴിയായി ഈ പദ്ധതിയെ ഉപയോഗിക്കാൻ ആർ.എസ്.എസ്സിന് കഴിയും. ആഭ്യന്തരസംഘർഷത്തിലേക്ക് രാജ്യത്തെ നയിക്കാൻ ശേഷിയുള്ള സംഘമായി ഇവർ മാറുന്നത് ജനാധിപത്യ മതേതര സംവിധാനത്തിന് ഒട്ടും ഗുണം ചെയ്യില്ലെന്നു മാത്രമല്ല, അപകടകരമായ ഒട്ടേറെ ദുഷ്പ്രവണതകളിലേക്ക് അത് വഴി തുറക്കുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  11 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  11 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  11 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  11 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  11 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  11 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  11 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  11 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago