ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നീണ്ട താടി അപമാനമെന്ന് സി.പി.എം; മൂവാറ്റുപുഴ നഗരസഭയില്‍ കയ്യാങ്കളി
കൊച്ചി: ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ താടിയെചൊല്ലി മൂവാറ്റുപുഴയില്‍ വിവാദം. നഗരസഭാ കൗണ്‍സിലില്‍ കയ്യാങ്കളിയുമുണ്ടായി. ഹെല്‍ത്ത് ഇന്‍സ്പെക്ടറായ അഷ്റഫ് താടി നീട്ടി വളര്‍ത്തിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷമായ സി.പി.എമ്മാണ് രംഗത്തെത്തിയത്. ഹെല്‍ത്ത് ഇന്‍സ്പെക്ടറായ അഷ്റഫ് യൂണിഫോം ധരിച്ച് നീണ്ട താടിയുമായി നില്ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 'താലിബാന് താടിവെച്ച കേരള പൊലിസ്' എന്ന ക്യാപ്ഷനോടെ വ്യാജ പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപെടുകയുണ്ടായി. താടിയെ ചൊല്ലി വിദ്വേഷ പ്രചാരണങ്ങളുമുണ്ടായി.
ഉദ്യോഗസ്ഥന് താടി നീട്ടി വളര്‍ത്തുന്നത് നിയമപ്രകാരം തെറ്റല്ലെങ്കില്‍ എന്തിനാണ് അഷ്റഫിനെ അധിക്ഷേപിക്കുന്നതെന്ന ചോദ്യങ്ങളും ഉയര്‍ന്നു.
തുടര്‍ന്ന് സി.പി.എം കൗണ്‍സിലറായ ജാഫര്‍ സാദിഖ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഷ്റഫ് താടി നീട്ടി വളര്‍ത്തിയത് അപമാനമാണെന്ന് അഭിപ്രായപ്പെട്ടു. താടി നീട്ടി വളര്‍ത്തി നടക്കുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരും ആവശ്യമുയര്‍ത്തിയതോടെ ഇതിനെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതോടെയാണ് വാക്കു തര്‍ക്കവും കയ്യാങ്കളിയുമായത്.
മൂവാറ്റുപുഴയില്‍ ആരോഗ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തപ്പോള്‍ കാക്കിയണിഞ്ഞ് താടി നീട്ടിയ ഉദ്യോഗസ്ഥന്റെ ദൃശ്യം വന്നതോടെയാണ് അഷ്റഫിന്റെ താടി ചര്‍ച്ചയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."