അഗ്നിപഥില്‍ അനുനയ നീക്കം; സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സംവരണവാഗ്ദാനവുമായി കേന്ദ്രം
ന്യുഡല്‍ഹി: അഗ്നിപഥിനെതിരായ പ്രതിഷേധം ആളിപ്പടരുന്നതിനിടെ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങാതെ പ്രതിഷേധക്കാരെ തണുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. അഗ്‌നിവീര്‍ പദ്ധതി വഴി സൈനിക സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അര്‍ധസൈനിക വിഭാഗങ്ങളില്‍ സംവരണം നല്‍കാനാണ് കേന്ദ്ര പദ്ധതി. പത്തു ശതമാനം ഒഴിവുകള്‍ അഗ്നിവീറുകള്‍ക്ക് മാറ്റിവയ്ക്കാനാണ് തീരുമാനം. അസം റൈഫിള്‍സിലും സംവരണം നല്‍കും. നിയമനത്തിനുള്ള പ്രായപരിധിയില്‍ മൂന്നു വര്‍ഷം ഇളവ് നല്‍കാനും തീരുമാനമുണ്ട്. ഇതോടൊപ്പം ഈ വര്‍ഷം അഗ്നിപഥ് വഴി സേനയില്‍ ചേരുന്നവര്‍ക്ക് അഞ്ച് വയസ്സിന്റെ ഇളവും ലഭിക്കും.
പ്രതിഷേധം പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുതന്നെ പോകുകയാണ്. സായുധ സേനകള്‍ക്ക് അഗ്നിപഥ് പദ്ധതിയുടെ റിക്രൂട്ട്മെന്റുമായി മുന്നോട്ടു പോകാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. വ്യോമസേനാ നടപടികള്‍ വെള്ളിയാഴ്ച തുടങ്ങും. കരസേന തിങ്കളാഴ്ച നടപടികള്‍ ആരംഭിക്കും. റിക്രൂട്ട് ചെയ്യുന്നവരുടെ സംഖ്യ ഉയര്‍ത്തുന്നതും കേന്ദ്രം ആലോചിക്കുന്നുണ്ട്.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. അതേ സമയം പ്രതിഷേധം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ്. കേരളത്തിലും തമിഴ്നാട്ടിലും പ്രതിഷേധം കനത്തു. പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനു പിന്തിരിയേണ്ടിവരുമെന്ന് രാഹുല്‍ഗാന്ധി പ്രതികരിച്ചു. രാജ്യ സുരക്ഷയെ ബാധിക്കുന്നതിനാല്‍ പദ്ധതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
ഇന്നലെ മാത്രം 94 എക്സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചര്‍ ട്രയിനുകളുമാണ് സംഘര്‍ഷത്തെ തുടര്‍ന്ന് റദ്ദാക്കിയത്. 340 ട്രയിന്‍ സര്‍വിസുകളെ പ്രതിഷേധം ബാധിച്ചെന്ന് ഇന്ത്യന്‍ റെയില്‍ വേ അറിയിച്ചു. ബീഹാറില്‍ ഇതുവരെ 507 പേര്‍ അറസ്റ്റിലായെന്ന് പൊലിസ് പറഞ്ഞു. ഏഴുപതിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പാറ്റ്ന ഉള്‍പ്പെടെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സുരക്ഷ കൂട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."