സച്ചിനിൽനിന്ന് പി.ടി ഉഷയിലേക്കുള്ള ദൂരം
Dr . അരുൺ കരിപ്പാൽ
Distance from Sachin to PT Usha
കായികമേഖലയിൽ നിസ്തുല സംഭാവനകൾ നൽക്കുകയും ഇന്ത്യയുടെ കീർത്തി ലോകം മുഴുവൻ വ്യാപിപ്പിക്കുകയും ചെയ്ത പ്രമുഖ വ്യക്തിത്വങ്ങളാണ് സച്ചിൻ തെണ്ടുൽക്കറും പി.ടി ഉഷയും. അസാധ്യ മികവുകൊണ്ട് ക്രിക്കറ്റ് പ്രേമികൾ സച്ചിൻ ടെണ്ടുൽക്കറെ 'മാസ്റ്റർ ബ്ലാസ്റ്റർ' എന്നും കായികലോകം പി.ടി ഉഷയെ 'പയ്യോളി എക്സ്പ്രസ്' എന്നും വിശേഷിപ്പിച്ചു. കായികമേഖലയ്ക്കു നൽകിയ സംഭാവനകൾ മാനിച്ച് രണ്ടുപേരെയും രാഷ്ട്രപതി വിവിധ കാലങ്ങളിൽ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത് പാർലമെന്റ് അംഗങ്ങളാക്കി.
2012ൽ ആണ് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി പ്രതിഭാ പാട്ടിൽ സച്ചിൻ ടെണ്ടുൽക്കറെ രാജ്യസഭയിലേക്ക് നാമ നിർദേശം ചെയ്യുന്നത്. 2012 മുതൽ 2018 വരെയാണ് സച്ചിൻ തെണ്ടുൽക്കർ പാർലമെന്റംഗമായി പ്രവർത്തിച്ചത്. ഈ മാതൃകപരാമായ ആദരത്തിന്റെ തുടർച്ചയായാണ് നരേന്ദ്ര മോദി സർക്കാരിന്റെ കാലത്തെ മേരികോമിന്റെയും പി.ടി ഉഷയുടെ രാജ്യസഭയിലേക്കുള്ള നാമനിർദേശത്തെയും കണേണ്ടത്. പി.ടി ഉഷയുടെ രാജ്യസഭാംഗത്വവുമായി ബന്ധപ്പെട്ടു ഉയർന്നുവന്ന വിമർശനങ്ങൾ രാഷ്ട്രീയപ്രേരിതമായ ഒന്നായി മാത്രം വലിയ വിഭാഗം ജനത കണക്കിലെടുത്തു. പി.ടി ഉഷ എന്ന കായിക താരത്തോടും അവർ രാജ്യത്തിനു നൽകിയ സംഭാവനകളും ആണ് വിമർശനം നാമമാത്രമായി ചുരുങ്ങിയതിന്റെ കാരണം. പക്ഷേ ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട് ഉഷയ്ക്കെതിരേ രൂക്ഷ വിമർശനമാണ് വിവിധ ഭാഗങ്ങളിൽനിന്ന് ഉയരുന്നത്.
ഒളിംപിക്സിൽ ഉൾപ്പെടെ അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ ഗുസ്തി താരങ്ങൾ, ബി.ജെ.പി എം.പി കൂടിയായ ദേശീയ അസോസിയേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിൽനിന്ന് നേരിട്ട കടുത്ത ലൈംഗിക പീഡനങ്ങൾ രേഖാമൂലം പരാതിയായി തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അദ്ദേഹഹത്തിനെതിരേ ഒരു നടപടിയും സ്വീകരിക്കാതെ കുറ്റക്കാരനെ സംരക്ഷിക്കുന്ന സമീപനമാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷനിൽ നിന്നുമുണ്ടായത്. ഒടുവിൽ ബ്രിജ് ഭൂഷൺ സിങ്ങിനെതിരേ നടപടി ആവശ്യപ്പെട്ട് കായിക താരങ്ങൾക്ക് ഡൽഹി ജന്തർ മന്ദറിൽ സമരത്തിനിറങ്ങേണ്ട സാഹചര്യം ഉണ്ടായി. പാർലമെന്റ് അംഗമെന്ന നിലയിലോ ഒളിംപിക് അസോസിയേഷൻ പ്രസിഡൻ്റ് എന്ന നിലയിലോ ആദ്യഘട്ടത്തിൽ കായികതാരങ്ങളെ കേൾക്കാതെ സമരം ചെയ്യുന്നവർ രാജ്യത്തെ അപമാനപ്പെടുത്തി എന്ന പ്രസ്താവനയാണ് പി.ടി ഉഷയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. കടുത്ത വിമർശനങ്ങൾ ഉയർന്നപ്പോഴാണ് അവർ താരങ്ങളെ സന്ദർശിക്കാൻ പോലും തയാറായത്. ഇരകളോടൊപ്പമുള്ള നീതിയുടെ ട്രാക്കിൽനിന്ന് കുറ്റക്കാരനെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഭരണപക്ഷത്തിന്റെ ട്രാക്കിലേക്കുള്ള മാറ്റം ദൗർഭാഗ്യകരമാണ്.
കക്ഷിരാഷ്ടീയത്തിൽനിന്ന് പരമാവധി അകലം പാലിച്ചു എന്നാൽ സമൂഹത്തിനുവേണ്ടി എം.പി ഫണ്ടും എം.പി യെന്ന നിലയിൽ ലഭിച്ച ശമ്പളവും ഉപയോഗിച്ച് ആറു വർഷം പാർലമെന്റ് അംഗമായി പ്രവർത്തിച്ച സച്ചിൻ തെണ്ടുൽക്കറിൽനിന്നു പി.ടി ഉഷക്ക് ഒരുപാട് പഠിക്കാനുണ്ട്. കേന്ദ്ര സർക്കാർ എം.പിമാരിലൂടെ വിഭാവനം ചെയ്ത ഒന്നാണ് വില്ലേജ് അഡോപ്ഷൻ സ്കീം. പ്രഖ്യാപനവും ഫണ്ട് ലഭ്യതയിലും വ്യത്യാസമുണ്ടായിരുന്നെങ്കിലും എം.പിയെന്ന നിലയിൽ സച്ചിൻ ഇന്ത്യയിലെ രണ്ടുഗ്രാമങ്ങൾ ഏറ്റെടുത്തു. ആദ്യത്തെത് മറാത്ത് വാഡയിലെ ഡോൻജയായിരുന്നു. അത് വിജയകരമായി. മറ്റൊന്ന് ആന്ധ്രയിലെ നെല്ലൂർ ജില്ലയിലെ പുട്ടമരാജു കാൻട്രിക ഗ്രാമം ഏറ്റെടുത്തതതാണ്. നാലുകോടി രൂപ ചെലവഴിച്ച് എല്ലാ വീടുകളിലേക്കും കുടിവെള്ള പൈപ്പ് ലൈൻ, സ്കൂൾ നിർമാണം, വെളിയിട വിസർജനം ഒഴിവാക്കുന്നതിനു വേണ്ടിയുള്ള സൗകര്യങ്ങൾ, മദ്യനിരോധിതമാക്കുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങൾ, തൊഴിൽ മേളകൾ അങ്ങനെ ശ്രദ്ധേയമായ ഇടപെടൽ ആണ് മാസ്റ്റർ ബ്ലാസ്റ്റർ നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ട എം.പിമാർ ഈ പദ്ധതി ഏറ്റെടുക്കുകയോ പിന്തുടരുകയോ ചെയ്യാത്തപ്പോഴാണ് സച്ചിൻ വ്യത്യസ്തനായത്.
പാർലമെന്റ് സമ്മേളനങ്ങളിൽ കാര്യമാത്ര ഇടപെൽ സച്ചിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന വിമർശനമുണ്ടായിരുന്നു. ഒരുപക്ഷേ അത്തരം ഇടപെടൽ കേവലം കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി മാറാൻ സാധ്യതയുണ്ട് എന്ന തോന്നലാകും അദ്ദേഹത്തെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്. കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് രാജ്യസഭാംഗമായത് എങ്കിലും അദ്ദേഹം പാർട്ടിയുടെ വക്താവായിരുന്നില്ല.
എന്നാൽ ഇതേ രീതിയിൽ രാജ്യസഭാംഗമായി മാറിയ പി.ടി ഉഷ കുറ്റാരോപിതനെ സംരക്ഷിക്കുന്നതിനും അന്ധമായി ന്യായീകരിക്കുന്നതിനും സംരംക്ഷിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. എം.പി ഫണ്ട് മാതൃകപരമായി ഉപയോഗിച്ചും കായിക മേഖലയുടെ ഉന്നമനത്തിനു വേണ്ടിയുള്ള പാർലമെന്ററി ഇടപെടൽ നടത്തിയുമാണ് നോമിനേറ്റഡ് എം.പി പ്രവർത്തിക്കേണ്ടത്. സച്ചിൻ തെണ്ടുൽക്കറുടെ അമ്പതാം ജന്മദിന വേളയിൽ തന്നെയാണ് പി.ടി ഉഷയുടെ വിഷയവും ചർച്ച ആവുന്നത്. രണ്ടുപേരുടെയും പാർലമെന്ററി രീതികൾ പരിശോധിക്കപ്പെടുമ്പോൾ സച്ചിനെ മാതൃകയാക്കി, കക്ഷിരാഷ്ട്രീയ വിധേയത്വത്തിൽനിന്ന് മാറി സമൂഹത്തിനു വേണ്ടി പി.ടി ഉഷ ഇടപെടേണ്ടിയിരിക്കുന്നു.
Distance from Sachin to PT Usha
(കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗവും തൃശൂർ ശ്രീ കേരളവർമ്മ കോളജ് പൊളിറ്റിക്കൽ സയൻസ് അധ്യാപകനുമാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."