ദ്വീപ് നമ്മോട് ആവശ്യപ്പെടുന്നത്
ഇ.കെ ദിനേശന്‍
ലോകം മുഴുവന്‍ കൊവിഡിന്റെ അതിവ്യാപനത്തില്‍ ശ്വാസംമുട്ടി കിടക്കുമ്പോള്‍ ഓരോ രാജ്യവും ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. അതിനിടയിലും ജനവിരുദ്ധ പ്രവൃത്തികള്‍ വഴി മനുഷ്യരെ ദ്രോഹിക്കുന്ന ഭരണകൂടവും ഈ കാലത്തിന്റെ സവിശേഷതയാണ്. മനുഷ്യത്വവിരുദ്ധത രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഭരണാധികാരികള്‍ക്ക് ഏത് കാലവും ഒരേ പോലെയാണ്. എന്നു മാത്രമല്ല, ജനങ്ങളുടെ നിസഹായാവസ്ഥയെ തങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് മാറ്റാനുള്ള അവസരമായി ഏത് കെട്ട കാലത്തെയും അവര്‍ ഉപയോഗിക്കുന്നു. കൊവിഡിന്റെ തുടക്കത്തില്‍ അമേരിക്കയില്‍ ട്രംപും രണ്ടാംതരംഗ കാലത്ത് ഇസ്‌റാഈലില്‍ നെതന്യാഹുവും കാണിച്ചത് അതാണ്. ഫലസ്തിനിലെ മുസ്‌ലിം ജനതയെ ഈ കൊവിഡ് കാലത്ത് ഇങ്ങനെ ദ്രോഹിക്കാന്‍ കാരണം, ഭരണകൂടത്തില്‍ അലിഞ്ഞുചേര്‍ന്ന ഹിംസാത്മക നിലപാട് തന്നെയാണ്. ഇന്ത്യയിലാകട്ടെ അതിന്റെ രീതികള്‍ വ്യത്യസ്തമാണ്.
കൊവിഡിന്റെ ഒന്നാംഘട്ടത്തില്‍ രാജ്യത്തെ ആഭ്യന്തര തൊഴില്‍ കുടിയേറ്റ സമൂഹത്തെ തികഞ്ഞ അരക്ഷിതാവസ്ഥയിലാണ് ഭരണകൂടം തള്ളിവിട്ടത്. രണ്ടാം തരംഗത്തില്‍ പ്രാണവായു കിട്ടാതെ മരിച്ചുവീണ ആയിരങ്ങളെ മറവ് ചെയ്യാനുള്ള സംവിധാനം പോലും ഒരുക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ല. ഇത്തരം അവസ്ഥകളെ മാറ്റുകയെന്നതാണ് ഏതൊരു ഭരണകൂടത്തിന്റെയും പ്രഥമ കടമയാകേണ്ടത്. നമ്മുടെ രാജ്യത്ത് അതുണ്ടായില്ലെന്നു മാത്രമല്ല വാക്‌സിനേഷന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കാനാണ് ആ സമയത്തും തിരക്ക് കാട്ടിയത്. അതായത് തങ്ങളുടെ ലക്ഷ്യം ജനങ്ങളുടെ ക്ഷേമകരമായ ജീവിതമല്ലെന്ന് അധികാര വര്‍ഗം തുറന്നുപറയുകയായിരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് ലക്ഷദ്വീപിലെ സ്വന്തം ജനതക്കെതിരേ ഈ മഹാമാരി കാലത്ത് നടത്തിവരുന്ന ആഭ്യന്തര അധിനിവേശം.
ലക്ഷദ്വീപ് വാസികളുടെ ജീവിതരീതിയും സാംസ്‌കാരിക ഇടപെടലും നേരത്തേതന്നെ രാജ്യത്തിന് പരിചിതമാണ്. 97 ശതമാനം ഇസ്‌ലാംമത വിശ്വാസികള്‍ ജീവിക്കുന്ന ഈ ദ്വീപ് സമൂഹത്തില്‍ മോദി ഭരണകൂടത്തിന് എന്തെങ്കിലും പ്രത്യേക താത്പര്യമുണ്ടോ? നിലവിലെ വംശീയരാഷ്ട്രീയ ഇടപെടലുമായി ദ്വീപ് നിവാസികളെ കൂട്ടിച്ചേര്‍ക്കാന്‍ പ്രത്യേക കാരണങ്ങളുണ്ടോ? ഈ രണ്ട് കാര്യങ്ങളും വസ്തുതാപരമായി പരിശോധിക്കുമ്പോള്‍ ഭരണകൂടത്തിന്റെ ലക്ഷ്യങ്ങള്‍ വ്യക്തമാകുന്നതാണ്. ഒന്നാമതായി രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ 2014 മുതല്‍ അനുഭവിച്ചുവരുന്ന ദേശസ്വത്വവുമായി ബന്ധപ്പെട്ട രാഷ്ട്രീയം ഹിന്ദുത്വരാഷ്ട്ര നിര്‍മാണഘടനയിലെ പ്രധാന വിഷയമാണ്. ലക്ഷദ്വീപില്‍ ജനപ്രാതിനിധ്യ(പഞ്ചായത്ത് തലത്തില്‍) സഭയില്‍ മത്സരിക്കാന്‍ രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് പാടില്ലെന്നത് നിസാരമായി കാണേണ്ടതല്ല. കഴിക്കുന്ന ആഹാരത്തില്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ സംഭവിക്കുന്നതും യാദൃച്ഛികമല്ല. ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ അതിന് ആഴത്തിലുള്ള നയനിലപാടുകളുമായി ബന്ധമുണ്ട്.
ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനോ, ദ്വീപിന്റെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വികസനപ്രവര്‍ത്തനങ്ങളോ അല്ല അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ അവതരിപ്പിക്കുന്നത്. അവിടത്തെ ജനങ്ങളുടെ ജീവിതമാര്‍ഗമായ മത്സ്യബന്ധന മാര്‍ഗങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ചായിരുന്നു പട്ടേലിന്റെ പരിഷ്‌കരണം. കൂടാതെ, പാരിസ്ഥിതികമായ പ്രത്യേകതകളെ ഒട്ടും പരിഗണിക്കാതെയാണ് ആഗോള ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള ശ്രമം. ഇത് തദ്ദേശീയ ജനങ്ങളെ പാര്‍ശ്വവല്‍കൃതരാക്കുന്ന രീതിയാണ്. ഇതിനെതിരേ ശബ്ദിക്കേണ്ടത് ലക്ഷദ്വീപിലെ ജനങ്ങളുടെ മാത്രം ആവശ്യമല്ല. മറിച്ച് ഇന്ത്യയില്‍ ഇങ്ങനെ ജീവിക്കുന്ന ജനസമൂഹത്തിന് നേരെ സമാന അധിനിവേശങ്ങള്‍ നടത്താന്‍ ഭരണകൂടത്തിന് കഴിയുമെന്ന തിരിച്ചറിവിന്റെ കൂടി ഭാഗമായിട്ടാണ്. അതുകൊണ്ടാണ് ലക്ഷദ്വീപ് പലതിന്റെയും സൂചനയായി മാറുന്നത്. നിലവിലെ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് രാജ്യത്തെ ജനാധിപത്യവിശ്വാസികള്‍ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. അതിന്റെ ഭാഗമായി തന്നെ കാണണം ഈ ആവശ്യം ഉന്നയിച്ച് 93 മുന്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. തികച്ചും ജനാധിപത്യവിരുദ്ധമായ വഴിയിലൂടെ സഞ്ചരിക്കുന്ന പ്രഫുല്‍ പട്ടേലിനെ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രിക്കേ കഴിയൂ. കാരണം, ഇതൊരു ഭരണക്രമവുമായി മാത്രം ബന്ധപ്പെട്ട വിഷയമോ തീരുമാനമോ അല്ല. ഗുജറാത്തിലെ ദമന്‍ ദ്വീപില്‍ ഇതേ പട്ടേല്‍ നടപ്പാക്കിയ പരിഷ്‌കരണം വഴി നൂറുകണക്കിന് ജനങ്ങള്‍ക്കാണ് കിടപ്പാടം നഷ്ടമായത്. പ്രതികരിച്ചവരെ ജയിലിലാക്കി. സമീപകാലത്ത് നടപ്പാക്കിയ ഈ ഏകാധിപത്യത്തിലേക്ക് ലക്ഷദ്വീപിനെ പാകപ്പെടുത്തുമ്പോള്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല സ്വന്തം ജനത്തിന് നേരെയുള്ള ഈ അധിനിവേശമെന്ന് തിരിച്ചറിയേണ്ടതുണ്ട്.
കാരണം, ഫാസിസത്തിന്റെ മണമുള്ള ഭരണാധികാരികള്‍ക്ക് ഒരു ജനതയെ നിശബ്ദരാക്കാന്‍ കഴിഞ്ഞാല്‍ കിട്ടുന്ന ആത്മധൈര്യം അടുത്ത അധിനിവേശത്തിന്റെ വേഗത കൂട്ടുന്നു. ദമനില്‍ വിജയിപ്പിച്ചത് എന്തുകൊണ്ട് തനിക്ക് ലക്ഷദ്വീപില്‍ വിജയിപ്പിച്ചു കൂടായെന്ന സ്വയം അഹങ്കാരമാണ് പാട്ടേലിന്റെ ധാര്‍ഷ്ട്യം ശക്തിപ്പെടുത്തുന്നത്. ഇത് പട്ടേലിന്റെ മാത്രം തിരിച്ചറിവല്ലെന്നുകൂടി നാം മനസിലാക്കണം.
ദുര്‍ബലരായ ചില പ്രത്യേക ജനവിഭാഗങ്ങള്‍ക്ക് മേലുള്ള മോദി സര്‍ക്കാരിന്റെ ഇത്തരം കൈയേറ്റങ്ങള്‍ക്ക് ആഴത്തിലുള്ള രാഷ്ട്രിയമാനമുണ്ട്. എന്‍.ആര്‍.സിയും സി.എ.എയും ഏതൊക്കെ തരത്തിലാണ് രാജ്യത്തെ ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലാക്കുന്നതെന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യന് പുറത്തിറങ്ങി സംസാരിക്കാനുള്ള സാഹചര്യമില്ലാത്ത ഘട്ടത്തിലും തന്റെ പൗരത്വം ബോധ്യപ്പെടുത്തേണ്ട അവസ്ഥയിലാണ് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍. എങ്ങനെയാണ് ഈ ഭീതിദമായ സാമൂഹികാവസ്ഥയിലും ഭരണാധികാരികള്‍ക്ക് ഇങ്ങനെ ചിന്തിക്കാന്‍ കഴിയുന്നത്. ഒരുഭാഗത്ത് പൗരാവകാശങ്ങളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ചങ്ങലക്ക് ഇടുന്നു. മറുഭാഗത്ത് ഭക്ഷണവും കിടപ്പാടവുമില്ലാത്ത ജനതയോട് തന്റെ പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്നു. എന്തുമാത്രം അധികാര കേന്ദ്രീകരണത്തിലേക്കാണ് ഭരണരീതി മാറുന്നത്. ഇത് ജനാധിപത്യാവകാശങ്ങളെ പച്ചക്ക് കത്തിക്കുന്നതിന് തുല്യമാണ്. ഇത്തരം അവസ്ഥയില്‍ എന്തായിരിക്കണം രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെ കടമ? ഫാസിസത്തിന്റെ നേരിയ സൂചന എവിടെ കാണുന്നോ അവിടെയെല്ലാം അഭിപ്രായ, ആശയ വ്യത്യാസങ്ങളെ മാറ്റിവച്ച് കഴിയാവുന്ന തരത്തില്‍ പ്രതിഷേധിക്കുക എന്നതാണ്. ലക്ഷദ്വീപ് എന്ന ദേശം, അവിടത്തെ മനുഷ്യര്‍ എന്നതിലുപരി ദുരിത ഭാവിയിലേക്കുള്ള സൂചനയാണ് ഇപ്പോള്‍ തെളിഞ്ഞതെന്ന തിരിച്ചറിവിലേക്ക് എത്തിച്ചേരാന്‍ ഇനി ഒട്ടും വൈകരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."