തിരുവുള്ളക്കേടുണ്ടാക്കുന്ന കറുപ്പ്
വി. അബ്ദുല്‍ മജീദ്
ഇതെഴുതുന്നയാളുടെ കുട്ടിക്കാലം രാജ്യത്തെങ്ങും കോണ്‍ഗ്രസിന്റെ പ്രതാപകാലം കൂടിയായിരുന്നു. അന്ന് ഇന്ദിരാഗാന്ധിയാണ് പ്രധാനമന്ത്രി. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഭരിക്കുന്നതും കോണ്‍ഗ്രസ് തന്നെ. അക്കാലത്ത് ഇന്ദിര സന്ദര്‍ശിക്കുന്ന ഇടങ്ങളിലെല്ലാം പൊലിസുകാര്‍ നേരത്തെ തന്നെ പ്രതിപക്ഷകക്ഷികളുടെ കൊടികളും പ്രചാരണ ബോര്‍ഡുകളുമൊക്കെ നീക്കംചെയ്യുന്ന ഏര്‍പ്പാടുണ്ടായിരുന്നു. അവര്‍ ഒരിക്കല്‍ കോഴിക്കോട്ട് വന്നപ്പോള്‍ സി.പി.എമ്മിന്റെ കൊടിയും മറ്റും എടുത്തുമാറ്റിയതിന്റെ പേരിലുണ്ടായ വിവാദം ഓര്‍മയുണ്ട്.
അതുപോലെ ഭരണാധികാരികള്‍ക്കെതിരേ വന്‍ പ്രതിഷേധമുയരുന്ന സന്ദര്‍ഭങ്ങളില്‍ പൊലിസ് പ്രതിഷേധചിഹ്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താറുമുണ്ട്. കുറേക്കാലമായി രാജ്യത്തെങ്ങും കരിങ്കൊടിയാണ് ഏറ്റവും വലിയ പ്രതിഷേധ ഉപകരണം. എല്ലാ പാര്‍ട്ടികളും പ്രതിപക്ഷത്തിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഭരിക്കുന്നവര്‍ക്കെതിരേ കരിങ്കൊടി കാട്ടാറുണ്ട്. കറുപ്പ് പ്രതിഷേധത്തിന്റെ അടയാളമായി മാറിയത് എങ്ങനെയാണെന്നൊന്നും അറിയില്ല. ഏതായാലും അത് അങ്ങനെയാണ്.
കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിനെതിരേ ഉയര്‍ന്ന കരിങ്കൊടി പ്രതിഷേധങ്ങളെ പൊലിസ് ശക്തമായി നേരിട്ടതും ഓര്‍മയിലുണ്ട്. സോളാര്‍ തട്ടിപ്പുകേസ് വിവാദമാകുകയും സരിത ദിനംപ്രതി പലതരം വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്തിരുന്ന കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരേ ഉയര്‍ന്ന കറുപ്പ് പ്രതിഷേധങ്ങളെയും പൊലിസ് അങ്ങനെ തന്നെയാണ് നേരിട്ടത്. അന്നൊരിക്കല്‍ മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ ജനസമ്പര്‍ക്ക പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ യാദൃച്ഛികമായി കറുത്ത കുപ്പായം ധരിച്ച് പോയ എന്നെ പരിപാടി നടക്കുന്ന സ്ഥലമായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് വളപ്പിനു പുറത്ത് പൊലിസ് തടഞ്ഞുവച്ചതും ജോലി ചെയ്യാന്‍ വന്നതാണെന്നു പറഞ്ഞ് ഞാന്‍ തര്‍ക്കിച്ച് അകത്തു കയറിയതും ഓര്‍മയുണ്ട്.
ഇതിലൊന്നും പൊലിസുകാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അതവരുടെ ചുമതലയാണ്. ഏറെക്കാലത്തെ പഴക്കമുള്ളൊരു രാജനീതിയുടെ സംരക്ഷണത്തിനായാണ് അവരതു ചെയ്യുന്നത്. ഭരണാധികാരികളുടെ മനസ്സിന് വിഷമമുണ്ടായാല്‍ അത് നാടിനു ദോഷം ചെയ്യും. പര്‍വതങ്ങള്‍ ഇടിഞ്ഞുവീണേക്കും. കടല്‍ ക്ഷോഭിച്ചേക്കും. അതൊന്നും സംഭവിച്ചുകൂടാ. ഭരണാധികാരിയുടെ മനസ്സ് നോവുന്നതിന് 'തിരുവുള്ളക്കേട്' എന്നാണ് കേരളത്തില്‍ പ്രാചീന കാലം മുതല്‍ പറഞ്ഞുപോരുന്നത്. തിരുവുള്ളക്കേടുണ്ടാകാതെ നോക്കേണ്ടത് പൊലിസിന്റെയും പട്ടാളത്തിന്റെയുമൊക്കെ ചുമതലയാണ്. അവരത് ചെയ്തുകൊണ്ടിരിക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ കേരള പൊലിസ് ചെയ്തതും അതുതന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയന് തിരുവുള്ളക്കേടുണ്ടാകാതിരിക്കാന്‍ നാടെങ്ങും കറുത്തതെന്തും തടയുന്ന 'കറുപ്പുയുദ്ധ'ത്തിലായിരുന്നു പൊലിസ്. മുഖ്യമന്ത്രി വരുന്ന ഇടങ്ങളിലെല്ലാം പൊലിസ് കറുപ്പിന് വിലക്കേര്‍പ്പെടുത്തി. കരിങ്കൊടി പ്രതിഷേധങ്ങളെ കര്‍ശനമായി നേരിട്ടു. കറുത്ത വസ്ത്രങ്ങളും മാസ്‌കുകളും പൊലിസ് അഴിപ്പിച്ചു. കറുത്ത കുടയുമായി പുറത്തിറങ്ങാന്‍ പോലും നാട്ടുകാര്‍ ഭയപ്പെടുന്ന അവസ്ഥയായിരുന്നു നാട്ടില്‍ ഏതാനും ദിവസങ്ങളില്‍. കറുത്ത അടിവസ്ത്രങ്ങള്‍ക്ക് മാത്രം പൊലിസ് ഇളവ് നല്‍കി.
ആ നടപടിയുടെ പേരിലുമുണ്ടായി പ്രതിഷേധം. സംസ്ഥാനത്ത് പൊലിസ് ഭീകരതയെന്നും മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നു എന്നുമൊക്കെ പ്രതിപക്ഷം ആരോപണമുന്നയിച്ചു. അവര്‍ക്ക് അതൊക്കെ പറയാം. എന്നാല്‍ ഭരണകൂടത്തിനും അതിനെ സംരക്ഷിച്ചുനിര്‍ത്തുന്ന സംവിധാനമായ പൊലിസിനുമൊക്കെ അവരുടെ ചുമതല നിര്‍വഹിക്കേണ്ട ബാധ്യതയുണ്ട്. വാഴുന്നോര്‍ ആരുതന്നെയായാലും തിരുവുള്ളം തിരുവുള്ളം തന്നെയാണ്. തിരുവുള്ളം നോവാതെ കാത്തുസൂക്ഷിക്കേണ്ടത് അവരുടെ ബാധ്യതയാണ്.
പ്രതിപക്ഷം പറയുന്നതുപോലെ ഭയപ്പെട്ട് മുഖ്യമന്ത്രി ചെയ്യിക്കുന്നതല്ല ഇതൊന്നും. ഊരിപ്പിടിച്ച കത്തികള്‍ക്കിടയിലൂടെ നടന്നു ശീലമുള്ള അദ്ദേഹത്തിന് ഒന്നിനോടും ഭയമില്ല. അതറിയണമെങ്കില്‍ അദ്ദേഹം കത്തികള്‍ക്കിടയിലൂടെ നടന്ന ബ്രണ്ണന്‍ കോളജില്‍ പഠിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനോട് ചോദിച്ചാല്‍ മതി. അങ്ങനെയൊക്കെ ആര്‍ജിച്ചെടുത്ത ധീരതയുള്ള വിപ്ലവകാരിയാണ് അദ്ദേഹം. അതുകൊണ്ടാണ് അദ്ദേഹം പൊലിസ് വലയത്തിനു നടുവില്‍ നിന്നുപോലും വിരട്ടാന്‍ നോക്കേണ്ട, അങ്ങനെയൊന്നും പേടിക്കില്ല എന്നൊക്കെ പറയുന്നത്. പൊലിസുകാര്‍ക്കിടയില്‍ നിന്നുകൊണ്ട് ഇങ്ങനെ വിളിച്ചുപറയാന്‍ ചില്ലറ ധൈര്യമൊന്നും പോരെന്ന് ആര്‍ക്കാണറിയാത്തത്.
കോൺഗ്രസുകാർക്ക് ഇതെങ്ങനെ തോന്നി
ഇന്ത്യ കണ്ട ഏറ്റവും വലിയ പോരാട്ടമായ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്. അതായിരുന്നു അവരുടെ ഏറ്റവുമധികം വലിയ കരുത്തും ദൗർബല്യവും. അതിന്റെ പേരിലുള്ള ആദരവ് കാരണം ഇന്ത്യൻ ജനത അവരെ കുറേക്കാലം കണ്ണുംപൂട്ടി അധികാരത്തിലേറ്റി. അങ്ങനെയാണ് കോൺഗ്രസ് കൊഴുത്തുതുടുത്തത്.
അതുതന്നെ കോൺഗ്രസിന്റെ തകർച്ചയ്ക്കും വഴിയൊരുക്കി. എന്തു ചെയ്താലും ജനങ്ങൾ ഖിയാമംനാൾ വരെ അധികാരം നൽകുമെന്ന് കോൺഗ്രസുകാർ കരുതി. പിന്നെന്തിന് സമരം ചെയ്യുന്നു എന്നും കരുതി. അങ്ങനെ ഇസ്തിരി ചുളിയാത്ത വേഷം കോൺഗ്രസിന്റെ അടയാളമായി.
സമരം ചെയ്യുന്ന കോൺഗ്രസുകാരെ എന്റെ തലമുറ അടുത്ത കാലം വരെ കണ്ടിട്ടില്ല. പകരം അധികാരത്തിന്റെ അഹങ്കാരത്തിൽ കോൺഗ്രസ് ചെയ്തുകൂട്ടിയ നിരവധി പാതകങ്ങൾ കണ്ടു. ക്രമേണ കോൺഗ്രസ് ക്ഷീണിച്ചു മെലിയുന്നതും കണ്ടു.
ജനങ്ങൾക്കു വേണ്ടി സമരം ചെയ്യാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഒരു ജനാധിപത്യ സമൂഹം അധികകാലം വച്ചുപോറ്റില്ലെന്ന് കോൺഗ്രസുകാർ തിരിച്ചറിഞ്ഞുതുടങ്ങിയപ്പോഴേക്കും പാർട്ടി വല്ലാതെ ശോഷിച്ചുപോയിരുന്നു. ഭാവിയെക്കുറിച്ചുള്ള ഭീതി സൃഷ്ടിച്ച തുടർതോൽവികളെ തുടർന്നാണ് കോൺഗ്രസുകാർ പതുക്കെയെങ്കിലും സമരം ചെയ്തു തുടങ്ങിയത്, കേരളത്തിലടക്കം. ഇങ്ങനെ പോയാൽ അധികം വൈകാതെ പാർട്ടിക്ക് ശേഷക്രിയ വേണ്ടിവരുമെന്ന തിരിച്ചറിവിൽ സമരത്തിനിറങ്ങിയ കേരളത്തിലെ കോൺഗ്രസുകാർക്കു മുന്നിൽ വിഷയങ്ങൾക്ക് ഒട്ടും ക്ഷാമമുണ്ടായില്ല. അതവർ സാധ്യമായത്ര ഉപയോഗപ്പെടുത്തുന്നുമുണ്ട്.
അതിൽ ഏറ്റവും ശ്രദ്ധേയമായതാണ് രണ്ടു കോൺഗ്രസുകാർ വിമാനത്തിൽ നടത്തിയ കരിങ്കൊടി സമരം. മുഖ്യമന്ത്രിക്കെതിരേ നാടാകെ പ്രതിഷേധക്കൊടുങ്കാറ്റുയർന്നപ്പോൾ അദ്ദേഹം യാത്ര ആകാശമാർഗമാക്കിയപ്പോഴാണ് അവർ കരിങ്കൊടിയുമായി അവിടെയുമെത്തിയത്. മുമ്പും ഇത്തരം സന്ദർഭങ്ങളിൽ പല ഭരണാധികാരികളും ആകാശം വഴി സഞ്ചരിച്ചിട്ടുണ്ട്. അന്നൊന്നും ആർക്കും തോന്നാത്തൊരു സമരരീതിയാണിത്. അതിനു തോന്നിയതിനു പിന്നിലെ സർഗാത്മകതയാണ് ഈ സമരത്തെ ശ്രദ്ധേയമാക്കുന്നത്.
അവർക്ക് ഇതുചെയ്യാൻ എങ്ങനെ തോന്നിയെന്ന വിസ്മയം ഇതെഴുതുന്ന സമയം വരെ വിട്ടുമാറിയിട്ടില്ല. സമരസർഗാത്മകത വറ്റിപ്പോയ കോൺഗ്രസുകാരെയാണ് കണ്ടു പരിചയം. സമരരീതികൾ ഉപദേശിക്കാനും ഏതെങ്കിലും പ്രശാന്തകിഷോരൻമാരുണ്ടോ എന്നറിയില്ല. എങ്ങനെയായാലും സമരം ചെയ്ത് തല്ലുകൊള്ളുന്ന കോൺഗ്രസുകാർക്ക് ഒരു ഉയിർത്തെഴുന്നേൽപ്പിന് സാധ്യതയുണ്ട്. തൃക്കാക്കരയിൽ യു.ഡി.എഫിന് കൂടിയ ഭൂരിപക്ഷം കോൺഗ്രസുകാർ സമരം ചെയ്തു വാങ്ങിയ തല്ലിന്റെ കൂടി ഫലമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."