ബുക്കറിന്റെ നിറവില്‍ ജലാല്‍ ബര്‍ജസ്
ഇ.കെ റശീദ് വാഫി
ഇത് രണ്ടാം തവണയാണ് ഒരു ജോര്‍ദാന്‍ സാഹിത്യകാരനെത്തേടി അറബി ബുക്കര്‍ വന്നെത്തുന്നത്. 2018ല്‍ ഇബ്രാഹീം നസ്‌റുല്ലയാണ് ഇതിന് മുന്‍പ് ജോര്‍ദാനില്‍ നിന്ന് ബുക്കര്‍ പ്രൈസ് സ്വന്തമാക്കിയത്.
1970 ജൂണ്‍ മൂന്നിന് ജോര്‍ദാനിലെ മാദബയിലാണ് ജലാല്‍ ബര്‍ജസ് ജനിച്ചത്. പ്രാഥമിക പഠനത്തിന് ശേഷം, വ്യോമയാന സാങ്കേതിക വിദ്യയില്‍ ബിരുദം നേടി. ഏറെ കാലം പ്രസ്തുത മേഖലയില്‍ തന്നെയാണ് അദ്ദേഹം ജോലി ചെയ്തതും. പിന്നീട്, മാധ്യമപ്രവര്‍ത്തന രംഗത്ത് ജലാല്‍ സജീവമായി. അമ്പാത്ത്, ദസ്തൂര്‍ എന്നീ പത്രങ്ങളില്‍ യഥാക്രമം പത്രാധിപനായും ലേഖകനായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
ജോര്‍ദാന്‍ സാഹിത്യ അക്കാദമിയിലും അറബ്‌സാഹിത്യ അക്കാദമിയിലും ജലാല്‍ ബര്‍ജസ് അംഗമാണ്. നിരവധി സാംസ്‌കാരിക സമിതികളുടെ നേതൃസ്ഥാനം കൂടി വഹിച്ച ബര്‍ജസ് ആധുനിക അറബി സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ്.
രചനകള്‍
കവിയും കഥാകൃത്തുമായ ബര്‍ജസിന് നോവലും ചെറുകഥകളും കവിതകളുമായി നിരവധി രചനകളുണ്ട്. മരത്തിലെ ഏതു ചില്ലയുമെന്നപോല്‍, ഭവനങ്ങളില്ലാത്ത പനിമതി എന്നിവ അദ്ദേഹത്തിന്റെ കവിതാ സമാഹാരങ്ങളാണ്. ഭൂചലനം എന്ന പേരില്‍ ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാളസര്‍പ്പങ്ങള്‍, അഞ്ച് ഇന്ദ്രിയങ്ങളുള്ള പെണ്ണുങ്ങള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ നോവലുകളാണ്. കാളസര്‍പ്പങ്ങള്‍ എന്ന നോവലിന് 2015ല്‍ മികച്ച അറബി നോവലിന് ഖത്തര്‍ നല്‍കുന്ന കത്താര അവാര്‍ഡ് ലഭിച്ചു. ഒടുവില്‍ രചിച്ച ദഫാതിറുല്‍ വര്‍റാഖ് എന്ന നോവലാണ് വായനക്കാരുടെ മനസിലേക്ക് ജലാല്‍ ബര്‍ജസ് എന്ന എഴുത്തുകാരനെ പിടിച്ചിരുത്തിയത്.
ദഫാതിറുല്‍ വര്‍റാഖ്
പുസ്തക വില്‍പനക്കാരനായ ഇബ്‌റാഹീം അനുഭവിക്കുന്ന ഏകാന്തതയും, തീവ്രമായ വേദനയും യാതനയുമാണ് നോവലിന്റെ ഇതിവൃത്തം. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ഇബ്‌റാഹീമിന്റെ സംഘര്‍ഷ ബഹുലമായ യാത്രയാണ് നോവല്‍. ഇബ്‌റാഹീമെന്ന കഥാപാത്രം ഏറ്റവും നീതികേട് അനുഭവിക്കുന്ന സമൂഹത്തിന്റെ പ്രതിനിധിയും എത്രയോ മനുഷ്യരുടെ പ്രതീകവുമാണ്. ഭരണാധികാരികള്‍ പ്രജകളുടെ നേര്‍ക്ക് നടത്തുന്ന അക്രമങ്ങളും അനീതിയും നോവല്‍ ശക്തമായി അപലപിക്കുന്നു. സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനങ്ങളുടെ പേരില്‍ കിടപ്പാടവും ജീവിത മാര്‍ഗവും നഷ്ടപ്പെട്ട ദരിദ്രജനങ്ങള്‍ക്കായും നോവല്‍ ശബ്ദിക്കുന്നുണ്ട്.
ഇബ്രാഹീം വിദ്യാസമ്പന്നനും വായന പ്രിയനുമായിരുന്നു. പുസ്തക വില്‍പന നടത്തിയിരുന്നത് ജോര്‍ദാനിന്റെ തലസ്ഥാന നഗരിയായ അമ്മാനിലെ ഒരു ചെറിയ മുറിയിലായിരുന്നു. എന്നാല്‍, പ്രാദേശിക തലത്തിലെ അധികാരികള്‍ ആ മുറി പൊളിച്ചുമാറ്റുകയും തല്‍സ്ഥാനത്ത് മറ്റൊരു വ്യാപാര മന്ദിരം പണിയുകയും ചെയ്തു. അതോടെ ജീവിതം അനര്‍ഥമാണെന്ന് ഇബ്രാഹീം മനസിലാക്കുകയായിരുന്നു.
സ്വന്തം പുസ്തക വില്‍പനശാല നഷ്ടപ്പെട്ട ഇബ്രാഹീം ലക്ഷ്യബോധമില്ലാതെ നാടുചുറ്റിയെന്ന് മാത്രമല്ല, മാനസിക വിഭ്രാന്തിപിടിപ്പെടുകയും നിരവധി കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്തു. ഒടുവില്‍, പ്രതീക്ഷകള്‍ നഷ്ടപ്പെട്ടവനെപ്പോലെ ആത്മാഹുതി ചെയ്യാന്‍ തീരുമാനിച്ചു. ഞൊടിയിടയിലാണ് ഇബ്രാഹീമിന്റെ ജീവിതത്തിലേക്ക് ഒരു യുവതി കടന്നുവരുന്നത്. അതോടെ, ജീവിതത്തിന് പുതിയ മാനം കൈവരികയായിരുന്നു.
ചുരുക്കത്തില്‍, അറബി ഭാഷയുടെ വസന്തം എന്ന് വിശേഷിപ്പിക്കാവുന്ന ദഫാതിറുല്‍ വര്‍റാഖ് പ്രമേയ തലത്തിലും രൂപ തലത്തിലും നവീനത പുലര്‍ത്തുന്ന മികച്ചൊരു കൃതി തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."