അശോകനെ മാറ്റിമറിച്ച കലിംഗ യുദ്ധഭൂമിയില്‍
മനു റഹ്മാന്‍
ഭുവനേശ്വറില്‍നിന്ന് എട്ടു കിലോമീറ്റര്‍ തെക്കുമാറി ദയാനദിയുടെ തീരത്താണ് ധൗലഗിരിയെന്ന പീസ് പഗോഡ സ്ഥിതിചെയ്യുന്നത്. കലിംഗയുദ്ധം നടന്ന പ്രദേശം എന്നതിന് പുറമെ ശാന്തിസ്തൂപം സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. അശോകന്റെ ശിലാലിഖിതങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നതും ബുദ്ധമന്ദിരമായ ധൗലഗിരിയുടെ ചരിത്രപ്രാധാന്യം വര്‍ധിപ്പിക്കുന്നു. ദിനേന ആയിരക്കണക്കിന് സന്ദര്‍ശകരാണ് ഇവിടേക്ക് എത്തുന്നത്. ചുറ്റുമുള്ള താഴ്‌വരകളുടെ ഭ്രമിപ്പിക്കുന്ന കാഴ്ചയാണ് ബുദ്ധഭിക്ഷുക്കള്‍ക്കും ഭക്തര്‍ക്കുമൊപ്പം വിനോദസഞ്ചാരികള്‍ക്കും ഇവിടം പ്രിയങ്കരമാക്കുന്നത്. ഉയര്‍ന്നുനില്‍ക്കുന്ന കുന്നിന്റെ ഉച്ചിയിലാണ് പടിക്കെട്ടുകള്‍ താണ്ടിയെത്താവുന്ന രീതിയില്‍ ധൗലഗിരി നിര്‍മിച്ചിരിക്കുന്നത്. കുന്നിന്‍മുകളില്‍ നിന്നുള്ള താഴ്‌വാരക്കാഴ്ച ഒരിക്കലും ഓര്‍മയില്‍നിന്ന് മായില്ല.
ഒഡിഷയുടെ തലസ്ഥാനമായ ഭൂവനേശ്വറില്‍ ചെന്നാല്‍ വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായതൊന്നും കിട്ടുകയില്ലെന്നാണ് എന്റെ അനുഭവം. പിടിച്ചുപറിക്കാരായ ഓട്ടോക്കാരെ പരിചയപ്പെടുന്നതോടെ സഞ്ചാരി ആ നഗരത്തില്‍നിന്ന് എത്രയും പെട്ടെന്ന് സ്‌കൂട്ടാവാന്‍ പ്രയത്‌നിക്കും. അതുകൊണ്ടുതന്നെ പുരിയില്‍ നിന്നാണ് ദയാനദി തീരത്തേക്ക് ഞങ്ങള്‍ പുറപ്പെട്ടത്. വിനോദസഞ്ചാരത്തിന് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന, എവിടെ തിരിഞ്ഞാലും ആവശ്യമുള്ളതെല്ലാം, പ്രത്യേകിച്ച് യാത്രാ സൗകര്യം ലഭ്യമാവുന്ന ഒരു നഗരമാണ് ക്ഷേത്രനഗരമായ പുരി. ഈ നഗരം ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നതെങ്കില്‍ ഇവിടെനിന്ന് 59 കിലോമീറ്റര്‍ മാറിയാണ് ദൗലഗിരിയുടെ സ്ഥാനം.
മുന്‍കൂട്ടി ടിക്കറ്റ് ബുക്ക്‌ചെയ്ത് യാത്ര ചെയ്യാവുന്ന ടൂറിസ്റ്റ് ബസിലായിരുന്നു രാവിലെ പുറപ്പെട്ടത്. ദൗലഗിരിയും ചില്‍ക്ക തടാകവുമെല്ലാം ചുറ്റി വൈകിയിട്ട് മടങ്ങിയെത്തുന്നതാണ് ഇത്തരം ബസ് സര്‍വിസുകള്‍. ബസ് നല്ല വേഗത്തിലാണ് നീങ്ങുന്നത്. ഗൈഡ് ഞങ്ങളോട് ഒറിയ കലര്‍ന്ന ഹിന്ദിയില്‍ സ്ഥലപുരാണം പറഞ്ഞുകൊണ്ടേയിരുന്നു. ഇടയ്ക്ക് ഒറ്റപ്പെട്ട വല്ല കുന്നുകളും ഒഴിവാക്കിയാല്‍ പാടങ്ങള്‍ നിറഞ്ഞതാണ് ഭൂപ്രകൃതി. ഇത്ര സമൃദ്ധമായി ജലം നിറഞ്ഞുനില്‍ക്കുന്ന പാടങ്ങള്‍ നമ്മുടെ നാട്ടില്‍ കാണുക വര്‍ഷകാലത്ത് മാത്രമാണ്. ഞങ്ങള്‍ പുറപ്പെട്ട ബസില്‍ ഇരിപ്പിടങ്ങളെല്ലാം നിറഞ്ഞിരുന്നു.
ധൗലഗിരിയുടെ ഒരു കിലോമീറ്റര്‍ താഴെയായിരുന്നു ബസ് നിര്‍ത്തിയത്. ധാരാളം സന്ദര്‍ശകര്‍ വന്നുപോകുന്നതിനാല്‍ റോഡില്‍ നല്ല തിരക്കായിരുന്നു. ബസുകള്‍ നിരനിരയായി നിര്‍ത്തിയാണ് ആളുകളെ ഇറക്കുന്നത്. ഞങ്ങളുടെ ബസ് നിന്നിടം ചുരത്തിലേക്ക് കയറിപോകുന്ന വഴിക്ക് സമാനമായിരുന്നു. പോകേണ്ടുന്ന ഇടം നല്ല ഉയരത്തിലാണെന്ന് ഏതൊരാളെയും ആ പ്രകൃതി ബോധ്യപ്പെടുത്തും.
ചന്ദ്രഗുപ്ത മൗര്യന്‍
എന്ന അനാഥ ബാലന്‍
ദൗലഗിരിയിലേക്കെത്താന്‍ ഉത്സാഹിച്ച് മുകളിലേക്ക് നടന്നു. റോഡരികിലും കയറിപ്പോകുന്ന നടവഴിയിലും കച്ചവടം പൊടിപൊടിക്കുന്നു. ലഘുഭക്ഷണവും ജ്യൂസുകളും കുടിവെള്ളക്കുപ്പികളും ഉപ്പുംമുളകും പുരട്ടിയ കക്കിരിയും പൈനാപ്പിളുമെല്ലാം മാടക്കടകളില്‍ ആവശ്യക്കാരെ കാത്തിരിക്കുന്നു.
പച്ചനിറമുള്ള കരിമ്പ് ജ്യൂസ് നടവഴി കയറാന്‍ തുടങ്ങിയപ്പോഴേ പ്രലോഭിപ്പിക്കാന്‍ തുടങ്ങിയതാണ്. ആ നിമിഷം അടര്‍ത്തിയെടുത്തതെന്ന് തോന്നുന്ന ചെറുനാരങ്ങ ചേര്‍ത്ത ജ്യൂസിന്റെ പ്രലോഭനത്തിന് വശംവദനായി. ഡിസ്‌പോസിബിള്‍ ഗ്ലാസിലായതിനാല്‍ ഒരു കവിള്‍ വലിച്ചുകുടിച്ച് മുന്നോട്ടോടി. ജ്യൂസ് പൊളിച്ചു. ഒഡിഷയില്‍ ഉപയോഗിക്കുന്ന ഉപ്പിന്റെ രുചി മലയാളികള്‍ക്ക് പൊതുവില്‍ ഇഷ്ടമാവില്ല. ആ അരുചി നേരത്തെ അറിഞ്ഞതിനാല്‍ ഉപ്പു ചേര്‍ക്കരുതെന്ന് പ്രത്യേകം നിര്‍ദേശിച്ചിരുന്നു. കരിമ്പ് ജ്യൂസ് നല്‍കിയ ഊര്‍ജത്തില്‍ ഉത്സാഹത്തോടെ മുകളിലേക്ക് കയറി. പടിക്കെട്ടുകള്‍ നിര്‍മിച്ചിരിക്കുന്നത് സൗകര്യമായി.
ഓരോ അടി കയറിപ്പോകുമ്പോഴും ചരിത്രം ആര്‍ത്തലച്ചുപെയ്യാന്‍ തുടങ്ങി. മൗര്യ സാമ്രാജ്യത്തെക്കുറിച്ച് പഠിച്ച കാര്യങ്ങളാണ് ഓര്‍മയില്‍ നുരയുന്നത്. പി.ജിക്കും തെരഞ്ഞെടുത്തത് ചരിത്രമായിരുന്നു. ബി.സി 262നും ബി.സി 261നും ഇടയിലായിരുന്നു ചരിത്രപ്രസിദ്ധമായ കലിംഗ യുദ്ധം. അശോകന്റെ മുത്തച്ഛന്‍ ചന്ദ്രഗുപ്ത മൗര്യന്‍ കലിംഗം കീഴടക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. സാധാരണ കുടുംബത്തില്‍ പിറന്ന അനാഥനും ഉപേക്ഷിക്കപ്പെട്ടവനുമായി വളരേണ്ടിവന്ന ഒരു ബാലനില്‍നിന്നായിരുന്നു ചന്ദ്രഗുപ്ത മൗര്യന്‍ എന്ന ലോകം എക്കാലവും ഓര്‍ക്കുന്ന ഭരണാധികാരി ജന്മമെടുത്തതെന്നത് നമ്മെ അത്ഭുതപ്പെടുത്തിയേക്കാം.
ലോകത്തിലെ എല്ലാ മനുഷ്യരുടെയും ശാന്തിക്കും സമാധാനത്തിനുമായാണ് ഇവിടെ പീസ് പഗോഡയെന്ന പേരില്‍ അറിയപ്പെടുന്ന ബുദ്ധസ്തൂപം സ്ഥാപിച്ചിരിക്കുന്നത്. ജപ്പാന്‍കാരനായ ബുദ്ധ സന്യാസിയും നിപ്പോണ്‍സന്‍ മ്യൊഹോജി ബുദ്ധമത വിഭാഗത്തിന്റെ സ്ഥാപകനുമായ നിച്ചിദാത്സു ഫുജിയുടെ മേല്‍നോട്ടത്തിലായിരുന്നു രണ്ടാം ലോകമഹായുദ്ധ കാലത്ത് ലോക സമാധാനത്തിന്റെ സമാരകമായി പീസ് പഗോഡ നിര്‍മിച്ചത്. ഹിരോഷിമയിലും നാഗസാക്കിയിലും പീസ് പഗോഡ യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. യുദ്ധം സമാധാനത്തിലേക്ക് നയിക്കുന്ന ചരിത്രഗതിക്കുളള ഉദാഹരണമാണ് പീസ് പഗോഡ.
ഇനി അല്‍പം ചരിത്രം
കലിംഗ യുദ്ധത്തില്‍ 70,700 ആയിരുന്നു അശോകന്റെ സൈനിക ബലം. 60,000 കാലാള്‍പ്പടയും 10,000 കുതിരപ്പടയും 700 ആനകളുമായാണ് കലിംഗ കീഴടക്കാന്‍ അശോകന്‍ പുറപ്പെട്ടത്. ഇന്ത്യാ ചരിത്രത്തില്‍ ഇത്രത്തോളം രക്തരൂക്ഷിതമായ മറ്റൊരു യുദ്ധം ഉണ്ടായിട്ടില്ലെന്നാണ് സുപ്രസിദ്ധ ഒറിയന്‍ ചരിത്രകാരനും പുരാവസ്തു ഗവേഷകനുമായ രമേശ് പ്രസാദ് മഹാപാത്ര അഭിപ്രായപ്പെടുന്നത്. യുദ്ധം ജയിച്ച രാജാവിനെ എന്നെന്നേക്കുമായി യുദ്ധം ചെയ്യില്ലെന്ന് പ്രഖ്യാപിക്കാനും ഈ ഒരു യുദ്ധം കാരണമായെന്നതും ചരിത്രത്തിലെ വൈരുധ്യമാണെന്നും പ്രസാദ് മഹാപാത്ര.
കലിംഗയുടെ വഴിയോരങ്ങളിലൂടെ മാര്‍ച്ച് ചെയ്ത അവസരത്തിലാണ് തകര്‍ന്ന കെട്ടിടങ്ങളും കത്തിക്കരിഞ്ഞ വീടുകളും യുദ്ധം മുറിവേല്‍പ്പിച്ച മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവികളെയും അശോകന്‍ കണ്ടത്. ഒരു ലക്ഷത്തിലധികം പേരാണ് യുദ്ധത്തില്‍ ഈയാംപാറ്റകളെപ്പോലെ ചത്തൊടുങ്ങിയത്. ഒന്നരലക്ഷത്തോളം ആളുകള്‍ക്ക് സ്വന്തം ഭൂമിയില്‍നിന്ന് പലായനം ചെയ്യേണ്ടിവന്നു. പരുക്കേറ്റവരും അംഗഭംഗം സംഭവിച്ചവരും എത്രയായിരുന്നെന്ന് കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. കലിംഗയില്‍ ചിന്തിയ രക്തത്താല്‍ ദയാനദി ചുവന്നെന്നാണ് പറയപ്പെടുന്നത്. കലിംഗയിലെ രക്തപ്പുഴയായിരുന്നു യുദ്ധത്തിന്റെ നിരര്‍ഥകത അശോകനെ ബോധ്യപ്പെടുത്തിയത്.
ചരിത്രത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുന്നതിനിടെ ചെങ്കുത്തായ കുന്നിന് മുകളില്‍ എത്തിയത് അറിഞ്ഞതേയില്ല. താഴ്ന്നു പറക്കുന്ന വിമാനത്തിന്റെ വിന്റോ സീറ്റില്‍ നിന്നെന്നപോലെ താഴ്‌വര അത്യഗാധതയില്‍ കണ്‍മുന്നില്‍. പാടവും ജലാശയങ്ങളുമായി നയനാന്ദകരമായി അങ്ങനെ പരന്നുകിടക്കുന്നു. ആ കാഴ്ച കാണാവുന്ന വിധത്തില്‍ പ്രത്യേകമാണ് ആ ഭാഗത്തെ ചുറ്റുമതില്‍ പണിതിരിക്കുന്നത്. എത്ര നേരം നിന്നാലും മടങ്ങാന്‍ തോന്നാത്ത ഒരിടം. പാക്കേജ് ടൂറിന്റെ പരിമിതികള്‍ തിരിച്ചുനടക്കാന്‍ പ്രേരിപ്പിച്ചു.
99 സഹോദരന്മാരെ
വെട്ടിവീഴ്ത്തിയ അശോകന്‍
മഹാവന്‍സ, ദീപവന്‍സ രേഖകള്‍ പ്രകാരം തന്റെ 99 സഹോദരന്മാരെ കൊന്നാണ് അശോകന്‍ അധികാരത്തിലെത്തിയത്. ഇളയവനായ ടിഷ്യയെ മാത്രമാണ് അശോകന്‍ വെറുതേവിട്ടത്. മൂത്തമകന്‍ സുസിമയെ പിന്‍ഗാമിയാക്കാനായിരുന്നു മരണക്കിടക്കയില്‍ കഴിയവേ ബിന്ദുസാരന്‍ ആഗ്രഹിച്ചതെങ്കിലും സുസിമയെ ഇഷ്ടമില്ലാതിരുന്ന മന്ത്രിമാര്‍ ചേര്‍ന്ന് അശോകനെ സിംഹാസനത്തിലേക്ക് എത്തിക്കുകയായിരുന്നു.
രാധാഗുപ്തനായിരുന്നു ഈ നീക്കത്തിന് ചുക്കാന്‍പിടിച്ചത്. അധികാരം കൈയിലെത്തിയതോടെ ഇദ്ദേഹത്തെ അശോകന്‍ പ്രധാനമന്ത്രിയാക്കിയെന്നും ചരിത്രരേഖകള്‍ പറയുന്നു. 25 വര്‍ഷക്കാലം മൗര്യസാമ്രാജ്യം ഭരിച്ച ബിന്ദുസാരന് 16 ഭാര്യമാരിലായി 101 മക്കള്‍ ഉണ്ടായിരുന്നു. പിന്തുടര്‍ച്ച ലഭിച്ചിട്ടും നാലു വര്‍ഷത്തോളം സഹാദരന്മാരുമായുള്ള അധികാരവടംവലികള്‍ തുടര്‍ന്നതിനാലാണ് കിരീടധാരണം ബി.സി 269ലേക്ക് നീണ്ടത്.
വടക്കുപടിഞ്ഞാറ് പേര്‍ഷ്യ (ഇറാന്‍)യും അഫ്ഗാനിസ്ഥാനും കിഴക്ക് ബര്‍മയും തെക്ക് സിലോണ്‍ (ശ്രീലങ്ക)വരെയും വിസ്തൃതമായിരുന്നു മൗര്യ സാമ്രാജ്യം. മറ്റൊരു രാജവിനും ഇത്രത്തോളം വിശാലമായ ഒരു സാമ്രാജ്യം ഇന്ത്യയില്‍ കെട്ടിപ്പടുക്കാന്‍ സാധിച്ചില്ലെന്നത് അശോകനിലെ യുദ്ധനൈപുണ്യത്തിന്റെ മായാത്ത തെളിവാണ്.
താനെന്ന വ്യക്തിയുടെ അധികാര മോഹത്താല്‍ സംഭവിച്ച ഇത്തരം ഒരു ദുരവസ്ഥ ഇനിയൊരിക്കലും കാണാനാവില്ലെന്ന ദൃഢനിശ്ചയത്താലായിരുന്നു അശോകന്‍ യുദ്ധം എന്നെന്നേക്കുമായി ഉപേക്ഷിച്ചത്. പിന്നീട് അദ്ദേഹം ബുദ്ധമത പ്രചാരകനും സമാധാനത്തിന്റെ സന്ദേശവാകനുമായി മാറിയെന്നതും ചരിത്രം. ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത നാള്‍ മുതല്‍ കീഴടക്കാന്‍ പരിശ്രമിച്ച ഒരു പ്രദേശം അതിസാഹസികമായി കൈപ്പിടിയിലൊതുക്കിയ ശേഷം യുദ്ധം ഉപേക്ഷിച്ച മറ്റൊരു സാമ്രാട്ടും ചരിത്രത്തിലില്ല.
ധൗലഗിരിയില്‍ നടന്ന പര്യവേക്ഷണങ്ങളില്‍ കലിംഗ ശാസനം കണ്ടെത്തിയിട്ടുണ്ട്. ബുദ്ധമതവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഒന്നാണ് ധൗലഗിരി. നിരവധി ബുദ്ധസ്തൂപങ്ങള്‍ ഈ മേഖലയിലുണ്ട്. പീസ പഗോഡ പണിതിട്ടില്ലായിരുന്നെങ്കില്‍ ധൗലഗിരിയെക്കുറിച്ചും അവിടെ നടന്ന മഹായുദ്ധത്തെക്കുറിച്ചും ആര്‍ക്കും ഒന്നും തോന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുരുക്ഷേത്രം സന്ദര്‍ശിച്ചത് ഓര്‍മയിലേക്ക് എത്തി. മഹാഭാരത യുദ്ധത്തിന് സാക്ഷിയായ കുരുക്ഷേത്രയില്‍ ഇന്ന് അവശേഷിക്കുന്നത് വിശാലമായ ഒരു മൈതാന പ്രദേശം മാത്രം.
നന്ദന്‍കാനം സുവോളജിക്കല്‍ പാര്‍ക്ക്
ഭൂവനേശ്വര്‍ സന്ദര്‍ശക പട്ടികയിലെ അവസാന ഇടമായിരുന്നു നന്ദന്‍കാനം സുവോളജിക്കല്‍ പാര്‍ക്ക്. ഞങ്ങളുടെ വണ്ടി ഉദ്യാന കവാടത്തില്‍ എത്തുമ്പോള്‍ നാലു മണി ആവാറായിരുന്നു. ബസില്‍ വച്ച് പരിചയപ്പെട്ട ചന്ദ്രശേഖറിനും കുടുംബത്തിനുമൊപ്പം അകത്തേക്ക് നടന്നു. നല്ല തിരക്കുണ്ട്. വളരെ മികച്ച രീതിയില്‍ സംരക്ഷിച്ചുവരുന്ന ഒരു ഉദ്യാനമാണ് അതെന്ന് പ്രവേശന കവാടത്തില്‍നിന്നു അകത്തേക്ക് കയറുമ്പോള്‍ തന്നെ ബോധ്യമാവും.
മനോഹരമായ ഒരു ജലധാരയാണ് സന്ദര്‍ശകരെ സ്വീകരിക്കുന്നത്. ഇതില്‍ വിരിയുന്ന വര്‍ണക്കാഴ്ചകള്‍കൂടി കണ്ടുമടങ്ങാമെന്ന് ആഗ്രഹിക്കുന്നവരാണ് ഉച്ചയ്ക്കു ശേഷം സന്ദര്‍ശനത്തിന് എത്തുന്നത്. സിംഹവും കടുവയും പുള്ളിപ്പുലിയും കരടിയും ഉള്‍പ്പെടെയുള്ള കാട്ടിലെ പ്രമാണിമാരെല്ലാം ഇവിടെയുണ്ട്. വെള്ളക്കടുവയെ കാണാനാണ് കൂടുതല്‍പേരും വിദൂരദേശങ്ങളില്‍ നിന്നുപോലും എത്തുന്നത്. ചുറ്റുമതിലിനുള്ളില്‍ ആഴംകൂടിയ കിടങ്ങിന്റെ മറുകരയിലാണ് വെള്ളക്കടുവകളെ പാര്‍പ്പിച്ചിരിക്കുന്നത്.
നാലടിയെങ്കിലും ഉയരമുണ്ട് കടുവ ദര്‍ശനത്തിനായി സന്ദര്‍ശകര്‍ മുട്ടിയുരുമ്മി നില്‍ക്കുന്ന ചുറ്റുമതിലിന്. കിടങ്ങിന്റെ എതിര്‍വശത്ത് മരങ്ങളുടെ ഇടയിലായി കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിര്‍മിച്ച അഴിയിട്ട കൂട് കണ്ടു. നിരവധി പേരായിരുന്നു വെള്ളക്കടുവയെ ഒരു നോക്കുകാണാന്‍ ചുറ്റുമതിലിനോട് ചേര്‍ന്നു തടിച്ചുകൂടിയത്. ഇന്ത്യയില്‍ വെള്ളക്കടുവകളെ പാര്‍പ്പിച്ചിരിക്കുന്ന ഏക മൃഗശാലകൂടിയാണിത്. 1960ല്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും 1979 മുതലാണ് ഇവിടേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിച്ച് തുടങ്ങിയത്.
രണ്ടു കടുവകളെയാണ് പാര്‍പ്പിച്ചിരുന്നത്. കൂടിന് പുറത്തിറങ്ങി കടുവകള്‍ നടക്കുമ്പോള്‍ എല്ലാ കണ്ണുകളും ആ കാഴ്ചയിലേക്ക് കേന്ദ്രീകരിച്ചു. അല്‍പം നടന്ന് വന്‍മരത്തിന്റെ താഴ്ത്തടിയില്‍ ദേഹം ഉരച്ച് ചുറ്റുപാടുകള്‍ വീക്ഷിച്ച് അവ കൂട്ടിലേക്ക് മടങ്ങുന്നത് ആവര്‍ത്തിച്ചു.. സാധാരണ കടുവകളെക്കാള്‍ പൊക്കവും ഭാരവും അവയ്ക്കുണ്ടായിരുന്നു. ഒരു ഷോ പോലെ വെള്ളക്കടുവകളുടെ സഞ്ചാരം കുറേനേരം തുടര്‍ന്നു. ഇരുള്‍മൂടി കാട്ടുപൊന്തകളും കടുവാക്കൂടും കാഴ്ചയില്‍നിന്ന് അപ്രത്യക്ഷമാവാന്‍ തുടങ്ങിയതോടെയാണ് ആളുകള്‍ കൊതിതീരാതെ പിന്തിരിഞ്ഞത്.
പത്തന്‍പതോളം മീറ്റര്‍ ദൂരെയായതും കാട്ടുപൊന്തകളും വന്‍മരങ്ങളും സൃഷ്ടിച്ച ചോലയും അവയെ കൊതിതീരെ കാണുന്നതിന് തടസമായി. വെള്ളക്കടുവയെ കണ്ട സന്തോഷത്താല്‍ മോട്ടു ഒച്ചവയ്ക്കാന്‍ തുടങ്ങി. തടിച്ചുരുണ്ട, കുസൃതി കളിയാടുന്ന മുഖമുള്ള കുട്ടിയായിരുന്നു മോട്ടു. അവന്റെ കണ്ണടയും ഭാവവുമെല്ലാം പുസ്തകപ്പുഴുവാണെന്ന് ധ്വനിപ്പിച്ചു. സഹോദരിക്ക് ഇവന്‍ ഒരൊറ്റ മകനേയുള്ളൂവെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു. അയാള്‍ പറഞ്ഞില്ലെങ്കിലും ആര്‍ക്കും അത് മനസിലാവുമായിരുന്നു.
990 ഏക്കറിലായി പരന്നുകിടക്കുന്നതാണ് നന്ദന്‍കാനം സുവോളജിക്കല്‍ പാര്‍ക്ക്. 2010ലെ സെന്‍സസ് പ്രകാരം 120 ജീവിവര്‍ഗങ്ങളിലായി 1,580 മൃഗങ്ങളാണ് ഇവിടെയുള്ളത്. വര്‍ഷത്തില്‍ 20 ലക്ഷം സന്ദര്‍ശകര്‍ എത്തുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വൈറ്റ് ടൈഗര്‍ സഫാരി, ലയണ്‍ സഫാരി, ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്, ഓര്‍ക്കിഡ് ഹൗസ് എന്നിവയാണ് ഈ കാഴ്ചബംഗ്ലാവിന്റെ സവിശേഷത. കാടിനോട് തൊട്ടുകിടക്കുന്ന ഇവിടെ 134 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കാഞ്ചിയ തടാകവും സുവോളജിക്കല്‍ പാര്‍ക്കിന്റെ ഭാഗമാണ്. ഒഡീഷ തീരം ലക്ഷ്യമാക്കിയെത്തിയ 1999ലെ സൂപ്പര്‍ സൈക്ലോണില്‍ കനത്തനാശം നേരിട്ട ഉദ്യാനം പിന്നീട് പുതുക്കിപ്പണിയുകയായിരുന്നു.
യാത്ര മടങ്ങുമ്പോള്‍
ഒരു മണിക്കൂറോളം സമയമാണ് ഞങ്ങള്‍ അവിടെ ചെലവഴിച്ചത്. പിന്നീട് ബസിനടുത്തേക്ക് തിരിച്ചുനടന്നു. അരകിലോമീറ്ററില്‍ അധികം ദൂരെയായിരുന്നു ബസ് കിടന്നത്. ഉദ്യാനത്തിന് സമീപത്തെ ബസ്സ്റ്റാന്റിനോട് ചേര്‍ന്നായിരുന്നു പാര്‍ക്കിങ് കേന്ദ്രം. വൈവിധ്യമാര്‍ന്ന ഭക്ഷ്യവസ്തുക്കളുടെ കച്ചവടം അവിടെ പൊടിപൊടിക്കുന്നു. ഒരു പൂരപ്പറമ്പിനോടായിരുന്നു ആ പാര്‍ക്കിങ് കേന്ദ്രത്തിന് സാമ്യം. ബസിനരികിലേക്ക് തിരിച്ചെത്തുമ്പോഴേക്കും നേരിയ തോതില്‍ ഇരുള്‍ പരന്നിരുന്നു. പാര്‍ക്കിങ് കേന്ദ്രത്തിന് സമീപത്തുനിന്നായിരുന്നു സവാളയും കക്കിരിയും ക്യാരറ്റും അരിഞ്ഞിട്ട ഫ്രഷ് ചെനമസാല കഴിച്ചത്. പഠാണിക്കടലക്കൊപ്പം നിലക്കടല, മണിക്കടല തുടങ്ങിയവയും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഐസ്‌ക്രീം കപ്പില്‍ നിറച്ചാണ് നല്‍കുന്നത്. 10 രൂപയായിരുന്നു വില. യാത്രക്കിടയില്‍ കഴിച്ച ഏറ്റവും രുചിയുള്ളവയില്‍ ഒന്നായിരുന്നു അത്. രണ്ട് കപ്പ് കഴിച്ചപ്പോഴേക്കും വിശപ്പിന് ശമനമായി.
സഹയാത്രികരെല്ലാം തിരിച്ചെത്താന്‍ കുറേ നേരമെടുത്തു. ഇരുണ്ട വഴികളിലൂടെ പുരി ലക്ഷ്യമാക്കി ബസ് നീങ്ങുന്നു. സഹയാത്രികരില്‍ മിക്കവരും ക്ഷീണത്താല്‍ മയങ്ങുന്നു. ആകെ മൂകമായ അന്തരീക്ഷം. തിരിച്ചെത്തിയപ്പോഴേക്കും ഏഴുമണി കഴിഞ്ഞിരുന്നു. ഉടന്‍ റെയില്‍വേ സ്‌റ്റേഷന്‍ അന്വേഷിച്ചു. തിരിച്ചുപോകാന്‍ ആ ഒരിടം പരിചയപ്പെടേണ്ടത് അത്യാവശ്യമാണല്ലോ. ഒന്നര കിലോമീറ്ററോളം മാറിയായിരുന്നു പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ മാതൃകയില്‍ പണികഴിപ്പിച്ച റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം. ഒട്ടുമിക്ക ദീര്‍ഘദൂര തീവണ്ടികളും പുലര്‍ച്ചേ വന്നെത്തുകയും രാവില്‍ വിവിധ ഇടങ്ങളിലേക്ക് കൂകിപ്പായുകയും ചെയ്യുന്നതിനാലാവാം പകല്‍ വലിയതോതിലുള്ള തിരക്കൊന്നും അനുഭവപ്പെടാത്തത്. കറങ്ങിത്തിരിഞ്ഞ് റൂം സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് എത്തി. നഗരങ്ങളില്‍ അലസഗമനത്തിന് പറ്റിയ നേരം വൈകുന്നേരങ്ങളാണ്. പ്രത്യേകിച്ചും കടല്‍ക്കരയില്‍ സ്ഥിതിചെയ്യുന്ന കോഴിക്കോട് പോലുള്ള നഗരങ്ങളാവുമ്പോള്‍. കടല്‍ത്തീരത്തോടു ചേര്‍ന്നുകിടക്കുന്നതായതിനാലാവാം കോഴിക്കോടിനോടെന്നപോലുള്ള ഒരിഷ്ടം ആ നഗരത്തോടും തോന്നിയത്. മറ്റു തിരക്കുകളൊന്നുമില്ലാത്തതിനാല്‍ കടല്‍ക്കരയിലേക്ക് നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."