സംസ്ഥാനത്ത് നാളെ ഭാരത് ബന്ദെന്ന് പ്രചാരണം; കർശന നടപടിയെന്ന് പൊലിസ്
തിരുവനന്തപുരം
കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ചില സംഘടനകള്‍ നാളെ (തിങ്കളാഴ്ച) ഭാരത് ബന്ദ് പ്രഖ്യാപിച്ചെന്ന് പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ പൊലിസിനോട് തയാറായിരിക്കാന്‍ നിര്‍ദേശം നല്കി സംസ്ഥാന പൊലിസ് മേധാവി.
സ്വീകരിക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ച് ഡി.ജി.പി അനില്‍കാന്ത് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
അക്രമങ്ങള്‍ക്ക് നടത്തുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്യും. സംസ്ഥാനത്തെ മുഴുവന്‍ പൊലിസ് സേനയും തിങ്കളാഴ്ച മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കണം.
പൊതുജനങ്ങള്‍ക്കെതിരേയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. കോടതികള്‍, കെ.എസ്.ആര്.ടി.സി, മറ്റു സര്‍ക്കാര്‍ ഓഫിസുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് സംരക്ഷണം നല്കാന് ജില്ല പൊലിസ് മേധാവികള്‍ നടപടി സ്വീകരിക്കും. സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പൊലിസ് സുരക്ഷ ഉറപ്പാക്കും.
പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായറാഴ്ച രാത്രി മുതല്‍ പൊലിസ് പിക്കറ്റിങ്ങും പട്രോളിങ്ങും ഏര്‍പ്പെടുത്തും. ജില്ല പൊലിസ് മേധാവിമാരുടെ നേതൃത്വത്തില്‍ റേഞ്ച് ഡി.ഐ.ജിമാരും മേഖല ഐ.ജിമാരും സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."