സോഷ്യലിസം ഇന്ന് മമതാ ബാനര്‍ജിയുടെ കഴുത്തില്‍ മിന്നുകെട്ടും
മണ്ണഞ്ചേരി: (ആലപ്പുഴ) സോഷ്യലിസം ഇന്ന് മമതാ ബാനര്‍ജിയുടെ കഴുത്തില്‍ മിന്നുകെട്ടും. ഇന്ന് സേലത്ത് വച്ചാണ് സോഷ്യലിസം മമതാ ബാനര്‍ജിയെ ജീവിത സഖാവാക്കുന്നത്. ആശിര്‍വദിക്കാനും അനുഗ്രഹിക്കാനും കമ്മ്യൂണിസവും ലെനിനിസവും ഒപ്പമുണ്ടാകും. സി.പി.ഐ സേലം ജില്ലാ സെക്രട്ടറി എ മോഹന്റെ മൂന്നു ആണ് മക്കളില്‍ ഏറ്റവും ഇളയ മകനാണ് ഇന്ന് വിവാഹിതനാകുന്ന സോഷ്യലിസം. മൂത്ത മകന് കമ്മ്യൂണിസവും രണ്ടാമത്തെ മകന് ലെനിനിസവും വിവാഹിതരാണ്. അടിയുറച്ച കമ്യൂണിസ്റ്റ് പ്രത്യേയശാസ്ത്ര വിശ്വാസിയും പാര്‍ട്ടി പ്രവര്ത്തകനുമായതിനാലാണ് പി.മോഹനന് തനിക്ക് പിറന്ന മക്കള്‍ക്കെല്ലാം താന്‍ വിശ്വസിക്കുന്ന പ്രത്യേയശാസ്ത്രത്തില്‍ നിന്നുള്ള പേരുതന്നെയിട്ടത്. മൂത്ത മകന് കമ്മ്യൂണിസം തമിഴ്നാട്ടില്‍ അഭിഭാഷകനാണ്. രണ്ടാമത്തെ മകന് ലെനിനിസവും നവവരന് സോഷ്യലിസവും സ്വന്തമായി വെള്ളി ആഭരണ നിര്‍മാണ യൂനിറ്റ് നടത്തുകയാണ്. മൂവരും അച്ഛനൊപ്പം നാട്ടില്‍ നിറഞ്ഞു നില്ക്കുന്ന സി.പി.ഐ പ്രവര്‍ത്തകരാണ്. രണ്ടാമത്തെ മകന് ലെനിനിസത്തിന്റെ കുട്ടിയുടെ പേര് മാര്‍ക്സിസം എന്നാണ്. നവവധു മമതാ ബാനര്‍ജിയുടെ മുത്തച്ഛനും അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള കുടുംബക്കാര് എല്ലാം തികഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. മാമതാ ബാനര്‍ജി പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസില്‍ നിറഞ്ഞു നിന്നിരുന്നപ്പോഴാണ് സോഷ്യലിസത്തിന്റെ നവവധുവിന് മമതാ ബാനര്‍ജിയെന്ന പേരും വന്നുചേര്‍ന്നത്. ഇന്ന് രാവിലെ 10ന് മോഹന്റെ വീട്ടില്‍ വച്ച് സി.പി.ഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറി ആര്. മുത്തരസനടക്കം 20 പേരോളം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലാണ് സോഷ്യലിസവും മാമതാ ബാനര്‍ജിയും ഒന്നാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."