അഗ്നിവീരന്മാർക്ക് ബി.ജെ.പി ഒാഫിസുകളുടെ സുരക്ഷാ ജോലി; വിവാദം
ന്യൂഡല്‍ഹി
അഗ്‌നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് കൈലാഷ് വിജയ വര്‍ഗിയ. അഗ്‌നിവീരന്മാരെ സര്‍വിസിനുശേഷം ബി.ജെ.പി ഓഫിസുകളില്‍ സുരക്ഷാ ജീവനക്കാരായി നിയമിക്കുമെന്നാണ് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗിയയുടെ പരാമർശം.
പരിശീലനം നേടി നാലുവര്‍ഷത്തിന് ശേഷം അഗ്‌നിവീരന്മാര്‍ സര്‍വിസില്‍നിന്ന് പിരിയുമ്പോള്‍ 11 ലക്ഷം രൂപയും അഗ്‌നിവീര്‍ പദവിയും ലഭിക്കും. വേണ്ടിവന്നാൽ ബി.ജെ.പി ഓഫിസിൻ്റെ സുരക്ഷയ്ക്കായി അഗ്‌നിവീരന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി നേതാവിൻ്റെ പരാമര്‍ശം വിവാദമായതോടെ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ശിവസേനയും വിമര്‍ശനവുമായി രംഗത്തെത്തി. രാജ്യത്തെ സൈനികരെയും യുവാക്കളെയും അവഹേളിക്കരുതെന്ന് അരവിന്ദ് കെജ്രിവാള് വിജയ വര്‍ഗിയയോട് ആവശ്യപ്പെട്ടു. അഗ്‌നിപഥ് പദ്ധതിയെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ബി.ജെ.പി ജനറല്‍ സെക്രട്ടറി തീര്‍ത്തുനല്‍കിയെന്നായിരുന്നു കോണ്‍ഗ്രസിൻ്റെ പ്രതികരണം. ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദിയും ബി.ജെ.പി. നേതാവിനെതിരേ രംഗത്തെത്തി.
അഗ്‌നിപഥ് പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് ഡ്രൈവര്‍മാര്‍, ഇലക്ട്രീഷ്യന്‍, അലക്കുകാരന്‍, ബാര്‍ബര്‍മാര്‍ തുടങ്ങിയ തൊഴില്‍മേഖലകളില്‍ പരിശീലനം നല്‍കുമെന്നും അവര്‍ക്ക് ഭാവിയില്‍ ഉപകാരപ്പെടുമെന്ന കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിയുടെ പരാമര്‍ശവും വിവാദത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."