സി.പി.എമ്മിലെ കുറ്റവും ശിക്ഷയും
സമരങ്ങളോടും പ്രതിഷേധ മുറകളോടും മാത്രമല്ല, പാര്‍ട്ടിക്കുള്ളിലെ അച്ചടക്ക ലംഘനത്തിനുള്ള നടപടികളിലും വൈരുധ്യാത്മകതയാണ് സി.പി.എമ്മിലിപ്പോള്‍. ഈ പാര്‍ട്ടിയെന്താ ഇങ്ങനെയെന്ന ചിന്ത അടിയുറച്ച സഖാക്കളിലും വേരോടിത്തുടങ്ങിയപ്പോഴാണ് പയ്യന്നൂരിലെ അച്ചടക്കനടപടിയും അതിലെ ഇരട്ടത്താപ്പും പുറത്തായത്. അന്തരിച്ച മുതിര്‍ന്ന വനിതാ നേതാവ് എം.സി ജോസഫൈന്‍ പാര്‍ട്ടി ഒരു കോടതിയും പൊലിസ് സ്റ്റേഷനും കൂടിയാണെന്നു പറഞ്ഞത് ആരും മറന്നിട്ടുണ്ടാവില്ല. ഈ പാര്‍ട്ടിക്ക് സ്വന്തമായി നിയമവും നീതിയുമുണ്ടെന്നും കുറ്റവും ശിക്ഷയുമൊക്കെ വിധിക്കലും നടപ്പാക്കലും പാര്‍ട്ടി തന്നെയാണെന്നുമാണ് അപ്പറഞ്ഞതിന്റെ അര്‍ഥം. രാജ്യത്തു നിലനില്‍ക്കുന്ന വ്യവസ്ഥാപിതമായ നിയമങ്ങളിലൊന്നും പരാതിക്കാരനെ ശിക്ഷിക്കാറില്ലെങ്കിലും സി.പി.എമ്മിന്റെ ശിക്ഷാരീതി അങ്ങനെയല്ല, പരാതി കൊടുത്താലും അത് അച്ചടക്ക ലംഘനമാണ്, നടപടിയുണ്ടാകും. കുറ്റക്കാര്‍ക്കും ശിക്ഷയുണ്ടാകുമെന്ന് ആശ്വസിക്കാമെങ്കിലും പരാതിയുമായി എ.കെ.ജി സെന്ററിലേക്ക് പോകണോ എന്ന് നേതാക്കള്‍ക്കെതിരേ വാറോലയെഴുതുന്ന സഖാക്കള്‍ രണ്ടുവട്ടം ആലോചിക്കണം. അത്രയേ പുതിയകാലത്തെ ശിക്ഷാവിധികളിലൂടെ സി.പി.എം ലക്ഷ്യമിടുന്നുള്ളൂ.
ഉദാഹരണം ഒരുപാടുണ്ട്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരേ പരാതിനല്‍കിയ സി.കെ.പി പത്മനാഭനെതിരേ നടപടിവന്നു. എ.കെ ബാലനെതിരേ പരാതിനല്‍കിയ എന്‍.എന്‍ കൃഷ്ണദാസ്, ശശിക്കെതിരേ പരാതിനല്‍കിയ കണ്ണൂരിലെ തന്നെ ഡി.വൈ.എഫ്.ഐ നേതാവ്, പാലക്കാട് പി.കെ ശശിക്കെതിരേ പരാതിനല്‍കിയ വനിതാ നേതാവ്, തിരുവനന്തപുരത്തെ പാര്‍ട്ടി പത്രത്തിലെ മാനേജര്‍ക്കെതിരേ പരാതിനല്‍കിയ സംസ്ഥാന കമ്മിറ്റി അംഗം ജെ. മേഴ്‌സിക്കുട്ടിയമ്മ... അങ്ങനെ ഈ നിര നീണ്ടതാണെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവുമൊടുവില്‍ പയ്യന്നൂരില്‍ 51 ലക്ഷത്തിന്റ ഫണ്ട് തിരിമറി നടന്നുവെന്ന് പരാതിനല്‍കിയ ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെതിരേയും എടുത്തു നടപടി. ആരോപണവിധേയനായ മുന്‍ ഏരിയാ സെക്രട്ടറിയും ഇപ്പോഴത്തെ പയ്യന്നൂര്‍ എം.എല്‍.എയുമായ ടി.ഐ മധുസൂദനനെതിരേ സി.പി.എം എടുത്ത നടപടിയിലുമുണ്ട് പ്രത്യേകത. ജില്ലാ സെക്രട്ടേറിയറ്റില്‍നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
'രക്തസാക്ഷി ഫണ്ടി'ല്‍ വരെ തിരിമറിയെന്ന വലിയ കുറ്റത്തിനാണ് ഈ ചെറിയ ശിക്ഷ. ഇത്രയൊന്നും വലുതല്ലാത്ത കുറ്റത്തിനാണ് കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ.പി പത്മനാഭനെ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്. താക്കീത്, ശാസന, പരസ്യശാസന, തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് നീക്കല്‍, സസ്‌പെന്‍ഷന്‍, പുറത്താക്കല്‍ എന്നിങ്ങനെയാണ് അച്ചടക്ക ലംഘനത്തിന് സി.പി.എം ഭരണഘടന നിര്‍ദേശിക്കുന്ന ശിക്ഷകള്‍. നേതൃത്വത്തിനു വേണ്ടപ്പെട്ടവര്‍ കുറ്റക്കാരായി വരുന്ന സാഹചര്യത്തില്‍ വൈകാതെ പാര്‍ട്ടിയിലും ഏത്തമിടീക്കുക, യോഗത്തില്‍നിന്ന് പുറത്തുനിര്‍ത്തുക തുടങ്ങിയ ശിക്ഷാവിധികളും വരാനുള്ള സാധ്യതയും വിദൂരമല്ല.
ഈയടുത്തായി സി.പി.എം വര്‍ഗരാഷ്ട്രീയത്തിനൊക്കെ അവധിനല്‍കി വികസന രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ ശ്രമിച്ചപ്പോള്‍ നിലപാടുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി പരമ്പരാഗതവാദികളും ചില മാധ്യമങ്ങും രംഗത്തുവന്നിട്ടുണ്ട്. പൊലിസ് സ്റ്റേഷനുള്ളില്‍ വരെ ബോംബുണ്ടാക്കാം എന്നുവാദിച്ച നേതാവിപ്പോള്‍ വിമാനത്തില്‍വച്ച് ഒരു മുദ്രാവാക്യം വിളിച്ചതിനെ വരെ വലിയ തെറ്റായിട്ടാണു കാണുന്നത്. കറുത്ത തുണി വീശി പ്രതിഷേധിക്കുന്നത് അവകാശമായി കണ്ടവര്‍ കറുപ്പിനെത്തന്നെ വെളുപ്പാക്കി മാറ്റിയാണ് നാടുചുറ്റുന്നത്. മുദ്രാവാക്യങ്ങളെയും സി.പി.എം ഭയപ്പെടുന്നതാണ് ഏറെ ആശ്ചര്യകരം. കയ്യൂര്‍, കരിവെള്ളൂര്‍, പുന്നപ്ര, വയലാര്‍... തുടങ്ങി ചോരവീണ മണ്ണുകള്‍ മലയാളികളുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ അത് കേരളക്കരയില്‍ മുഴങ്ങിയ മുദ്രാവാക്യത്തിന്റെ ഈണത്തിലും കരുത്തിലുംകൂടിയായിരുന്നു. പാര്‍ട്ടി സമ്മേളനങ്ങളില്‍ മാത്രമല്ല ഈ മുദ്രാവാക്യങ്ങള്‍ സി.പി.എം ആവേശത്തോടെ മുഴക്കിയത്. എണ്ണമറ്റ പ്രതിഷേധ ഭൂമികയില്‍ അണികള്‍ക്ക് ആവേശമായത് മുദ്രാവാക്യങ്ങളുടെ താളമായിരുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ 'പ്രതിഷേധം, പ്രതിഷേധം' എന്ന രണ്ടുവരി മുദ്രാവാക്യത്തില്‍ പാര്‍ട്ടിയിപ്പോള്‍ നിലതെറ്റിയതു പോലെയാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍വച്ചു നടന്ന ഈ പ്രതിഷേധത്തിന്റെ അലയൊലികള്‍ ഇനിയും വാനില്‍നിന്നും വിണ്ണില്‍നിന്നും മാഞ്ഞുപോയിട്ടില്ല. ലക്ഷക്കണക്കിന് സി.പി.എം പ്രവര്‍ത്തകരില്‍ നിന്നുയര്‍ന്ന വിപ്ലവമുദ്രാവാക്യത്തിനേക്കാള്‍ ശക്തിയുണ്ട് ഈ രണ്ടുവരി പ്രതിഷേധ മുദ്രാവാക്യത്തിനെന്ന് പാര്‍ട്ടി തന്നെയാണ് നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നത്.
സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളില്‍ പുതുമയില്ലെങ്കിലും അതിനെ സി.പി.എം നേതൃത്വം ഇത്രയേറെ ഭയപ്പെടുന്നത് പുതുമയുള്ളതാണ്. ബിരിയാണി ചെമ്പില്‍ കോണ്‍സുലേറ്റില്‍നിന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സ്വര്‍ണം കടത്തിയെന്നാണ് സ്വപ്‌നയുടെ രഹസ്യമൊഴിയിലെ വെളിപ്പെടുത്തലില്‍ ചിലതെന്നാണ് അവര്‍തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയെ മാത്രമല്ല, ഭാര്യയെയും മകളെയും ആരോപണത്തിന്റെ പുകമറയില്‍ നിര്‍ത്തുകയും ചെയ്തു. ഈ വെളിപ്പെടുത്തലിനു പിന്നാലെ യു.ഡി.എഫും ബി.ജെ.പിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങി. സ്വഭാവികമായും ഒരു ഗുരുതര ആരോപണം ഉയരുമ്പോള്‍ പ്രതിപക്ഷം സ്വീകരിച്ചുവരുന്ന നിലപാടു തന്നെയാണത്. മുഖ്യമന്ത്രിക്കു പിന്നാലെ കറുത്തകൊടിയുമായി പ്രതിപക്ഷ യുവജന സംഘടനകളും പറന്നു. എന്നാല്‍ കേരളം ഇതുവരെ കാണാത്ത സുരക്ഷയൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ പിടികൊടുക്കാതെ നാടുചുറ്റി. കറുപ്പിനെ അകറ്റിനിര്‍ത്താന്‍ സര്‍വതിനെയും 'വെളുപ്പിക്കാനുള്ള' പൊലിസിന്റെ ശ്രമം വ്യാപകമായ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. മുഖ്യമന്ത്രി ഓരോ മണിക്കൂറും സുരക്ഷയുടെ എണ്ണം കൂട്ടിയപ്പോള്‍ തകര്‍ന്നത് സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രതിച്ഛായകൂടിയാണെന്ന് നേതൃത്വം മറന്നുപോകരുതായിരുന്നു.
യു.ഡി.എഫ് ഭരണകാലത്ത് സരിത എസ്. നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ സോളാര്‍ കേസില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഭരണസിരാകേന്ദ്രങ്ങള്‍ സ്തംഭിപ്പിക്കുകയും പ്രതിഷേധ സമരങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്ത പാര്‍ട്ടിയാണ് സി.പി.എം. വര്‍ഷം ഏഴു കഴിഞ്ഞപ്പോള്‍ സമരങ്ങളുടെ രീതിയില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അതില്‍ ഒന്നായി വേണമെങ്കില്‍ വിമാനത്തില്‍വച്ചുള്ള പ്രതിഷേധത്തെയും കാണാം. എതിരാളിക്കൊത്ത പ്രതിഷേധം എങ്ങനെ സംഘടിപ്പിക്കണമെന്ന് വ്യക്തമായി അറിയുന്ന പാര്‍ട്ടിയാണ് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും.
ഒന്നര പതിറ്റാണ്ടിലേറെ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരുന്ന പിണറായിക്ക് പ്രതിഷേധ സമരങ്ങളെക്കുറിച്ചു വ്യക്തമായ നിശ്ചയമുണ്ടാകും. എന്നാല്‍ ഒരുകാലത്ത് ഏറ്റുചൊല്ലി നടന്ന, ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നുവെന്ന മാക്കിയ വെല്ലിയുടെ വാചകമൊന്നും ഇപ്പോള്‍ സി.പി.എമ്മിന്റെ നിഘണ്ടുവിലില്ല. ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ നടന്നത് അതിരുകടന്ന പ്രതിഷേധമായി എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല, നിലവിലുള്ള നിയമമനുസരിച്ച് അതിനുള്ള ശിക്ഷ പ്രതിഷേധക്കാര്‍ക്ക് ലഭിക്കും. അതെന്തുമാകട്ടെ, അതിനെ നേരിട്ട സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ ഇ.പി ജയരാജന്റെ ശൈലിയും വിമര്‍ശിക്കപ്പെടേണ്ടതു തന്നെയാണ്.
പരാതിക്കാര്‍ക്കെതിരേ നടപടിയെന്ന സി.പി.എം സംഘടനാരീതി തന്നെ സര്‍ക്കാരും തുടരുന്നുവെന്നാണ് സ്വപ്‌ന സുരേഷിനെതിരേയുള്ള തുടര്‍കേസുകള്‍ വ്യക്തമാക്കുന്നത്. ഇനിയെങ്കിലും ഇത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സ്വപ്‌നയുടെ വാക്കുകളെല്ലാമൊന്നും കേരളം മുഖവിലക്കെടുത്തിട്ടില്ല. അവയില്‍ വസ്തുതയില്ലെങ്കില്‍ അതു പുറത്തുകൊണ്ടുവരാനാണ് പൊലിസും സര്‍ക്കാരും ശ്രമിക്കേണ്ടത്. അല്ലാതെ പ്രതിഷേധശബ്ദങ്ങളെ അധികാരമുപയോഗിച്ച് അടിച്ചമര്‍ത്താനല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."