ഖത്തറിലേക്ക് വരുന്ന വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റയിന്‍ ഒഴിവാക്കുന്ന കാര്യം ഖത്തര്‍ അധികൃതരുമായി ചര്‍ച്ച നടത്തി വരുന്നതായി ഇന്ത്യന്‍ അംബാസിഡര്‍
ദോഹ: ഖത്തറിലേക്ക് വരുന്ന വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കുന്ന കാര്യം ഖത്തര്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരുന്നതായും അനുകൂല നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍. ഖത്തറിലെ ഇന്ത്യന്‍ അപെക്‌സ് ബോഡി സംഘടനകളുടെയും അഫിലിയേറ്റഡ് സംഘടനകളുടെയും പ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലും ഖത്തറിലും കോവിഡിന്റെ രണ്ടാം തരംഗം വലിയ വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഖത്തര്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നത്. ഇപ്പോള്‍ ഇന്ത്യയിലെ കോവിഡ് സാഹചര്യത്തില്‍ മാറ്റം ഉണ്ടായിട്ടുണ്ട്. ഖത്തറും കോവിഡ് മുക്തിയുടെ പാതയിലാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ഇളവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അംബാസഡര്‍ പറഞ്ഞു.
കോവിഡ് വെല്ലുവിളിക്കെതിരേ പോരാടുന്ന ഇന്ത്യക്ക് ഖത്തറും ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സംഘടനകളും വലിയ പിന്തുണയാണ് നല്‍കിയതെന്ന് അംബാസഡര്‍ പറഞ്ഞു.
ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐസിസി പ്രസിഡന്റ് പി എന്‍ ബാബുരാജ്, ഐബിപിസിയുടെ അസിം അബ്ബാസ്, ഐഎസ്‌സി വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത് തുടങ്ങിയവര്‍ അതത് സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വിവിധ സംഘടനാ പ്രതിനിധികള്‍ പ്രവാസി പ്രശ്‌നങ്ങള്‍ അംബാസഡറുടെ ശ്രദ്ധയില്‍പ്പെടുത്തി. വിഷയങ്ങളില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അംബാസഡര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."