സോഷ്യല്‍ മീഡിയയും തകരുന്ന സമൂഹവും
സോഷ്യല്‍ മീഡിയയുടെ മുന്നേറ്റം നമ്മുടെ വിജ്ഞാനമേഖലയ്ക്കു വന്‍നേട്ടം നല്‍കുന്നുണ്ട്. മനുഷ്യമനസുകളിലേയ്ക്ക് ആശയങ്ങള്‍ കടത്തിവിടുന്നതില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കുതിച്ചുമുന്നേറുകയാണ്. പക്ഷേ, ഈ വിജയത്തിനൊപ്പം ഇതുണ്ടാക്കുന്ന കെടുതികളും ചെറുതല്ലെന്നുകണ്ട് അതിനെ അതിജീവിക്കാന്‍ കഴിയണം.
പരസ്പരവിശ്വാസത്തോടെയും സ്‌നേഹത്തോടെയും അന്യോന്യം വിട്ടുവീഴ്ചയും പൊരുത്തപ്പെടലും കൈമുതലാക്കി നല്ല കുടുംബ ജീവിതം നയിച്ചുവരുന്നവരുടെ നാടാണു കേരളം. സോഷ്യല്‍മീഡിയ അധീശസ്ഥാനത്തേയ്ക്ക് എത്തിയപ്പോള്‍ മലയാളിയുടെ സാമൂഹ്യസങ്കല്‍പ്പങ്ങള്‍ക്കും കുടുംബഭദ്രതയ്ക്കുമൊക്കെ വന്‍തോതില്‍ അപചയവും സംഭവിക്കുകയാണ്. ഇന്ത്യാരാജ്യത്തു ക്രൈംനിരക്കും ആത്മഹത്യാനിരക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമൊക്കെ കൂടിയ സംസ്ഥാനമാണല്ലോ നമ്മുടേത്. ഈ ദുഃസ്ഥിതി ഒരു വ്യാഴവട്ടക്കാലത്തിലധികമായി ക്രമേണ ഇവിടെ കൂടുകയാണ്.
പൊതുനിരത്തില്‍ പരസ്പരം ചുംബിക്കാനായി തെരുവിലിറങ്ങി അതു തങ്ങളുടെ അവകാശമാണെന്നു സ്ഥാപിച്ചെടുക്കാന്‍ കൊച്ചിയിലും കോഴിക്കോട്ടും മറ്റും കുറേ മലയാളി യുവതി-യുവാക്കള്‍ നടത്തിയ കോലം കെട്ടിയാടലുകള്‍ ആരും മറന്നിട്ടുണ്ടാകില്ല. വ്യക്തിസ്വാതന്ത്ര്യം അതിരുവിട്ട ഭ്രമണപഥം തേടുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയും അമ്പരപ്പുമാണ് അത്തരം സംഭവങ്ങള്‍ മലയാളിക്കു സമ്മാനിച്ചത്. കാണാമറയത്തിരുന്ന് ആര്‍ക്കും ആരേയും യഥേഷ്ടം കണ്ടു സംസാരിക്കാവുന്ന ചുറ്റുപാടില്‍ നാം എത്തിയിരിക്കുന്നു. വിദൂരതയില്‍നിന്ന് ആര്‍ക്കുമെപ്പോഴും എങ്ങനെയും സല്ലാപംനടത്താന്‍ ഇപ്പോള്‍ കഴിയുന്നു. ഏതു കളവും സമൂഹത്തെക്കൊണ്ട് എങ്ങനെയും വിശ്വസിപ്പിക്കാനും സോഷ്യല്‍ മീഡിയയിലൂടെ സാധിക്കുന്ന കാലഘട്ടമാണിത്. വന്‍ക്രിമിനല്‍ കുറ്റങ്ങള്‍ക്കുള്ള തയാറെടുപ്പും ഇതോടൊക്കെ ബന്ധപ്പെട്ടു നടക്കുന്നു. ഇതൊക്കെവഴി സാമൂഹ്യപ്രതിബദ്ധതകള്‍ക്കും കുടുംബബന്ധങ്ങള്‍ക്കും പലപ്പോഴും ചരമഗീതം എഴുതപ്പെടുന്നുമുണ്ട്. നമ്മുടെ സദാചാരനിഷ്ഠ ജീവിതക്രമങ്ങള്‍ ആപത്കരമാംവിധം അപഥസഞ്ചാരം നടത്തിക്കൊണ്ടിരിക്കുന്നുവെന്ന സത്യം നാം വിസ്മരിച്ചുകൂടാ. അടിയന്തരമായി ഇതൊക്കെ ഗുരുതരസാമൂഹ്യപ്രശ്‌നങ്ങളായി കണക്കാക്കി പരിഹാരമാര്‍ഗങ്ങള്‍ വിജയപ്രദമായി നടപ്പാക്കാത്തപക്ഷം നമ്മുടെ കേരളം അരക്ഷിതാവസ്ഥയിലേയ്ക്കു മുതലക്കൂപ്പു നടത്തുമെന്നുറപ്പാണ്. നിമയവ്യവസ്ഥയ്‌ക്കൊപ്പം സാമൂഹ്യ-ധാര്‍മ്മിക ആത്മീയ പ്രസ്ഥാനങ്ങളും ഈ രംഗത്തു കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതുണ്ട്.
കാമുകനോടൊപ്പം ജീവിക്കാന്‍വേണ്ടി സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കുകയും കുഞ്ഞിനെയും ഭര്‍തൃമാതാവിനെയും കൊന്ന കുറ്റത്തിന്റെപേരില്‍ പ്രതിയാകുകയും ചെയ്ത ആറ്റിങ്ങലിലെ അനുശാന്തിയുടെ കേസ് കേരളത്തെ ഇപ്പോഴും ഞെട്ടിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കാമുകിക്കൊപ്പം ജീവിക്കാന്‍ സ്വന്തം ഭാര്യയെ കൊന്നു കെട്ടിതൂക്കിയ സംഭവവും അടുത്തകാലത്തു കേരളത്തില്‍ നടന്നതാണ്.
ഏറ്റവുമൊടുവിലായി മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന മെല്‍ബണിലെ സെന്‍ഷേണല്‍ കൊലയിലും പ്രതികള്‍ മലയാളികളായ കമിതാക്കളാണ്. സ്‌കൂള്‍തലംതൊട്ടു പ്രേമിച്ചു വിവാഹിതരായി ഒന്നിച്ചു ജീവിച്ച ദമ്പതിമാരായിരുന്നു സാമും സോഫിയയും. സ്‌കൂള്‍തലത്തില്‍നിന്നു കോളജ് തലത്തിലെത്തിയപ്പോള്‍ സോഫിയ മറ്റൊരു യുവാവുമായിക്കൂടി പ്രണയത്തിലാവുകയും രണ്ടുപ്രേമങ്ങളും അഭംഗുരം ഒരേസമയം തുടരുകയും ചെയ്തിരുന്നു.
അവസാനം സാമും സോഫിയയും വിവാഹിതയായി. പക്ഷേ, ഭര്‍ത്താവായ സാമിന് അത് മരണയാത്രയായി മാറുകയും ചെയ്തു. കൂടുതല്‍ സുഖകരമായ ജീവിതം ലഭിക്കാന്‍ സമര്‍ഥമായി സ്വന്തം ഭര്‍ത്താവായ സാമിനെ കൂട്ടിക്കൊണ്ടുപോയി കാമുകനെകൊണ്ട് അയാളെ കൊല്ലിച്ച ഈ യുവതി ഇപ്പോള്‍ കല്‍തുറുങ്കിലടയ്ക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ സാമൂഹിക വ്യവസ്ഥയിലുണ്ടായ അപചയം ആപത്കരമാണെന്നു മേല്‍പ്രസ്താവിച്ച സംഭവങ്ങള്‍ വിളിച്ചോതുന്നു. സദാചാരനിഷ്ഠമായ സാമൂഹ്യ ക്രമത്തിനുവേണ്ട ധാര്‍മികാന്തരീക്ഷം സൃഷ്ടിക്കുവാന്‍ നമുക്കു കഴിയേണ്ടതല്ലേ. പാശ്ചാത്യാധിനിവേശത്തിന്റെ സ്വാധീനമേഖലകള്‍ കേരളീയസമൂഹത്തിലും വാരിവിതറുന്നതില്‍ സോഷ്യല്‍മീഡിയയ്ക്കുള്ള പങ്കു കുറച്ചു കാണുന്നതിലര്‍ഥമില്ല. ആരെയും വ്യക്തിഹത്യ നടത്താനും അപമാനിക്കാനും ഏതു കുപ്രചരണവും നടത്താനുമുള്ള ലൈസന്‍സായി സോഷ്യല്‍ മീഡിയ മാറിക്കൂടാ. മോശപ്പെട്ടതോ, ദേശവിരുദ്ധമോ, അപമാനം വാരി വിതറുന്നതോ ആയ ഏതാശയവും സോഷ്യല്‍ മീഡിയ വഴി ഇവിടെ വ്യാപിക്കുന്നുണ്ട്.
വ്യക്തിവിദ്വേഷം തീര്‍ക്കാനും രാഷ്ട്രീയ പകപോക്കാനും വൈകൃതങ്ങളും ലൈംഗികഅരാജകത്വങ്ങളും സൃഷ്ടിക്കാനുമൊക്കെ വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച ഇടയാക്കിക്കൊണ്ടിരിക്കുന്നു. ആധുനിക സംവിധാനങ്ങളുടെ കുതിച്ചുചാട്ടം സമൂഹത്തിനു ഗുണകരംതന്നെയാണ്. എന്നാല്‍, ഇതുളവാക്കുന്ന ദോഷഫലങ്ങളെ നേരിടാന്‍ കരുത്തുറ്റനിയമങ്ങളും സാമൂഹ്യപരിഹാരമാര്‍ഗങ്ങളും ഇവിടെ ഫലപ്രദമല്ല. ഇക്കാര്യത്തില്‍ നിയമ-സാമൂഹിക ഇടപെടലുകള്‍ കര്‍ശനമായി ഉണ്ടാകേണ്ടതുണ്ട്.
ഈയടുത്ത ദിവസങ്ങളില്‍ മലയാളക്കരയില്‍നിന്നുതുടങ്ങി ലോകമെമ്പാടും വളര്‍ന്നു വികസിച്ച ഒരു ജ്വല്ലറി സ്ഥാപനത്തെ തളര്‍ത്താന്‍വേണ്ടി സോഷ്യമീഡിയയെ എതിരാളികള്‍ സമര്‍ഥമായി ദുരുപയോഗം ചെയ്തുവെന്ന് അവര്‍ ആക്ഷേപിക്കുന്നു. ഗള്‍ഫ് നാട്ടിലെ അറിയപ്പെടുന്ന ഒരു മണിഎക്‌സ്‌ചേഞ്ച് സ്ഥാപനം പാകിസ്താന്‍ സ്വതന്ത്ര്യദിനകേക്കു മുറിക്കുന്ന ചിത്രം കേരളത്തിലെ ഈ ജ്വല്ലറിസ്ഥാപനത്തിന്റെ പേരിലാക്കി തെറ്റായ പ്രചരണം അഴിച്ചുവിടുകയാണുണ്ടായതത്രേ. ഇതൊക്കെ നിയമം ഗൗരവപൂര്‍വം കൈകാര്യംചെയ്യുകയാണുവേണ്ടത്. സത്യമാണ് ഈശ്വരനെന്നു വിശ്വസിക്കുന്ന ഇന്ത്യയില്‍ സത്യത്തെ ആഴത്തില്‍ കുഴിച്ചുമൂടാന്‍ നാം അനുവദിക്കപ്പെട്ടുകൂടാ. സോഷ്യല്‍ മീഡിയാ കൂടുതല്‍ ഉത്തരവാദിത്വവും സത്യസന്ധതയും ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്.
കപടവിവരങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നതു ധാര്‍മികമായും നിയമപരമായും പാടില്ലാത്തതാണ്. സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം തെളിയിക്കപ്പെട്ടാല്‍ കഠിനശിക്ഷ നല്‍കുന്ന നിയമനിര്‍മ്മാണം നമ്മുടെ നാട്ടില്‍ അത്യന്താപേക്ഷിതമാണ്. നിയമക്കമ്മിഷനും നിയമനിര്‍മാണസഭയുമൊക്കെ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."