കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് വീരശൈവ ലിംഗായത്ത് ഫോറം; കര്‍ണാടകയില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി
കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് വീരശൈവ ലിംഗായത്ത് ഫോറം
ബംഗളൂരു: ഭരണം നിലനിര്‍ത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്ന ബി.ജെ.പിയെ വെട്ടിലാക്കി കര്‍ണാടക വീരശൈവ ലിംഗായത്ത് ഫോറം. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ലിംഗായത്ത് ഫോറം. കോണ്‍ഗ്രസിന് പിന്തുണ തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഔദ്യോഗിക കത്തും ഫോറം പുറത്തിറക്കി. സംസ്ഥാനത്ത് ലിംഗായത്തുകളാണ് ഏറ്റവും കൂടുതലുള്ളത്. അതിനാല്‍ ഈ സമുദായത്തിന്റെ പിന്തുണ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാകും, ബി.ജെ.പിക്ക് വന്‍ തിരിച്ചടിയും.
ഇക്കഴിഞ്ഞ മേയ് അഞ്ചിന് പ്രമുഖ കോണ്‍ഗ്രസ് നേതാവും ലിംഗായത്ത് നേതാവുമായ ജഗദീഷ് ഷെട്ടാര്‍ ഹുബ്ബളിയിലെ സമുദായത്തലവന്‍മാരുമായി പിന്തുണയഭ്യര്‍ഥിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കര്‍ണാടക മുന്‍മുഖ്യമന്ത്രിയായ ഷെട്ടാര്‍ ബി.ജെ.പി മത്സരിക്കാന്‍ ടിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കൂടാതെ ഷെട്ടാറിനൊപ്പം പാര്‍ട്ടി വിട്ട യെദിയൂരപ്പയുടെ വിശ്വസ്തനും യെദിയൂരപ്പ ബി.ജെ.പി സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന ലക്ഷ്മണ്‍ സവാദി ലിംഗായത്ത് സമുദായത്തില്‍ പെട്ടയാളാണെന്നതും ബി.ജെ.പിയുടെ ജയമോഹങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ലക്ഷ്മണിന്റെ സാന്നിധ്യം കോണ്‍ഗ്രസിലുള്ളത് ബി.ജെ.പിക്ക് വന്‍ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.
Congress leaders meet Lingayat seers in Hubli, Karnataka#KarnatakaElections2023pic.twitter.com/TWQyW935c6
— Satyam Patel |.... (@SatyamInsights) May 7, 2023
സംസ്ഥാനത്ത് ആര് അധികാരത്തിലെത്തണം എന്നതില്‍ ലിംഗായത്തുകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. പരമ്പരാഗതമായി ബി.ജെ.പിക്കാണ് ലിംഗായത്തുകള്‍ വോട്ട് ചെയ്യാറുള്ളത്. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങള്‍ കൂടിയാണ് ലിംഗായത്തുകള്‍ അധിവസിക്കുന്ന പ്രദേശങ്ങള്‍. വടക്കന്‍ കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ ലിംഗായത്തുകളുള്ളത്. ഏതായാലും വീരശൈവ ലിംഗായത്ത് ഫോറം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
മെയ് 10നാണ് തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ പരസ്യ പ്രചാരണം നാളെ അവസാനിക്കും. 224 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. 13നാണ് ഫലപ്രഖ്യാപനം. വീരശൈവ കുടെ വന്നതോടെ ലിംഗായത്തുകള്‍ക്ക് ആധിപത്യമുള്ള മേഖലകളില്‍ നേട്ടമുണ്ടാക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."