കര്‍ണാടക; ഹിജാബ് ധാരിയായ ഇല്‍ഹാമിന് പി.യു പരീക്ഷയില്‍ രണ്ടാം റാങ്ക്
ബംഗളൂരു:
വിദ്യാലയങ്ങളില്‍ തലമറക്കുന്നതിന് (ഹിജാബ്) വിലക്കേര്‍പ്പെടുത്തിയ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിന്റെ നടപടി വിവാദമായിക്കൊണ്ടിരിക്കെ പുറത്തുവന്ന സംസ്ഥാനത്തെ പ്രീ യൂനിവേഴ്‌സിറ്റി (പി.യു) പരീക്ഷയില്‍ രണ്ടാംറാങ്ക് നേടി ഹിജാബ് ധാരിയായ ഇല്‍ഹാം റഫീഖ്. 600ല്‍ 597 മാര്‍ക്ക് നേടിയാണ് ഇല്‍ഹാം സംസ്ഥാനത്ത് രണ്ടാമതെത്തിയത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആവാനാണ് ആഗ്രഹമെന്ന് സയന്‍സ് സ്ട്രീം എടുത്ത ഇല്‍ഹാം പറഞ്ഞു. റാങ്ക് ലഭിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും മികച്ച മാര്‍ക്ക് നേടുക മാത്രമേ പഠിക്കുമ്പോള്‍ ഉദ്ദേശിച്ചിരുന്നുള്ളൂവെന്നും ഇല്‍ഹാം പറഞ്ഞു. ഹിജാബ് വിവാദം പഠനത്തെ സ്വാധീനിച്ചു. ആ സമയത്ത് വല്ലാതെ പ്രയാസം അനുഭവിച്ചു. ഇനി പഠനത്തില്‍ മാത്രമാണ് ശ്രദ്ധയെന്നും ഇല്‍ഹാം പറഞ്ഞു.
മംഗളൂരു കൊടിയാല്‍ബൈലിലെ സെന്റ് അലോഷ്യസ് പി.യു കോളജിലെ വിദ്യാര്‍ഥിനിയാണ് ഇല്‍ഹാം. കംപ്യൂട്ടര്‍ പ്രോഗ്രാമറായ മുഹമ്മദ് റഫീഖിന്റെയും വീട്ടമ്മയായ മഈശത്തുല്‍ കുബ്‌റയുടെയും മകളാണ്.
ഏപ്രില്‍ മെയ് മാസങ്ങളിലെ രണ്ടാംവര്‍ഷ പ്രീയൂനിവേഴ്‌സിറ്റി വാര്‍ഷിക പരീക്ഷയുടെ ഫലം ശനിയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ആകെ 6,83,563 പേരാണ് പരീക്ഷയെഴുതിയത്. 61.88% ആണ് വിജയശതമാനം. കേരളത്തിലെ പ്ലസ്ടുവിന് സമാനമാണ് കര്‍ണാടകത്തിലെ പി.യു കോഴ്‌സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."