കന്നഡ നടന്‍ വജ്ര സതീഷ് കുത്തേറ്റു മരിച്ചു; ഭാര്യാ സഹോദരന്‍ ഉള്‍പെടെ രണ്ടു പേര്‍ അറസ്റ്റില്‍
ബംഗളൂരു: കന്നഡ നടന്‍ വജ്ര സതീഷിനെ കുത്തിക്കൊന്നു. ബംഗളൂരുവിലെ വീട്ടിലാണ് നടനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യാസഹോദരന്‍ ഉള്‍പ്പെടെ രണ്ടു പേരെ പൊലിസ് അറസ്റ്റുചെയ്തു.
ആര്‍.ആര്‍ നഗര്‍ പട്ടണഗെരെയിലെ വീട്ടിലാണ് സതീഷിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിന്റെ വാതിലിനു സമീപം രക്തം കണ്ടതോടെ അയല്‍വാസികള്‍ പൊലിസിനെ അറിയിക്കുകയായിരുന്നു. പൊലിസെത്തി ബലംപ്രയോഗിച്ച് വീട് തുറന്നപ്പോള്‍ കിടപ്പുമുറിയിലാണ് നടനെ മരിച്ച നിലയില്‍ കണ്ടത്. വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു.
സതീഷിന്റെ ഭാര്യ ഏഴുമാസം മുമ്പ് മരിച്ചിരുന്നു. നാലു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഒരു കുട്ടിയുണ്ട്. സതീഷ് ഭാര്യയെ ഉപദ്രവിച്ചിരുന്നുവെന്നും അതാണ് മരണ കാരണമെന്നും ഭാര്യയുടെ സഹോദരന്‍ സുദര്‍ശന്‍ ആരോപിച്ചിരുന്നു. കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെന്നും കുടുംബം ആരോപിച്ചു. ഇക്കാരണത്താല്‍ സുദര്‍ശന്‍ സതീഷിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഭാര്യാവീട്ടുകാരുടെ സംരക്ഷണയിലായിരുന്ന കുഞ്ഞിനെ വിട്ടുകിട്ടാന്‍ സതീഷ് കോടതിയെ സമീപിച്ചതും വൈരാഗ്യം വര്‍ധിപ്പിച്ചെന്ന് പൊലിസ് പറയുന്നു.
സുഹൃത്തായ നാഗേന്ദ്രയുടെ സഹായത്തോടെയാണ് സുദര്‍ശന്‍ സതീഷിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. സതീഷിനെ കുത്തിക്കൊന്ന ശേഷം വീട് പൂട്ടി സുദര്‍ശനും സുഹൃത്തും രക്ഷപ്പെടുകയായിരുന്നു.
'ലഗോരി' ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സതീഷ് സലൂണ്‍ നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."