മോദിയുടെ ഭരണപരാജയവും ആര്‍.എസ്.എസും
എ. റശീദുദ്ദീന്‍
ഏഴു വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പരിക്രമണമര്‍മം സ്ഥിതി ചെയ്തത് നാഗ്പൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തിലായിരുന്നുവെന്നതില്‍ ഇന്ത്യയിലാര്‍ക്കും തര്‍ക്കമുണ്ടാവാന്‍ വഴിയില്ല. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും മഹാത്മാ ഗാന്ധിയുടെയും ഇന്ത്യയെ തച്ചുടച്ച് അഴിച്ചുപണിയാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് രാഷ്ട്രീയ സ്വയംസേവക് സംഘായിരുന്നു ആളും അര്‍ഥവും ബുദ്ധിയും നല്‍കിക്കൊണ്ടിരുന്നത്. പുതിയ ഇന്ത്യ, പുതിയ ഭരണഘടന, പുതിയ പാര്‍ലമെന്റ്... ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ. മോദിയുടെ ഏഴുവര്‍ഷംകൊണ്ട് രാജ്യം എന്തു നേടിയെന്ന ചോദ്യത്തിന് അയോധ്യയിലെ രാമക്ഷേത്രം, ജമ്മുകശ്മിരിന്റെ 370ാം വകുപ്പ് എടുത്തുകളയല്‍, ഏതാണ്ട് ഏക സിവില്‍ കോഡിന് തുല്യമെന്ന് വിശേഷിപ്പിക്കാവുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മുത്വലാഖ് നിയമം എന്നീ മൂന്ന് അടിസ്ഥാന ആര്‍.എസ്.എസ് പദ്ധതികളാണ് ബാക്കിയാവുന്ന ഉത്തരങ്ങള്‍. ജി.ഡി.പി, തൊഴില്‍, കാര്‍ഷികം, വ്യവസായം, വിദ്യാഭ്യാസം മുതലായവയൊന്നും നാടു ഭരിക്കുന്നവരുടെയും അവരെ നിയന്ത്രിക്കുന്നവരുടെയും സനാതന സിദ്ധാന്തങ്ങള്‍ക്ക് ഇതുവരെയും വഴങ്ങിയിട്ടില്ല. വിദേശകാര്യം മുതല്‍ പൊതുജനാരോഗ്യംവരെയുള്ള മേഖലകളില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രമനുസരിച്ച് മാത്രമാണ് രാജ്യം മുന്നോട്ടുപോകുന്നതെന്ന് സര്‍ക്കാരിനകത്തെ എണ്ണമറ്റ ഉപഗ്രഹങ്ങള്‍ വഴി ആര്‍.എസ്.എസ് ഉറപ്പുവരുത്തിയതിന്റെ ശേഷപത്രമാണ് വികസന, നയതന്ത്ര, ദാരിദ്ര്യ, സ്വാതന്ത്ര്യ, സന്തോഷ മേഖലകളില്‍ ഇന്ത്യ നേടിയെടുത്ത നാണംകെട്ട സൂചികകള്‍. അതേസമയം പ്രധാനമന്ത്രി മുന്നില്‍നിന്നു നയിക്കുന്ന ഹൈന്ദവ ബോധങ്ങളും ആചാരങ്ങളും അതിന്റെ തുടര്‍ച്ചയായ പശു, ജ്യോതിഷം, സസ്യാഹാരം, സംസ്‌കൃതം, യോഗാസനം എന്നു തുടങ്ങിയ മേഖലകളിലെ ഗവഷേണങ്ങളിലും അവബോധങ്ങളിലും രാജ്യം കുതിച്ചുപാഞ്ഞതും തീര്‍ച്ചയായും ആര്‍.എസ്.എസിന്റെ കണക്കില്‍ വലിയ നേട്ടങ്ങളായിരുന്നു.
പിന്‍സീറ്റ് ഡ്രൈവിങ്ങിന്റെ കാര്യത്തില്‍ സോണിയാ ഗാന്ധിയെ കുറ്റം പറയുകയും മന്‍മോഹന്‍ സിങ്ങിനെക്കുറിച്ച് സഞ്ജയ് ബാരു എഴുതിയ പുസ്തകത്തിന് കഴിയുന്ന പബ്ലിസിറ്റി കൊടുക്കുകയും ചെയ്തവരാണ് ബി.ജെ.പിക്കാര്‍. ആര്‍.എസ്.എസിന്റെ കാര്യത്തിലാവുമ്പോള്‍ ഇതേ പാവക്കൂത്ത് രാജ്യത്തിന് അഭിമാനകരമായ ഒരു ആത്മീയ, സാംസ്‌കാരിക പിന്തുണയായി ബി.ജെ.പി ഉയര്‍ത്തിക്കാട്ടുകയും ചെയ്യും. മോദി സര്‍ക്കാര്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും ആര്‍.എസ്.എസ് പൊതുസമൂഹത്തിന്റെ വിചാര, വിമര്‍ശനങ്ങളുടെ പരിധിയില്‍ ഇപ്പോഴും വന്നിട്ടില്ല. സ്വാതന്ത്ര്യ പൂര്‍വ ഇന്ത്യയില്‍ ഗോള്‍വല്‍ക്കറും മറ്റും എഴുതിവച്ച ചില പുസ്തകങ്ങളെ ചൊല്ലി മാത്രമാണ് അവര്‍ ഇപ്പോഴും എതിര്‍ക്കപ്പെടുന്നത്. എന്നാല്‍ മോദിയുടെ പരാജയത്തിന്റെ മുഴുവന്‍ കാരണവും ആര്‍.എസ്.എസ് എന്ന പ്രത്യയശാസ്ത്രത്തിന്റെ കൂടി പരാജയമാണ്. കാലം ചെല്ലുന്തോറും ആര്‍.എസ്.എസിനുതന്നെ ചില നാണക്കേടുകള്‍ തോന്നിത്തുടങ്ങുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ആത്മവിമര്‍ശനങ്ങള്‍ കണക്കിലെടുക്കേണ്ടത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബി.ജെ.പിയല്ല യഥാര്‍ഥ ഹിന്ദുക്കളുടെ പാര്‍ട്ടിയെന്ന് ആര്‍.എസ്.എസിലെ രണ്ടാമനായ സുരേഷ് ഭയ്യാജി ജോഷി തിരുത്ത് പ്രഖ്യാപിച്ചിരുന്നു. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ നരേന്ദ്ര മോദി പരാജയപ്പെട്ടുവെന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍ കഴിഞ്ഞ മാസം ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് മറ്റൊരു പ്രസ്താവനയിറക്കി. രണ്ടിന്റെയും
മര്‍മം 'ഹിന്ദു' താല്‍പര്യങ്ങളായിരുന്നു. രാഷ്ട്ര നിര്‍മാണത്തിന്റെ സമസ്ത മേഖലകളിലും മോദി തകര്‍ന്നടിയുമ്പോഴും മൗനം പാലിച്ച ആര്‍.എസ്.എസ് നീണ്ട ഏഴു വര്‍ഷങ്ങള്‍ക്കുശേഷം വായ തുറന്നത് മോദി നേര്‍ക്കുനേരെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട 'സ്വന്തം ജനത'യുടെ ശവങ്ങള്‍ ഗംഗയില്‍ കുന്നുകൂടിയപ്പോള്‍ മാത്രമായിരുന്നു. മോദി കാലത്ത് മറ്റെവിടെയെങ്കിലും ശവങ്ങള്‍ കുന്നുകൂടിയതോ ജനങ്ങള്‍ ദുരിതം ചുമന്നതോ ഭാഗവതിനെയും കൂട്ടരെയും ഒരര്‍ഥത്തിലും അലോസരപ്പെടുത്തിയിരുന്നുമില്ല.
കൊവിഡ് രണ്ടാം തരംഗത്തിന്റെ വന്‍ വിപത്തില്‍നിന്ന് മോദി രാജ്യത്തെ രക്ഷിച്ചെടുത്തുവെന്ന രീതിയില്‍ ഇന്ത്യയിലുടനീളം കട്ടൗട്ടുകള്‍ സ്ഥാപിച്ചും മറ്റ് പ്രചാരണ മാര്‍ഗങ്ങള്‍ അവലംബിച്ചും ബി.ജെ.പി ബൃഹത്തായ ഒരു കാംപയിന് തയാറെടുക്കുന്നതിനിടെയാണ് രാജ്യത്തിന്റെ ഷഹന്‍ഷായെയും മന്ത്രി ഷായെയും ആര്‍.എസ്.എസ് ആചാര്യന്‍ അപ്രതീക്ഷിതമായി ഒന്നു 'തോണ്ടി'യത്. കൊവിഡ് മേഖലയിലെ രാജ്യത്തെ എല്ലാ നീക്കങ്ങളും മോദി കേന്ദ്രീകൃതമായി മാറ്റിയെടുക്കാനുള്ള പ്രചാരണം ആരംഭിക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രത്യേക യോഗം തന്നെ ഇക്കഴിഞ്ഞ മെയ് 4ന് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തിരുന്നു. പ്രസ്താവനകളിലും സര്‍ട്ടിഫിക്കറ്റുകളിലുമൊക്കെ മോദി സ്തുതികളും ചിത്രങ്ങളും ചേര്‍ക്കാന്‍ പ്രകാശ് ജാവദേക്കറുടെ മേല്‍നോട്ടത്തില്‍ നടന്ന ഈ യോഗമാണ് മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനിടെയാണ് സര്‍ക്കാരായാലും ഉദ്യോഗസ്ഥരായാലും പൊതുജനങ്ങളായാലും എല്ലാവരും കൊവിഡിന്റെ ഒന്നാംഘട്ടത്തില്‍ കൊണ്ടുനടന്ന സുരക്ഷാ മുന്‍കരുതലുകള്‍ വലിച്ചെറിഞ്ഞുവെന്ന ഒളിയമ്പുമായി ഭാഗവത് രംഗത്തെത്തിയത്. ഇതില്‍ പൊതുജനത്തെ മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ള രണ്ടും മോദിയുമായി മാത്രം ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളായിരുന്നു. കൊവിഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയുടെ നിയന്ത്രണം മുതല്‍ അതിന്റെ ജില്ലാതല കച്ചവടംവരെ താനാണ് നിയന്ത്രിക്കുന്നതെന്ന് കൈയടികളുടെയും സ്തുതിവചനങ്ങളുടെയും പട്ടുപുതപ്പിക്കലിന്റെയും ബഹളങ്ങള്‍ക്കിടയില്‍ മോദി തന്നെ ഉറപ്പുവരുത്തിയിരുന്നല്ലോ.
2013ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദിയെ പ്രഖ്യാപിച്ചതു മുതല്‍ ഇന്നോളം ഈ ഭരണത്തിന്റെ പിന്‍സീറ്റ് ഡ്രൈവിങ് നടത്തിയ ആര്‍.എസ്.എസ് കൊവിഡിന്റെ വ്യാപനത്തില്‍ മാത്രം മോദിയെ കുറ്റം പറയുന്നതെന്തിന്? പശുമൂത്രം കുടിക്കാനും ചാണകം തേക്കാനുമൊക്കെ ആചാര്യന്‍മാര്‍ ജനങ്ങളെ ഉപദേശിച്ചുകൊണ്ടിരുന്നപ്പോള്‍ അതിന്റെ പിന്നില്‍ എവിടെയോ ഒളിച്ചിരുന്നത് ആര്‍.എസ്.എസ് ആയിരുന്നില്ലേ? 'സാംസ്‌കാരിക' ചുവയുള്ള മൗനമായിരുന്നു അത്. തദ്ദേശീയ ഉത്പന്നങ്ങളിലൂന്നിയ സാമ്പത്തിക ഘടനക്കുവേണ്ടി ഒരു കാലത്ത് വാദിച്ച ആര്‍.എസ്.എസ് മോദി കാലത്ത് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും കെട്ട കോര്‍പറേറ്റുവല്‍ക്കരണത്തിനും പൊതുസ്വത്ത് വിറ്റുതുലക്കലിനും മൂകസാക്ഷിയായി മാറി. രാഷ്ട്ര നിര്‍മാണത്തേക്കാളും വലുതാണ് രാഷ്ട്രബോധമെന്ന് ഓരോ വിജയദശമി പ്രസംഗത്തിലും ഒളിഞ്ഞും തെളിഞ്ഞും പ്രസംഗിച്ച ഭാഗവതിന്റെ സംഘടനക്ക് രാജ്യത്തിന്റെ സകല പൊതുസ്വത്തും മോദി വിറ്റു തുലച്ചതിനെ കുറിച്ച് എന്തു പറയാനുണ്ട്. 70 കൊല്ലം നാടുഭരിച്ച കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ 178 കോടിയും ഏഴ് വര്‍ഷം ഭരിച്ച ബി.ജെ.പിയുടേതില്‍ 2253 കോടിയുമാണ് ഇപ്പോഴുള്ളത്. രാഷ്ട്രീയത്തിന് മര്യാദയും മാന്യതയും പഠിപ്പിക്കുകയാണ് ലക്ഷ്യമെന്നും കോണ്‍ഗ്രസ് സംസ്‌കാരത്തില്‍നിന്നു വിഭിന്നമായി സംശുദ്ധമായ പൊതുജീവിതം നയിക്കുന്ന നേതാക്കളെ വാര്‍ത്തെടുക്കുകയാണെന്നുമാണ് അവര്‍ അവകാശപ്പെട്ടു കൊണ്ടിരുന്നത്. അതേ ശാഖകളില്‍നിന്നു പഠിച്ചിറങ്ങിയവര്‍ കുഴല്‍പ്പണവും കള്ളപ്പണവുമൊക്കെ ഹെലികോപ്റ്ററുകളില്‍ കൊണ്ടുനടന്ന് വിതരണം ചെയ്യുന്നതിനടക്കം രാജ്യം സാക്ഷിയായി. ആര്‍.എസ്.എസ് പഠിപ്പിച്ച ഏത് ലാളിത്യമാണ് മോദിയും ഒപ്പമുള്ളവരും ജീവിതത്തിലൂടെ കാണിച്ചുതരുന്നത്. സംഘ്പരിവാറിലെ ഏതാണ്ടെല്ലാ ഘടകങ്ങളും മോദി ഭരണത്തില്‍ ആത്മനിന്ദയുടെ ഭാരം വഹിക്കാനാവാതെ ശ്വാസംമുട്ടി മരിക്കുമ്പോഴും കുറ്റകരമായ മൗനമാണ് ആര്‍.എസ്.എസ് പുലര്‍ത്തിയത്. ഉദാഹരണത്തിന് ഭാരതീയ കിസാന്‍ സംഘ്. ഡല്‍ഹിയില്‍ നടന്നുവരുന്ന കര്‍ഷക പ്രക്ഷോഭത്തിന് മനസുകൊണ്ട് ഏതൊരു കര്‍ഷകനും അനുകൂലമായതുപോലെ ആര്‍.എസ്.എസ് അനുകൂലികളും അതിനൊപ്പമുണ്ട്. പക്ഷേ അവരുടെ സംഘടനാ നേതാക്കളെ കഴുത്തിന് കുത്തിപ്പിടിച്ച് നിര്‍ത്തുകയാണ് ഭാഗവത് ഇതുവരെ ചെയ്തത്. മോദിയുടെ തൊഴില്‍ നിയമങ്ങളില്‍ പ്രതിഷേധിച്ച് നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പലയിടത്തും മസ്ദൂര്‍ സംഘ് പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ അവരുടെ സംഘടനക്ക് അനുവാദമുണ്ടായിരുന്നില്ല.
ഭാഗവതിന്റെ വിമര്‍ശനം മോദിക്ക് ദേഹത്തു തട്ടി എന്നതില്‍ സംശയമില്ല. സര്‍ക്കാരും ആര്‍.എസ്.എസും അങ്ങോട്ടുമിങ്ങോട്ടും പാലം പണിയലായി പിന്നെ. സേവാ ഭാരതിയിലുടെ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനുള്ള നീക്കം ഒരു ഒത്തുതീര്‍പ്പ് കരാറിന്റെ ഭാഗമായിരുന്നുവെന്നാണ് ആരോപണമുയരുന്നത്. പതുക്കെ ആര്‍.എസ്.എസ് നേതാക്കള്‍ പ്രസ്താവനയുടെ ഗൗരവം കുറച്ചു കാണിക്കാനാരംഭിച്ചു. മറുഭാഗത്ത്, മോദി നിരന്തരമായി രണ്ടാം തരംഗത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ഉദ്യോഗസ്ഥരാണ് സര്‍ക്കാരിനെ പ്രതിസന്ധിയില്‍ വീഴ്ത്തിയതെന്നുമുള്ള വിശദീകരണങ്ങളുമായി ടൈംസ് നൗ, റിപബ്ലിക് പോലുള്ള ആസ്ഥാന ഗായകരും രംഗത്തുവന്നു. കാപ്പി കുടിക്കാന്‍ പുറത്തുപോകണമെങ്കില്‍ പോലും പി.എം.ഒയിലേക്ക് കണക്ട് ചെയ്ത ഒരു സംവിധാനത്തില്‍ ടൈംഔട്ട് രേഖപ്പെടുത്തേണ്ട ഗതികേടുള്ള കേന്ദ്ര സെക്രട്ടറിമാര്‍ക്ക് എന്നു മുതല്‍ക്കാണ് സ്വന്തമായി ചിറകു മുളച്ച് ഈ ഉത്തരവാദിത്വങ്ങളുടെയൊക്കെ ഭാരം ചുമലിലേറ്റാന്‍ മാത്രം സ്വാതന്ത്ര്യമുണ്ടായത്. റോയിട്ടേഴ്‌സ്, ബി.ബി.സി, ടൈംസ്, ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നു തുടങ്ങി സകല അന്താരാഷ്ട്ര മാധ്യമങ്ങളും മോദി എന്ന പ്രധാനമന്ത്രിയെ മാത്രമാണ് കുറ്റപ്പെടുത്തിയത്. ഭാഗവത് അതല്ല ഇതാണ് ഉദ്ദേശിച്ചതെന്നും മറ്റുമുള്ള ന്യായീകരണ കോലാഹലങ്ങളാണ് ഇന്ത്യയില്‍ മുറുകിയത്. ആവട്ടെ ഈ മോദിയെ ഒന്ന് വിമര്‍ശിച്ചാല്‍ തന്നെ എന്തായിരുന്നു കുഴപ്പം. ആശുപത്രികളില്‍, വീടുകളില്‍, ശ്മശാനങ്ങളില്‍ എന്നുവേണ്ട നിത്യജീവിത സന്ധാരണത്തിന്റെ സമസ്ത മേഖലകളിലും നടുവൊടിഞ്ഞ്, ദുരിതക്കയത്തില്‍ മുങ്ങിച്ചാവുന്ന ജനങ്ങള്‍ക്കു വേണ്ടി പ്രധാനമന്ത്രിയെ നേരെ ചൊവ്വെ ഒന്നു വിമര്‍ശിക്കാനുള്ള നട്ടെല്ല് പോലുമില്ലാത്ത ആര്‍.എസ്.എസ് ആണോ ബി.ജെ.പിയെയും അതുവഴി സര്‍ക്കാരിനെയും നിയന്ത്രിക്കുന്നവര്‍.
ഇന്ത്യയെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടും പദ്ധതികളും ഒന്നുമില്ലാതെ കേവലമായ മതാധിപത്യം മാത്രം ലക്ഷ്യമിട്ട്, അതിന് സഹായമൊരുക്കുന്ന ഭരണാധികാരികളെ പിന്നില്‍നിന്ന് പിന്തുണച്ച ആര്‍.എസ്.എസ് തന്നെയാണ് മോദിയെയും ആദിത്യനാഥിനെയുമൊക്കെ രാജ്യത്തിന് സമ്മാനിച്ചത്. പഴയ ഇന്ത്യയെ തകര്‍ക്കാന്‍ ആര്‍.എസ്.എസിന് കഴിയുമായിരിക്കും. പക്ഷേ പുതിയ ഇന്ത്യ ഈ ദുരന്തങ്ങളുടെ തുടര്‍ച്ച മാത്രമേ ആവുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."