അഗ്‌നിപഥ്; യുവാക്കളുടെ അഗ്‌നിപരീക്ഷണം
സായുധപ്രതിരോധ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പുതിയ 'അഗ്‌നിപഥ്' പദ്ധതിക്കെതിരായ വ്യാപക പ്രതിഷേധം രാജ്യത്തുടനീളം അക്രമാസക്തമായിക്കൊണ്ടിരിക്കുകയാണ്. തീവണ്ടിക്കോച്ചുകളും വാഹനങ്ങളും അഗ്‌നിക്കിരയാക്കുന്നു. പൊതുമുതല്‍ ആക്രമിക്കപ്പെടുകയും നശിപ്പിക്കുകയും ചെയ്യുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഈ പുതിയ ഹ്രസ്വകാല നിയമനനയം രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാത്രമല്ല, സായുധസേനയെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പ്പുമാണിത്. സ്ഥിരജോലി സ്വപ്നം കണ്ട് വര്‍ഷങ്ങളായി ട്രെയിനിങ് അക്കാദമികളില്‍ പഠിക്കുന്ന യുവാക്കള്‍ക്കുനേരെയുള്ള അഗ്‌നിപരീക്ഷണമാണിത്.
വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും തെറ്റായ പുതിയ സാമ്പത്തികനയങ്ങളുടെ അനന്തരഫലങ്ങളും സര്‍ക്കാരിനു വലിയ വെല്ലുവിളിയായിരിക്കുകയാണ്. വിഫലമായ സമീപകാല സാമ്പത്തിക പരിഷ്‌കാരങ്ങള്‍, തൊഴില്‍രഹിത സാമ്പത്തിക വളര്‍ച്ച, പകര്‍ച്ചവ്യാധി, ലോക്ക്ഡൗണ്‍, പുതിയ നിയമനനയം തുടങ്ങി ഒട്ടനവധി പ്രതികൂല സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളാണ് യുവാക്കളുടെ പല സാധ്യതകളെയും ഞെരുക്കത്തിലാക്കിയത്. തല്‍ഫലമായി, രാജ്യത്ത് സാമൂഹിക തിന്മയും അശാന്തിയും അരക്ഷിതാവസ്ഥയും വളരാന്‍ കാരണമായി. തൊഴിലില്ലായ്മ കാരണം യുവത തെരുവിലിറങ്ങിയിരിക്കുന്ന നേര്‍കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. യുവതലമുറ രാജ്യത്തിന് ബാധ്യതയാകും വിധമാണ് സ്ഥിതിഗതികള്‍ മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മാപ്രശ്‌നം എത്രത്തോളം ഗുരുതരമാണെന്ന് ഈ പദ്ധതിക്കെതിരേ നടക്കുന്ന ആക്രമണങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കും.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, സൈന്യത്തിലേക്കുള്ള നിയമനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിനു തസ്തികകളാണ് പൊതുമേഖലകളില്‍ (പ്രത്യേകിച്ചും പ്രതിരോധ മേഖലയില്‍) ഒഴിഞ്ഞുകിടക്കുന്നത്. സര്‍ക്കാരിനെതിരേ നിരവധി യുവാക്കളാണ് ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്നത്. 20192020 പ്രതിരോധ നിയമന കണക്കനുസരിച്ച്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ബിഹാര്‍, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ജമ്മു കശ്മിര്‍ എന്നീ എട്ടു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കരസേനയിലേക്ക് കൂടുതലാളുകള്‍ ചേക്കേറുന്നത്. ഈ സംസ്ഥാനങ്ങളിലെ യുവാക്കള്‍ക്ക് പ്രത്യേകിച്ചും സൈന്യത്തില്‍ നിയമനമെന്നത് ജീവിതത്തിലെ വലിയ സ്വപ്നവും ജോലിയുടെ പ്രധാന ഉറവിടവുമാണ്.
കരസേനയിലും നാവികസേനയിലും വ്യോമസേനയിലും സൈനികരെ ഹ്രസ്വകാല കരാര്‍ അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്യുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഈ 'അഗ്‌നിപഥ്'. രാജ്യത്തെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനൊപ്പം വര്‍ധിച്ചുവരുന്ന ശമ്പള, പെന്‍ഷന്‍ ചെലവുകള്‍ കുറയ്ക്കുക എന്നതാണ് സര്‍ക്കാറുദ്ദേശിക്കുന്ന പ്രധാന ലക്ഷ്യം. ഈ പദ്ധതിപ്രകാരം ജോലി ചെയ്യുന്ന സൈനികരെ അഗ്‌നിവീര്‍ എന്ന് വിളിക്കും. ഇതനുസരിച്ച്, 17.5 നും 21 നും ഇടയില്‍ പ്രായമുള്ള 45,000 പേരെ നാല് വര്‍ഷത്തേക്കാണ് സര്‍വിസില്‍ പ്രവേശിപ്പിക്കുക. ആദ്യത്തെ ആറുമാസം ട്രെയിനിങ്ങും പിന്നീടുള്ള മൂന്നര വര്‍ഷം സര്‍വിസുമായിരിക്കും. അടുത്ത 90 ദിവസത്തിനുള്ളില്‍ നിയമനം ആരംഭിക്കുകയും 2023 ജൂലൈയോടെ ആദ്യ ബാച്ച് പുറത്തിറങ്ങുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1112 ലക്ഷം രൂപയുടെ പാക്കേജുമായി അവരില്‍ ഭൂരിഭാഗവും (75 ശതമാനം) പെന്‍ഷനോ മറ്റു ആനുകൂല്യങ്ങളോ ഇല്ലാതെ നിര്‍ബന്ധിതമായി വിരമിക്കേണ്ടിവരും. മൊത്തം വാര്‍ഷിക നിയമത്തിന്റെ 25 ശതമാനം പേര്‍ക്ക് മാത്രമേ സ്ഥിരം ജോലിയില്‍ (15 വര്‍ഷം) തുടരാനാവുകയുള്ളൂ. സര്‍വിസ് കാലയളവില്‍ പരുക്കുമൂലം ജീവന്‍ നഷ്ടപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവര്‍ക്കുള്ള വ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രം അഭിമുഖീകരിക്കുന്ന ഭാവി സുരക്ഷാവെല്ലുവിളികളെ നേരിടാന്‍ യുവസൈനികരെ പ്രാപ്തമാക്കുന്നതിനുവേണ്ടി പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിയമനപ്രക്രിയയാണ് തകിടംമറിച്ചിരിക്കുന്നത്.
തൊഴിലില്ലാത്ത യുവജനതയെ അഗ്‌നിപഥത്തില്‍ കയറ്റി അഗ്‌നിപരീക്ഷണത്തിനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇത് യുവാക്കള്‍ക്കിടയില്‍ കടുത്ത അസംതൃപ്തിയാണ് സൃഷ്ടിച്ചത്. റാങ്കില്ല, പെന്‍ഷനില്ല, നേരിട്ടുള്ള നിയമനമില്ല, സ്ഥിരമായ ജോലിയുമില്ല, സൈന്യത്തോട് സര്‍ക്കാര്‍ കാണിക്കാറുള്ള ആദരവുമില്ല. യുദ്ധങ്ങളെ അഭിമുഖീകരിക്കാന്‍ പരിചയ സമ്പത്തുള്ള സൈനികരുണ്ടാവില്ല. 75 ശതമാനം സൈനികരും നാലുവര്‍ഷത്തിനുശേഷം തൊഴില്‍ രഹിതരാകുകയും അവരുടെ എണ്ണം വര്‍ഷംതോറും വര്‍ധിക്കുകയും ചെയ്യും. വിരമിച്ച സൈനികര്‍ക്ക് പിന്നീട് ജോലിയവസരങ്ങള്‍ ഇല്ലാതായിക്കഴിഞ്ഞാല്‍ നിരാശരാകുന്ന സൈനികര്‍ തെരുവുയുദ്ധങ്ങള്‍ സൃഷ്ടിച്ചേക്കാം. 15 വര്‍ഷത്തിനുശേഷം വിരമിക്കുന്ന സാധാരണ സൈനികരെപ്പോലും നിയമിക്കാന്‍ കോര്‍പറേറ്റ് മേഖല വലിയ താല്‍പര്യം കാണിക്കാത്ത സാഹചര്യത്തില്‍ നാലുവര്‍ഷംകൊണ്ട് വിരമിച്ച ഈ സൈനികരുടെ പ്രതീക്ഷകള്‍ എന്തായിരിക്കും. ഈ സേവനം അവരുടെ തുടര്‍വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തും. സമാനമായ യോഗ്യതയുള്ള മറ്റുള്ളവരേക്കാള്‍ പ്രായമുള്ളതിനാല്‍ അവര്‍ക്ക് വേറൊരു ജോലിയോ കൂടുതല്‍ വിദ്യാഭ്യാസമോ ലഭിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. ഓരോ വര്‍ഷവും പുതിയ നിയമനങ്ങള്‍ നല്‍കുന്നതിനാല്‍ സൈനിക പരിശീലനച്ചെലവ് വര്‍ധിക്കുകയും പ്രതിരോധ ബജറ്റില്‍ ഇതൊരു അനാവശ്യഭാരമായി മാറുകയും ചെയ്യും. രാജ്യത്ത് വര്‍ധിച്ചുവരുന്ന ദാരിദ്ര്യം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം, തെറ്റായ നയങ്ങള്‍ തുടങ്ങി സര്‍ക്കാരിന്റെ ധിക്കാരപരമായ പ്രവര്‍ത്തനശൈലികളാല്‍ ജനങ്ങള്‍ ഇപ്പോള്‍ തന്നെ വലയുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സേനയിലെ പുതിയ നിയമന സമ്പ്രദായം യുവാക്കള്‍ക്കിടയില്‍ അസ്വാരസ്യം പടര്‍ത്തുന്നു.
ഓരോ വര്‍ഷവും ഏകദേശം 8.5 ദശലക്ഷം വിദ്യാര്‍ഥികളാണ് ബിരുദം നേടുന്നത്. ആര്‍മി ജോലികള്‍ക്കുവേണ്ട ഏറ്റവും കുറഞ്ഞ യോഗ്യത പത്താം ക്ലാസ് അല്ലെങ്കില്‍ ഹയര്‍ സെക്കന്‍ഡറിയാണ്. എന്നാല്‍ അവരുടെ എണ്ണം വളരെ കൂടുതലുമാണ്. അത്തരം ജോലി ആഗ്രഹിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നവരിലെ തൊഴിലില്ലായ്മ നിരക്ക് 10.3 ശതമാനമാണ്. ജോലി അന്വേഷിക്കുന്ന ആദ്യവര്‍ഷം തന്നെ എല്ലാവര്‍ക്കും ജോലി ലഭിക്കണമെന്നില്ല. അതുകൊണ്ടുതന്നെ തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ഷംതോറും കൂടിവരുന്നു. 2021 ഡിസംബറിലെ കണക്കനുസരിച്ച്, ഈ സംഖ്യ 53 ദശലക്ഷം ആളുകളാണ് (സി.എം.ഐ.ഇ). ഉപരിപഠനവും ഉയര്‍ന്ന വിദ്യാഭ്യാസവും നേടാനുള്ള കഴിവില്ലാത്ത വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന ശമ്പളമുള്ള ജോലിയെന്നത് ഒരു സ്വപ്നമാണ്. അതുകൊണ്ടാണ് ഓരോ തവണയും ആര്‍മി നിയമന റാലികള്‍ പ്രഖ്യാപിക്കുമ്പോള്‍ ലക്ഷക്കണക്കിന് യുവാക്കള്‍ പങ്കെടുക്കുന്നത്. എന്നാല്‍ അവസരം നിഷേധിക്കപ്പെടുന്ന യുവാക്കളില്‍ ഭൂരിഭാഗവും കൂലിപ്പണിയെടുത്ത് ജീവിക്കേണ്ട സാഹചര്യമാണുള്ളത്.
തെറ്റായ സാമ്പത്തിക നയങ്ങളും പകര്‍ച്ചവ്യാധിയും ലോക്ക്ഡൗണുമാണ് അടുത്തിടെ തൊഴില്‍മേഖലയെ ഇത്രയധികം നശിപ്പിച്ചത്. തൊഴിലവസരങ്ങള്‍ സ്തംഭനാവസ്ഥയിലായപ്പോള്‍, സര്‍ക്കാരിന് കാര്യമായൊന്നും ചെയ്യാനും സാധിച്ചില്ല. വരുംവര്‍ഷങ്ങളില്‍ തൊഴില്‍ പ്രതിസന്ധി വീണ്ടും രൂക്ഷമാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. നയപരമായ കാര്യങ്ങളില്‍ തൊഴില്‍ പ്രശ്‌നത്തെ ദീര്‍ഘകാലമായി അവഗണിച്ചതിന്റെ ഫലമായാണ് തൊഴില്‍ സാഹചര്യം ഇത്രയും മോശമായത്.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണെങ്കിലും, ഇന്ത്യ ഇന്ന് യുവജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ്. ശരാശരി പ്രായം 29 വയസ്സിനു താഴെയാണ്. മാത്രമല്ല, ലോകത്തിലെതന്നെ യുവജനസംഖ്യയുടെ അഞ്ചിലൊന്നും നമ്മുടെ രാജ്യത്താണുള്ളത്. ഇന്ത്യ ലോകരാജ്യങ്ങള്‍ക്കിടയില്‍ ആര്‍ജിച്ചിരിക്കുന്ന യുവത്വം അനുഗ്രഹമാകുന്നതിനുപകരം ഭാരമാകുന്നുണ്ടോ എന്ന് തികച്ചും സംശയിക്കേണ്ടിയിരിക്കുന്നു. യുവജനസംഖ്യയുള്ളതുകൊണ്ട് ലോകത്തിന്റെ മാനവ വിഭവശേഷിയാകാന്‍ കഴിയണമെന്നില്ല. അവര്‍ക്ക് ശരിയായ വിദ്യാഭ്യാസവും മാന്യമായ തൊഴിലും മറ്റു അടിസ്ഥാന സൗകര്യങ്ങളും നല്‍കിയാല്‍ മാത്രമേ ജനസംഖ്യാ ലാഭവിഹിതം പൂര്‍ണമായി സാക്ഷാത്കരിക്കപ്പെടുകയുള്ളൂ. എന്നാല്‍ ഇന്ന് ആര്‍ജിച്ചിരിക്കുന്ന യുവത്വം വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരിന് സാധിക്കാത്തതിനാല്‍ ഇന്നവര്‍ രാജ്യത്തിന് ബാധ്യതയും ദുരന്തവുമായി മാറിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാത്തത് വലിയ പ്രശ്‌നമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഹ്രസ്വകാല അഗ്‌നിപഥ് പ്രഖ്യാപനം. 2024ലെ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സമ്മര്‍ദങ്ങള്‍ സര്‍ക്കാര്‍ നേരിടുന്നുണ്ടെന്ന് ഇതിനകംതന്നെ വ്യക്തമാണ്. സമീപഭാവിയില്‍, പുതിയ സൈനിക നിയമനത്തിനു സമാനമായ സാഹചര്യങ്ങള്‍ മറ്റു പൊതുമേഖലകളിലെ നിയമനത്തിലും സംഭവിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. തൊഴില്‍ സ്ഥിരതയും സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പുനല്‍കാതെയുള്ള താല്‍ക്കാലിക നിയമനങ്ങളായിരിക്കാം എല്ലാ മേഖലകളിലും വരാനിരിക്കുന്നത്. അങ്ങനെയൊരു സമ്പൂര്‍ണ നയം പുറത്തിറക്കുന്നതിനു മുമ്പുള്ള അഗ്‌നിപരീക്ഷണമായിരിക്കാം ഈ അഗ്‌നിപഥ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."