ആശ്വാസമായി എറിക്‌സന്റെ വാട്‌സ്ആപ് സന്ദേശം
കോപ്പന്‍ഹേഗന്‍: ഫുട്‌ബോള്‍ ലോകത്തിന് ആശ്വാസമായി ഡാനിഷ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയന്‍ എറിക്‌സന്റെ വാട്‌സ്ആപ് സന്ദേശം. എറിക്‌സന്റെ ക്ലബ്ബായ ഇന്റര്‍ മിലാന്റെ വാട്‌സ്ആപ് ഗ്രൂപ്പില്‍ താരം ഇങ്ങനെ അയച്ചു, ഐ ആം ഗൂഡ്! ഇതോടെയാണ് ഫുട്‌ബോള്‍ ലോകത്തിന്റെ ശ്വാസം നേരെ വീണത്. എറിക്‌സനെ കോപ്പന്‍ഹേഗനിലെ ആശുപത്രിയില്‍ കൊണ്ടുപോയതിന് പിന്നാലെ പ്രാദേശിക സമയം രാത്രി 11 മണിക്കാണ് ഇന്റര്‍ താരം സന്ദേശം അയച്ചത്. ഇന്നലെ രാവിലെ ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ എറിക്‌സനുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. സംസാരത്തില്‍ ഡാനിഷ് ടീമിലെ സഹതാരങ്ങള്‍ക്ക് നന്ദി അറിയിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടനെ അപകടനില തരണം ചെയ്തതായി ഡോക്ടര്‍ അറിയിച്ചിരുന്നു. തുടര്‍ പരിശോധനയ്ക്കു വേണ്ടി അദ്ദേഹം ഹോസ്പിറ്റലില്‍ തന്നെ തുടരും. കഴിഞ്ഞ ദിവസത്തെ സംഭവത്തോടു കൂടി ഡാനിഷ് ഫുട്‌ബോള്‍ ടീമിന്റെ സ്റ്റാഫുകള്‍ ആശുപത്രിയിലാണെന്നും അവിടെ താരത്തിനു വേണ്ട സഹായങ്ങള്‍ ചെയ്തു വരികയാണെന്നും അവര്‍ പറഞ്ഞു. എറിക്‌സനുവേണ്ടി പ്രാര്‍ഥിച്ച എല്ലാ ഫാന്‍സുകള്‍ക്കും താരങ്ങള്‍ക്കും ഡെന്‍മാര്‍ക്ക്, ഇംഗ്ലണ്ട് റോയല്‍ കുടുംബത്തിനും അന്താരാഷ്ട്ര അസോസിയേഷനും, ക്ലബ്ബുകള്‍ക്കും നന്ദി പറയാനും അവര്‍ മറന്നില്ല.
കഴിഞ്ഞ വര്‍ഷമാണ് എറിക്‌സണ്‍ ടോട്ടനം വിട്ട് ഇന്റര്‍ മിലാനിലേക്ക് ചേക്കേറിയത്. അവിടെ ഹാരി കെയ്‌നിനൊപ്പം കളിക്കുകയും ചെയ്തു.
ശനിയാഴ്ച ഫിന്‍ലന്‍ഡിനെതിരായ യൂറോകപ്പ് മത്സരം 42 മിനുട്ട് പിന്നിട്ടപ്പോഴായിരുന്നു ലോക ഫുട്‌ബോളിനെ ഞെട്ടിച്ച സംഭവം. എതിര്‍ പകുതിയിലെ ത്രോയില്‍ നിന്ന് പന്ത് സ്വീകരിക്കാന്‍ മുന്നോട്ടാഞ്ഞ എറിക്‌സന്‍ ആടിയുലഞ്ഞ് നിലത്തേക്ക് വീണു. പന്ത് എറിക്‌സന്റെ കാലുകളില്‍ തട്ടി പുറത്തേക്ക് പോകുന്നതും വീഡിയോയില്‍ കാണാം. അടുത്തുണ്ടായിരുന്ന സഹതാരത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കിലും ഫിന്‍ലന്‍ഡ് താരങ്ങള്‍ അപകടം പെട്ടെന്ന് തിരിച്ചറിഞ്ഞ് റഫറിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കളി നിയന്ത്രിച്ചിരുന്ന ആന്റണി ടെയ്‌ലര്‍ ഉടന്‍ തന്നെ വൈദ്യസംഘത്തെ വിളിച്ച് അടിയന്തര ശുശ്രൂഷ നല്‍കി. ഡാനിഷ് താരങ്ങള്‍ എറിക്‌സന് ചുറ്റും നിന്ന് പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. സംഭവത്തോടെ കാണികളും ഞെട്ടിത്തരിച്ചു.
15 മിനുട്ടോളം ശുശ്രൂഷ നല്‍കിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മത്സരം റദ്ദാക്കിയതായി അറിയിപ്പ് വന്നെങ്കിലും ഇരു ടീമിലെയും താരങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് മത്സരം പുനരാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."