പട്ടേല്‍ ഇന്ന് പ്രത്യേക വിമാനത്തില്‍ ദ്വീപിലെത്തും സുരക്ഷ വര്‍ധിപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം; ജാഗ്രതയില്‍ ജനങ്ങളും
സ്വന്തം ലേഖകന്‍
കവരത്തി : പ്രതിഷേധങ്ങള്‍ക്കിടെ അഡ്മിനിസ്‌ട്രേറ്റര്‍ ഇന്ന് ദ്വീപിലെത്തുന്നതിനാല്‍ ദ്വീപില്‍ കനത്ത സുരക്ഷയും മുന്‍കരുതലും. അഡ്മിനിസ്‌ട്രേഷനും പൊലിസും പ്രതിഷേധങ്ങള്‍ ഭയന്ന് കൂടുതല്‍ ജാഗ്രതയിലാകുമ്പോള്‍ സമരക്കാരും കരുതലിലാണ്.
കോസ്റ്റ് ഗാര്‍ഡിന്റെ പ്രത്യേക ഡോണിയര്‍ വിമാനത്തിലാണ് പട്ടേല്‍ ഇന്ന് ഉച്ചയ്ക്ക് 12.30ന് അഗത്തി യില്‍ എത്തിച്ചേരുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെതന്നെ കവരത്തിയില്‍ എത്തിച്ചേരും. ഒരാഴ്ച തങ്ങുന്ന പട്ടേല്‍ വിവിധ ദ്വീപുകള്‍ സന്ദര്‍ശിക്കാനും സാധ്യതയുണ്ട്. അതു കൊണ്ടുതന്നെ കനത്ത സുരക്ഷയാണ് പൊലിസും രഹസ്യാന്വേഷണ വിഭാഗങ്ങളും ഒരുക്കിയിരിക്കുന്നത്. പ്രതിഷേധങ്ങള്‍ അതിരുവിടരുതെന്നും ദ്വീപ് ഭരണകൂടത്തിന്റെ നീക്കങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്നും ദ്വീപ് ജനതയ്ക്ക് സേവ് ലക്ഷദ്വീപ് ഫോറം നേതാക്കളും മുന്നറിയിപ്പ് നല്‍കി.
പ്രധാനമായും ദ്വീപിലെ ചെറുപ്പക്കാരെ ഇളക്കി കേന്ദ്രസേനയെ ഇറക്കുക എന്ന അജന്‍ഡ പട്ടേല്‍ പ്രയോഗിക്കുമോയെന്ന് ദ്വീപുകാര്‍ ഭയപ്പെടുന്നുണ്ട്. അതിനാല്‍ പക്വതയാര്‍ന്ന നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചേ പ്രതിഷേധങ്ങളാകാവൂവെന്നും ധൈര്യത്തിന്റേയോ ഭീരുത്വത്തിന്റേയോ വിഷയമല്ലിതെന്നും നേതൃത്വം പറയുന്നു. എതിരാളികളുടെ വലിപ്പമറിഞ്ഞ് പ്രതിഷേധിച്ചില്ലെങ്കില്‍ ആത്മഹത്യാപരമായിപ്പോകുമെന്നും നേതാക്കള്‍ അണികളെ ഉയര്‍ത്തുന്നു. പുറത്ത് നിന്ന് സ്ഥാപിത താല്‍പര്യക്കാര്‍ നുഴഞ്ഞു കയറി ദ്വീപ് ജനതയുടെ ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്നും അതു കൊണ്ടു തന്നെ സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്നും അണികള്‍ക്ക് നേതാക്കള്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
പട്ടേല്‍ വരുന്ന ദിവസം കരിദിനമായി ആചരിക്കാനും വീടുകള്‍ക്ക് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിക്കാനുമാണ് എസ്. എല്‍.എഫിന്റെ തിരുമാനം. അഡ്മിനിസ്‌ട്രേറ്ററുടെ പരിപാടികള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ബഹിഷ്‌കരിക്കും. പട്ടേല്‍ മടങ്ങുന്ന ദിവസംവരെ വ്യത്യസ്തമായ പ്രതിഷേധം തുടരും. 20ന് ചിരട്ടയും പാത്രവും തമ്മില്‍ കൂട്ടിയടിച്ച് ശബ്ദമുണ്ടാക്കി പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."