കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ചര്‍ച്ചയില്‍ കേരളവും , രണ്ടുപേര്‍ക്ക് സാധ്യതയെന്ന് സൂചന
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ആറ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുമുന്‍പ് നടക്കുമെന്ന് കരുതുന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ചര്‍ച്ചകളില്‍ കേരളത്തിനും സജീവസാന്നിധ്യം.
ചില സമുദായ സമവാക്യങ്ങള്‍ പാലിക്കാനും നിയമസഭ തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ തോല്‍വിയും കോഴ, കുഴല്‍പ്പണ വിവാദങ്ങളും തളര്‍ത്തിയ പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരുന്നതിനും അണികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും കേരളത്തിന് കേന്ദ്രമന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച നടക്കുന്നത്.
കേരളത്തില്‍നിന്ന് രണ്ടുപേര്‍ കേന്ദ്രമന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. ഇക്കാര്യം സംസ്ഥാനത്തെ ആര്‍.എസ്.എസ്, ബി.ജെ.പി നേതൃത്വം ചര്‍ച്ച ചെയ്തുകഴിഞ്ഞു. ഇതിന്റെ തുടര്‍ചര്‍ച്ചകള്‍ക്കുകൂടിയാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ കഴിഞ്ഞ അഞ്ചുദിവസമായി ഡല്‍ഹിയില്‍ തുടര്‍ന്നതെന്നാണ് സൂചനകള്‍.
സംഘടനാതലത്തില്‍ മാറ്റംവരുത്തി ആരെല്ലാം മന്ത്രിസ്ഥാനങ്ങളിലേക്കെത്തണമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മെട്രോമാന്‍ ഇ. ശ്രീധരന്‍ മന്ത്രിസഭയിലെത്താന്‍ സാധ്യത ഏറെയാണ്. പി.എസ് ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്‍, സുരേഷ് ഗോപി എന്നിവരുടെ പേരുകളും ചര്‍ച്ചകളിലുണ്ട്.
എന്‍.എസ്.എസിനെയും ചില ക്രിസ്തീയ സംഘടനകളെയും ഒപ്പം നിര്‍ത്തുന്നതിനായി പി.എസ് ശ്രീധരന്‍പിള്ളയെ മന്ത്രിയാക്കണമെന്നാണ് അഭിപ്രായം.
സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഗ്രൂപ്പില്‍നിന്ന് നഷ്ടമാകാതിരിക്കാന്‍ സുരേന്ദ്രന്‍ മന്ത്രിയാകുന്നതിനോട് വി. മുരളീധരന്റെ പക്ഷത്തിന് അഭിപ്രായഭിന്നതയുണ്ട്. ഈ ഗ്രൂപ്പില്‍നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ മറ്റൊരാളില്ലാത്തതിനാല്‍ മുരളീധരന്‍തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ട്.
ഒരു മാസത്തിനുള്ളില്‍ കേന്ദ്രമന്ത്രിസഭ പുനഃസംഘടന നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ സംഘടനാതലത്തില്‍ അഴിച്ചുപണി നടത്തി എം.ടി രമേശിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് കൃഷ്ണദാസ് പക്ഷവും ശ്രമം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."