ജലദുരന്തത്തിൻ്റെ ഉത്തരവാദികൾ ആര്?
Who is responsible for the water disaster?
കേരളം വീണ്ടും ഒരു ബോട്ട് ദുരന്തത്തിന് വേദിയായിരിക്കുന്നു. 22 ജീവനുകൾ ആഴങ്ങളിൽ ഒടുങ്ങിയതിന്റെ വേദനയും ഞെട്ടലും വിട്ടുമാറിയിട്ടില്ല. അപകട കാരണത്തെക്കുറിച്ചറിയാൻ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ബോട്ടുടമയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗ്നമായ നിയമ ലംഘനം നടന്നുവെന്നും ആളുകളെ കുത്തിനിറച്ച് രാത്രിയിൽ സർവിസ് നടത്തിയെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ വിരൽചൂണ്ടുന്നത് നമ്മുടെ സംവിധാനങ്ങളിലെ പാളിച്ചകളാണ്.
ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് വേണ്ടത്. ദുരന്തങ്ങൾ ആവർത്തിച്ചുകൂടാ എന്ന പ്രതിജ്ഞാബദ്ധമായ തീരുമാനവും അതു നടപ്പാക്കാനുള്ള ആർജവവുമാണ് വേണ്ടത്. മനുഷ്യനിർമിത ദുരന്തമായേ ഈ ബോട്ടപകടത്തെ കാണാനാകൂ. സാങ്കേതിക പ്രശ്‌നങ്ങൾ ഉൾപ്പെടെ കാരണമാകാമെങ്കിലും സുരക്ഷയ്ക്ക് ഒരു വിലയും കൽപ്പിച്ചില്ലെന്ന് വ്യക്തം. ദുരന്തത്തിന്റെ ഉത്തരവാദിത്വം സർക്കാരും കൂടി ഏറ്റെടുക്കണം. എന്തെന്നാൽ, താനൂർ കേരളത്തിലെ ആദ്യ ജലദുരന്തമല്ല എന്നതുതന്നെ. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജലദുരന്തവും അല്ല. വിലാപത്തിനപ്പുറം അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തെല്ലാം, ആവർത്തിക്കാതിരിക്കാൻ എന്തു നടപടി തുടങ്ങിയവയെക്കുറിച്ചാണ് ചർച്ച നടക്കേണ്ടത്.
കേരളത്തിന്റെ ഭൂപ്രകൃതിയുടെ ചെറിയൊരു ഭാഗമേ കായൽപാടങ്ങളോ ചതുപ്പു നിലങ്ങളോ തണ്ണീർത്തടങ്ങളോ ആയിട്ടുള്ളൂ. 1,17,100 ഹെക്ടർ പ്രദേശമാണ് ആകെ ഈ ഗണത്തിൽ വരുന്നത്. 40,900 ഹെക്ടർ തണ്ണീർത്തടങ്ങൾ തീരദേശത്താണ്. 169 പ്രകൃതിദത്ത കോൾനിലങ്ങളും കായലുകളുമാണ് തീരദേശത്തുള്ളത്. ഗതാഗതത്തിന് ബോട്ടു സർവിസ് ഉപയോഗിക്കുന്നതിനോടൊപ്പം വിനോദ സഞ്ചാരത്തിനും ബോട്ടുകൾ ഉപയോഗിക്കുന്നു. അതിനാൽ തന്നെ റോഡ് ഗതാഗതത്തിൽ സുരക്ഷയ്ക്ക് നിയമം ശക്തിപ്പെടുത്തുന്നതു പോലെ ജലഗതാഗതത്തിനും ശക്തമായ നിയമങ്ങൾ വേണം. വ്യോമഗതാഗതത്തിന് അന്താരാഷ്ട്ര നിലവാരമുള്ള നിയമങ്ങളാണ് എല്ലാ രാജ്യങ്ങളും പിന്തുടരുന്നത്. ജലഗതാഗത്തിനും അന്താരാഷ്ട്ര നിലവാരമുള്ള നിയമങ്ങൾ വേണം. കേരളത്തേക്കാൾ ജലഗതാഗതത്തെ ആശ്രയിക്കുന്നവരാണ് മിക്ക രാജ്യങ്ങളും. അവിടെ അപകടങ്ങൾ ഇല്ല എന്നല്ല, അപകടത്തിന്റെ എണ്ണവും തോതും വളരെ കുറവാണ്. കേരളത്തിൽ 1924 മുതൽ 2023 വരെ 21 ബോട്ടു ദുരന്തങ്ങളുണ്ടായിട്ടുണ്ട്. എന്നിട്ടൊന്നും നമ്മുടെ സംവിധാനങ്ങളുടെ കണ്ണു തുറന്നില്ല എന്നാണ് താനൂർ ദുരന്തം സാക്ഷ്യപ്പെടുത്തുന്നത്. അന്വേഷണ കമ്മിഷനുകൾ നൽകിയ റിപ്പോർട്ടുകളിലെ സുരക്ഷാ നിർദേശങ്ങളൊന്നും പിന്നീട് പാലിക്കപ്പെട്ടില്ല. താനൂരിലെ ബോട്ടിനും 10,000 രൂപ പിഴ ഈടാക്കിയാണ് ഫിറ്റ്‌നസ് നൽകിയതെന്നത് ഉൾപ്പെടെ ഗുരുതരമായ ഉദ്യോഗസ്ഥ അലംഭാവവും ഉയരുന്നുണ്ട്.
താനൂരിലെ ബോട്ട് സർവിസിനെക്കുറിച്ചും സുരക്ഷ പാലിക്കുന്നില്ലെന്ന് നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും അതിൽ ഇടപെടാത്ത ഉദ്യോഗസ്ഥർ ആർക്കു വേണ്ടിയാണ് പ്രവർത്തിച്ചതെന്നും അന്വേഷിക്കണം. ഈ ബോട്ട് സുരക്ഷയില്ലാതെ ഇത്രനാൾ സർവിസ് നടത്തിയതിൽ ബോട്ടുടമയും ജീവനക്കാരും മാത്രമല്ല അവിടെ നിയമം പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥരും പ്രതിയാണ്. അവർക്കെതിരേയും വകുപ്പുതലത്തിലും അല്ലാതെയും നടപടികൾ സ്വീകരിക്കണം. കൈക്കൂലി വാങ്ങിയോ അല്ലാതെയോ നിയമലംഘനങ്ങൾക്ക് ഒത്താശ ചെയ്യാൻ ഇനിയൊരു ഉദ്യോഗസ്ഥനും തോന്നാത്ത വിധം മാതൃകാപരമായ ശിക്ഷണ നടപടികളും സ്വീകരിക്കണം.
കേരളത്തിൽ 10 പേരിൽ അധികം ഹൗസ് ബോട്ട് ദുരന്തത്തിൽ മരിച്ചേക്കുമെന്ന് ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി ഏപ്രിൽ ഒന്നിന് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞതിന് പിന്നാലെയാണ് ദുരന്തമുണ്ടായത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ബോട്ടുദുരന്തത്തിന് ഇടയാക്കിയേക്കാവുന്ന കാരണങ്ങൾ അക്കമിട്ട് നിരത്തുന്നുണ്ട്. ഇതിനു പിന്നാലെയാണ് അവധിക്കാലവും ആഘോഷ സീസണും വന്നത്. ഈ സാഹചര്യം മുൻനിർത്തി ആവശ്യമായ പരിശോധനയും ജാഗ്രതയും ബന്ധപ്പെട്ട വകുപ്പുകളും ഉദ്യോഗസ്ഥരും നടത്തിയോ എന്നും പരിശോധിക്കപ്പെടണം. ഇല്ലെങ്കിൽ ഇവിടെ നിന്ന് തുടങ്ങുന്നു നമ്മുടെ ജാഗ്രതക്കുറവ് എന്ന് മനസിലാക്കാം. ജീവനുകൾ പൊലിയുമ്പോൾ മാത്രം ഏതാനും ദിവസത്തേക്ക് കാടിളക്കി നടത്തുന്ന പരിശോധനയും മറ്റും ഒരാഴ്ചയിൽ കൂടുതൽ കേരളത്തിൽ തുടരാറില്ല. ബസ് ദുരന്തമായാലും ബോട്ടു ദുരന്തമായാലും അങ്ങനെ തന്നെയാണ് അനുഭവം. ഇത്തരം പ്രഹസന പരിശോധനകളാകരുത് ഇനിയുള്ള നാളുകളിൽ ഉണ്ടാകേണ്ടത്. പഴയ അന്വേഷണ കമ്മിഷനുകളുടെ റിപ്പോർട്ടെങ്കിലും ഇപ്പോൾ പൊടിതട്ടിയെടുത്ത് നടപ്പാക്കാൻ സർക്കാർ ഉത്സാഹിക്കണം. ഒപ്പം വ്യക്തിപരമായ സുരക്ഷയിൽ മലയാളികൾ ഏറെ പിന്നിലാണെന്ന് പറയാതെ വയ്യ. സീറ്റ് ബെൽറ്റിടാനും ഹെൽമറ്റ് വയ്ക്കാനും ഉയരങ്ങളിൽ ജോലിചെയ്യുമ്പോഴും കിണറ്റിൽ ഇറങ്ങുമ്പോഴും സുരക്ഷാ ജാക്കറ്റ് ഉപയോഗിക്കാനും മലയാളി ഇനിയും പഠിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്നവരോ അതിനു നിർദേശിക്കുന്നവരോ പരിഹസിക്കപ്പെടുകയാണ് പതിവ്. അവനവന്റെ സുരക്ഷ സ്വന്തം കൈയിലാണെന്ന ബോധം ഓരോ വ്യക്തികൾക്കും ഉണ്ടാകേണ്ടതുണ്ട്. കുട്ടികൾക്ക് ഹൈസ്‌കൂൾ തലം മുതൽ പേഴ്‌സനൽ റെസ്‌ക്യൂ, ദുരന്ത നിവാരണം, നീന്തൽ തുടങ്ങിയവയിൽ പരിശീലനം നൽകണം. ഇതൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമായി മാറണം. ദുരന്തത്തിൽപ്പെട്ടാൽ രക്ഷാപ്രവർത്തകർക്ക് ഏറെ സഹായകമാകും ഇതെല്ലാം. രക്ഷാ ജാക്കറ്റ് ധരിക്കാതെ ബോട്ടിലും മറ്റും യാത്ര ചെയ്യരുത് തുടങ്ങിയ സുരക്ഷാ ബോധം എല്ലാവർക്കും വേണം. സ്വന്തം ജീവൻ രക്ഷപ്പെടുത്തേണ്ട ബാധ്യത തനിക്കുതന്നെയാണ്. അതു കഴിഞ്ഞേ മറ്റുള്ളവർക്കുള്ളൂ എന്ന് മനസിലാക്കണം. തിങ്ങിനിറഞ്ഞ വാഹനങ്ങളിലും മറ്റും ഇടിച്ചുകയറുമ്പോൾ ഈ ചിന്ത നമുക്കും വേണം.
അതിനൊപ്പം സർക്കാർ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിച്ചാൽ ദുരന്തങ്ങളെ അകറ്റി നിർത്താൻ കഴിയും. ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഘട്ടങ്ങളിൽ അത് മുഖവിലയ്‌ക്കെടുക്കാൻ സർക്കാർ വകുപ്പുകളും മടികാണിക്കരുത്. നാടിന്റെ നഷ്ടം നമ്മുടെ നഷ്ടമാണ്. ജനങ്ങളുടെ അവബോധവും സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമതയും നിയമം നൽകുന്ന സുരക്ഷിതത്വവും ചേരുമ്പോൾ ദുരന്തങ്ങൾ മാറിനിൽക്കും. ഉല്ലാസ ദിനങ്ങൾ കണ്ണീർ കടലായി മാറുന്ന അവസ്ഥ ദൂരീകരിക്കാൻ സർക്കാരും ജനങ്ങളും വ്യക്തികളും കൈകോർത്തേ പറ്റൂ. നമ്മുടെ ജലദുരന്തത്തിൽ ഏറ്റവും ഒടുവിലത്തേതാകട്ടെ താനൂർ സംഭവമെന്ന് ആശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."