ബംഗാളില്‍ നിരോധിച്ചതിന് പിന്നാലെ ദി കേരള സ്റ്റോറിയുടെ നികുതി ഒഴിവാക്കി യു.പി സര്‍ക്കാര്‍
ദി കേരള സ്റ്റോറിയുടെ നികുതി ഒഴിവാക്കി യു.പി സര്‍ക്കാര്‍
ലക്‌നോ: വിവാദ ചിത്രം 'ദി കേരള സ്റ്റോറി' പ്രദര്‍ശിപ്പിക്കുന്നതിന് നികുതി ഒഴിവാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ദി കേരളാ സ്റ്റോറി' ബംഗാള്‍ നിരോധിച്ചതിന് പിന്നാലെയാണ് നികുതി ഒഴിവാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം.
'The Kerala Story' उत्तर प्रदेश में टैक्स फ्री की जाएगी।
— Yogi Adityanath (@myogiadityanath) May 9, 2023
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചിത്രത്തിന്റെ നികുതി ഒഴിവാക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ മധ്യപ്രദേശിലും ചിത്രത്തിന്റെ നികുതി ഒഴിവാക്കിയിരുന്നു. ലൗ ജിഹാദ്, മതപരിവര്‍ത്തനം, തീവ്രവാദം എന്നിവയുടെ ഗൂഢാലോചനയാണ് സിനിമ തുറന്നുകാട്ടുന്നതെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞിരുന്നു.
കേരളത്തില്‍ മതംമാറ്റി 32,000 സ്ത്രീകളെ ഐ.എസില്‍ അംഗങ്ങളാക്കി വിദേശത്തേക്ക് കയറ്റിയയച്ചെന്ന നുണക്കഥ പ്രമേയമാക്കിയ ദ കേരള സ്റ്റോറി പശ്ചിമ ബംഗാളില്‍ കഴിഞ്ഞ ദിവസമാണ് നിരോധിച്ചത്. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് സിനിമ നിരോധിച്ചതായി അറിയിച്ചത്. വിദ്വേഷം പരത്തുന്ന സിനിമ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കരുതെന്ന് ചീഫ് സെക്രട്ടറിക്ക് അവര്‍ നിര്‍ദേശം നല്‍കി.
കശ്മിര്‍ ഫയല്‍സ് മാതൃകയില്‍ ബംഗാളിനെ കുറിച്ചും മറ്റും നുണക്കഥകളുണ്ടാക്കി സിനിമ ചിത്രീകരിക്കാന്‍ ബി.ജെ.പി പണം മുടക്കുന്നതായി കഴിഞ്ഞ ദിവസം മമത കുറ്റപ്പെടുത്തിയിരുന്നു. സമാധാനം തകര്‍ക്കുന്ന വിവാദ സിനിമ ബംഗാളില്‍ നിരോധിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റായ നബന്നയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മമത അറിയിച്ചു. ഔദ്യോഗിക നിരോധന ഉത്തരവ് ഉടനുണ്ടായേക്കും.
സിനിമ നിരോധിച്ച മമത ബാനര്‍ജിയെ ഡല്‍ഹിയില്‍ ചിത്രം കണ്ട ശേഷം പുറത്തിറങ്ങിയ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വിമര്‍ശിച്ചു. നിരോധനം വലിയ തെറ്റാണ്. സത്യം പറയാന്‍ അവര്‍ ആരെയും അനുവദിക്കാന്‍ ആഗ്രഹിക്കുന്നില്ലേ? നിങ്ങള്‍ക്ക് (മമത ബാനര്‍ജി) തീവ്രവാദ സംഘടനകള്‍ക്കൊപ്പം നില്‍ക്കുന്നതുകൊണ്ട് എന്താണ് ലഭിക്കുന്നത്?' താക്കൂര്‍ ചോദിച്ചു. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിനിമയെ പിന്തുണച്ച് പ്രസ്താവന നടത്തിയിരുന്നു.
വാസ്തവ വിരുദ്ധവും വിദ്വേഷം ജനിപ്പിക്കുന്നതുമാണെന്ന വിമര്‍ശനമുയര്‍ന്ന സിനിമ തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലക്‌സുകളിലും നിരോധിച്ചിരുന്നു.വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. സിനിമയുടെ റിലീസിലും പ്രദര്‍ശനത്തിലും ഇടപെടാന്‍ സുപ്രിം കോടതിയും ഹൈക്കോടതിയും നേരത്തെ വിസമ്മതിച്ചിരുന്നു.
uttar-pradesh-cm-yogi-adityanath-made-the-kerala-story-tax-free
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."