റിയോയില്‍ ഗോപി ഓടി; ടീച്ചറമ്മയുടെ പ്രാര്‍ഥനക്കൊപ്പം കരിയറിലെ മികച്ച സമയം കുറിച്ച് ഗോപി (2.15.25)
കല്‍പ്പറ്റ: അരുമ ശിഷ്യനായി വജയിടീച്ചര്‍ മനമുരുകി പ്രാര്‍ഥനയില്‍ മുഴുകിയപ്പോള്‍ തോന്നക്കല്‍ ഗോപിയെന്ന ഒളിമ്പ്യന്‍ റിയോയില്‍ കുറിച്ചത് പുതുചരിതം. തന്റെ ഏറ്റവും മികച്ച സമയം കണ്ടെത്തിയാണ് വയനാടന്‍ ചുരമിറങ്ങി ഒളിംപിക്‌സിലെത്തിയ ആദ്യ പുരുഷതാരമായ ഗോപി മാരത്തണിലെ തന്റെ ഓട്ടം പൂര്‍ത്തിയാക്കിയത്. ലോകോത്തര താരങ്ങള്‍ അണിനിരന്ന മാരത്തണില്‍ 25ാമനായും ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമനുമായാണ് ഗോപി ഫിനിഷ് ചെയ്തത്. 2.15.25 എന്ന സമയത്തിലാണ് ഗോപി ഫിനിഷിങ് ലൈന്‍ തൊട്ടത്. ആകെ 155 താരങ്ങളായിരുന്നു ഒളിംപിക്‌സിലെ അവസാന ഇനമായ മാരത്തണില്‍ മത്സരിക്കാനിറങ്ങിയത്. ഇതില്‍ 140 പേര്‍ മാത്രമാണ് മത്സരം പൂര്‍ത്തിയാക്കിയത്. ഇതില്‍ 25ാമനായി ഗോപിയും 26ാമനായി ഇന്ത്യയുടെ തന്നെ ഖേതാറാമും 84ാമനായി ഇന്ത്യയുടെ നിതേന്ദ്ര സിങ് റാവത്തും ഫിനിഷ് ചെയ്തു. മുംബൈ മാരത്തണില്‍ ഗോപിയെ പിന്തള്ളി ഒന്നാമതെത്തിയ നിതേന്ദ്ര സിങ് റാവത്ത് ഫിനിഷ് ചെയ്തത് 84മനായാണെന്നത് ഗോപിയുടെ നേട്ടത്തിന് വീണ്ടും തിളക്കം കൂട്ടുകയാണ്.
രാജ്യത്തിനൊപ്പം വയനാടിന് പ്രതേകിച്ചും അഭിമാനിക്കാവുന്ന നേട്ടമാണ് ഗോപി കൈപ്പിടിയിലൊതുക്കിയത്. ഗോപിയിലെ കായിക താരത്തെ കണ്ടെത്തുകയും രാകിമിനുക്കി ഇന്ന് കാണുന്ന വളര്‍ച്ചയിലേക്ക് വഴിനടത്തുകയും ചെയ്ത കാക്കവയലിന്റെ സ്വന്തം വിജയിടീച്ചര്‍ക്ക് തന്റെ അരുമശിഷ്യനെക്കുറിച്ച് പറയാന്‍ ആയിരം നാവാണ്.
ബത്തേരി മൂലങ്കാവ് സ്വദേശികളായ ബാബുവിന്റെയും തങ്കത്തിന്റെയും ഏക മകനാണ് ഗോപി. കഴിഞ്ഞ ജനുവരിയില്‍ നടന്ന മുംബൈ മാരത്തണിലാണ് ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയ സ്വപ്നയോട്ടം ഗോപി നടത്തിയത്. ആര്‍മി സ്‌പോര്‍ട്‌സ് അക്കാദമിയില്‍ പരിശീലനം നടത്തിവന്നിരുന്ന ഈ പട്ടാളക്കാരന്‍ മുംബൈ മാരത്തണില്‍ ടീമിലെ അംഗങ്ങളെ വേഗ നിയന്ത്രണത്തില്‍ സഹായിക്കാന്‍ 'പേസ് മേക്കറാ'യാണ് ട്രാക്കിലിറങ്ങിയത്. ആകെ 42 കിലോമീറ്റര്‍ ദൂരത്തില്‍ 25 കിലോമീറ്റര്‍ ഓടി ടീമംഗങ്ങളെ വേഗനിയന്ത്രണത്തില്‍ സഹായിക്കുകയെന്നതായിരുന്നു കര്‍ത്തവ്യം. എന്നാല്‍ 25 കിലോമീറ്റര്‍ ഓടിയിട്ടും തളരാതെ ഗോപി 42 കിലോമീറ്ററും മികച്ച സമയത്തില്‍ ഫിനിഷ് ചെയ്തു. രണ്ടു മണിക്കൂര്‍ 16 മിനിറ്റ് 15 സെക്കന്റില്‍ മത്സരത്തില്‍ രണ്ടാമതെത്തിയ ഗോപിക്ക് ഒളിംപിക്‌സിലേക്കുള്ള വഴിയും തുറന്നു. ദരിദ്ര കര്‍ഷകകുടുംബത്തില്‍ ജനിച്ച ഗോപിക്ക് കൃത്യമായി സ്‌കൂളിലെത്താനോ കായികപരിശീലനം നടത്താനോ സാധിച്ചിരുന്നില്ല.
പരിശീലനം മുടങ്ങരുതെന്ന് തീര്‍ച്ചയാക്കിയ ടീച്ചറമ്മ ഗോപിയെ എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ തന്റെ വീട്ടില്‍നിര്‍ത്തി പഠിപ്പിക്കുകയായിരുന്നു. സ്‌കൂള്‍തലത്തില്‍ 200, 400 മീറ്ററുകളായിരുന്നു ഗോപിയുടെ ഇഷ്ട ഇനങ്ങള്‍. പിന്നീട് ദീര്‍ഘദൂര ട്രാക്കിലേക്ക് മാറി. 10,000 മീറ്ററില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയ ഗോപി, പതിയെ ഇന്ത്യയുടെ മികച്ച മാരത്തണ്‍ താരമായി മാറുകയായിരുന്നു. 2009ല്‍ പഠനകാലത്തുതന്നെ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പട്ടാളത്തില്‍ ജോലിയും ലഭിച്ചു.
ഗുവാഹട്ടിയില്‍ നടന്ന സാഫ് ഗെയിംസില്‍ 10,000 മീറ്ററില്‍ പങ്കെടുത്ത ഗോപി സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്. ഊട്ടി കൂന്നുരിലെ പട്ടാള ക്യാംപിലായിരുന്നു ഗോപിയുടെ പരിശീലനം. ക്യാംപിലെ ചിട്ടയായ പരിശീലനം ഗോപിയുടെ പ്രകടനത്തിന് മുതല്‍ക്കൂട്ടായെന്ന് ടീച്ചര്‍ പറയുന്നു. പട്ടാളത്തിലെ തന്നെ കായികതാരം അബൂബക്കര്‍, ലോക പൊലിസ് മീറ്റില്‍ ലോംങ് ജംപില്‍ ഇന്ത്യയുടെ താരമായ എ.കെ ദീപ, നാഷനല്‍ ക്രോസ് കണ്‍ട്രിയില്‍ മെഡല്‍ ജേതാവ് വി.എസ് ശ്രീദേവി, ദേശീയ മെഡല്‍ ജേതാവ് വി.വി സിന്ധു തുടങ്ങിയവരും ടീച്ചറുടെ ശിഷ്യകളാണ്.
ഗോപി ഇനിയും ഉയരങ്ങള്‍ കീഴടക്കുമെന്ന പ്രതീക്ഷയിലാണ് ടീച്ചറമ്മയെന്ന് സ്‌നേഹപൂര്‍വം ശിഷ്യര്‍ വിളിക്കുന്ന വിജയിട്ടീച്ചര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."