താനൂര്‍ ബോട്ട് അപകടം: സബറുദ്ദീന്‍ മരിച്ചത് ഡ്യൂട്ടിക്കിടെ, എത്തിയത് മയക്കുമരുന്ന് പ്രതിയെത്തേടി
താനൂര്‍ ബോട്ട് അപകടം: സബറുദ്ദീന്‍ മരിച്ചത് ഡ്യൂട്ടിക്കിടെ
മലപ്പുറം: താനൂരില്‍ ബോട്ടപകടത്തില്‍ മരിച്ച സബറുദ്ദീന്‍ ഡ്യൂട്ടിക്കിടയിലാണ് അപകടത്തില്‍പെട്ടതെന്ന് സ്ഥിരീകരണം. താനൂര്‍ പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസറും മലപ്പറം എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗവുമായിരുന്ന സബറുദ്ദീന്‍ മയക്കുമരുന്ന് കേസിലെ പ്രതിയെ തേടിയാണ് തൂവല്‍തീരത്തെത്തിയത്.
പ്രതികള്‍ ബോട്ടിലേക്ക് കയറിയതായിരിക്കാമെന്ന സംശയത്തില്‍ ഇദ്ദേഹം ബോട്ടിലേക്ക് കയറുകയായിരുന്നു. ബോട്ടില്‍ താഴെയും മുകളിലുമായി അദ്ദേഹം പരിശോധന നടത്തി.
ദാരുണമായ അപകടത്തില്‍ സബറുദ്ദീന്റെ മരണം പൊലീസ് സേനയ്ക്ക് എന്നത് പോലെ നാടിനും നാട്ടുകാര്‍ക്കും തീരാനോവായി മാറുകയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമായിരുന്നു സബറുദ്ദീന്‍. കെട്ടിട നിര്‍മ്മാണ ജോലിക്ക് പോയിരുന്ന ഇദ്ദേഹം പൊലീസുകാരനാവണം എന്ന മോഹം ഉള്ളില്‍ വെച്ച് ആത്മാര്‍ത്ഥമായി പഠിച്ചു സിവില്‍ പൊലീസ് ഓഫീസറായി ജോലിക്ക് കയറിയതായിരുന്നു.
മോഷണക്കേസുകളില്‍ അടക്കം ഒട്ടേറെ കേസുകളില്‍ തുമ്പുണ്ടാക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ചയാളാണ് സബറുദ്ദീന്‍. മോഷണ കേസിലെ പ്രതിയെ പിടികൂടുന്നത് വരെ മുടി വെട്ടില്ലെന്ന് പ്രതിജ്ഞയെടുത്ത സബറുദ്ദീന്‍ പിന്നീട് പ്രതിയെ പിടിച്ച ശേഷം ബാര്‍ബര്‍ ഷോപ്പിലെത്തി മുടി വെട്ടിയ കഥ നാട്ടുകാര്‍ ഓര്‍ത്തെടുത്തു. താനൂര്‍ ബീച്ച് റോഡിലെ മില്‍മ ബൂത്തിലെ സ്‌കൂട്ടര്‍ കവര്‍ന്ന കേസിലായിരുന്നു സബറുദ്ദീന്റെ പ്രഖ്യനപനം. മോഷ്ടാവിനെ തേടി ദിവസങ്ങള്‍ അലഞ്ഞിട്ടും പോലീസിന് ഒരു തുമ്പും ലഭിച്ചിരുന്നില്ല. ഇതിനിടെ, മുടി മുറിക്കാന്‍ ബാര്‍ബര്‍ ഷോപ്പിലെത്തിയ സബറുദ്ദീന്‍ മുടി വെട്ടാതെ ഇറങ്ങി.
മോഷ്ടാവിനെ പിടികൂടുന്നത് വരെ താന്‍ മുടി വെട്ടില്ലെന്നും സബറുദ്ദീന്‍ അന്ന് പറഞ്ഞു. അധികം വൈകാതെ സബറുദ്ദീനും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ സലേഷും പ്രതിയെ പിടികൂടി. ഇതിന് ശേഷമാണ് സബറുദ്ദീന്‍ വീണ്ടും ബാര്‍ബര്‍ ഷോപ്പിലെത്തി സബറുദ്ദീന്‍ മുടി വെട്ടിയത്.
tanur-boat-accident-sabarudheen-died-while-on-duty
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."