മഹാരാഷ്ട്ര സര്‍ക്കാര്‍ വീഴുന്നു?; നിയമസഭ പിരിച്ചുവിടുമെന്ന സൂചന നല്‍കി സഞ്ജയ് റാവത്ത്
മുംബൈ: മഹാരാഷ്ട്ര നിയമസഭ പിരിച്ചു വിടുമെന്ന സൂചന നല്‍കി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'വിധാന്‍സഭ പിരിച്ചുവിടലിലേക്ക് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ യാത്ര' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഒരു മണിക്ക് സഭ ചേരാനിരിക്കെയാണ് ട്വീറ്റ്. വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ആദിത്യ താക്കറെ ട്വിറ്റര്‍ ബയോയില്‍ മന്ത്രി എന്നത് നീക്കിയതും സഭ പിരിച്ചുവിടുന്നതിലേക്കാണ് സൂചന നല്‍കുന്നത്. അതേസമയം അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്ന് ശിവസേന നേതാക്കള്‍ വ്യക്തമാക്കി.
महाराष्ट्रातील राजकीय घडामोडींचा प्रवास विधान सभा बरखास्तीचया दिशेने..
— Sanjay Raut (@rautsanjay61) June 22, 2022
46 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് ഏക്‌നാഥ് ഷിന്‍ഡെ അവകാശപ്പെടുന്നത്. ഇതിന്‍ 40 പേര്‍ സ്വന്തം പാര്‍ട്ടിയിലുള്ളതും ആറു പേര്‍ സ്വതന്ത്രരുമാണ്.
അതേസമയം, ബി.ജെ.പിക്കൊപ്പം ചേരുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ മറ്റു പാര്‍ട്ടികളുമായി ചേരാനുള്ള സാധ്യത ഷിന്‍ഡെ നിഷേധിച്ചു. ബാലാസാഹേബ് താക്കറെയുടെ ശിവസേന വിട്ടിട്ടില്ലെന്നും ഒരിക്കലും വിടില്ലെന്നും ഷിന്‍ഡെ വ്യക്തമാക്കി. ഹിന്ദുത്വയിലാണ് തങ്ങള്‍ വിശ്വസിക്കുന്നത്- ഷിന്‍ഡെ പറഞ്ഞു.
എന്നാല്‍ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ അസമിലെ ഗവാഹത്തിയിലെത്തിയ വിമത എം.എല്‍.എമാരെ ബിജെ.പി നേതാക്കളായ പല്ലഭ് ലോചന്‍ ദാസും സുശാന്ത ബോര്‍ഗോഹെയ്ന്‍ ഷിന്‍ഡെയും ചേര്‍ന്നാണ് സ്വീകരിച്ചത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് എം.എല്‍.എമാര്‍ ഗുവാഹത്തിയിലെത്തിയത്.
വിമത സ്വരമുയര്‍ത്തി ശിവസേന നേതാവും നഗരവികസന മന്ത്രിയുമായ ഏക് നാഥ് ഷിന്‍ഡെ എം.എല്‍.എമാരുമായി സ്ഥലം വിട്ടതോടെ മഹാരാഷ്ട്രയിലെ ശിവസേനഎന്‍.സി.പികോണ്‍ഗ്രസ് സഖ്യ മഹാവികാസ് അഗാഡി സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഹിന്ദുത്വയുടെ പേരില്‍ കോണ്‍ഗ്രസ്എന്‍.സി.പി സഖ്യം ഉപേക്ഷിച്ച് ശിവസേന ബി.ജെ.പിക്കൊപ്പം സര്‍ക്കാര്‍ രൂപവത്കരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഷിന്‍ഡെ ഉടക്കിയത്. നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലത്തിനു തൊട്ടുപിന്നാലെ തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഏക് നാഥ് ഷിന്‍ഡെ പാര്‍ട്ടി എം.എല്‍.എമാരുമായി ഗുജറാത്തിലേക്ക് കടന്നത്.
ബാല്‍താക്കറെയോട് കൂറുള്ള ശിവസൈനികനായ താന്‍ അധികാരത്തിനു വേണ്ടി ആരെയും ചതിക്കില്ലെന്നും ഷിന്‍ഡെ പറയുന്നു. എന്നാല്‍, ശിവസേനയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ച ആവശ്യം തള്ളിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഷിന്‍ഡെയെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് മാറ്റി അജയ് ചൗധരിയെ പകരം നിയോഗിച്ചു.
അതിനിടെ, പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സൂറത്തിലേക്ക് അയച്ച ശിവസേന നേതാക്കള്‍ വിമത നേതാവ് എക് നാഥ് ഷിന്‍ഡെയെ കണ്ട് രണ്ടു മണിക്കൂര്‍ ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."