താനൂര്‍ ബോട്ടപകടം: മരണപ്പെട്ടവരുടെ ആശ്രിതരെ സന്ദര്‍ശിച്ച് സമസ്ത നേതാക്കള്‍
മരണപ്പെട്ടവരുടെ ആശ്രിതരെ സന്ദര്‍ശിച്ച് സമസ്ത നേതാക്കള്‍
പരപ്പനങ്ങാടി: താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ വീടുകള്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ നേതാക്കള്‍ സന്ദര്‍ശിച്ചു. പരപ്പനങ്ങാടി പുത്തന്‍കടപ്പുറം, ചുടലപ്പറമ്പ്, ചെട്ടിപ്പടി, താനൂര്‍ ഓലപ്പീടിക തുടങ്ങിയ പ്രദേശങ്ങളിലെ മരണ വീടുകളിലാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും സമസ്ത പ്രവാസി സെല്‍ ചെയര്‍മാനുമായ ആദൃശേരി ഹംസക്കുട്ടി മുസ്ലിയാര്, സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ സന്ദര്‍ശനം നടത്തിയത്.
ഇന്ന് രാവിലെ പത്തരയോടെ അരയന്കടപ്പുറത്ത് എത്തിയ നേതാക്കളെ മഹല്ല് നേതൃത്വത്തിന്റെയും സംഘടന നേതാക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ വന്‍ ജനാവലി സ്വീകരിച്ചു.
പുത്തന്‍കടപ്പുറത്തെ കുന്നുമ്മല്‍ കുടുംബത്തിലെ 11 പേരെ മറവ് ചെയ്ത അരയന്‍കടപ്പുറം ഖബര്‍സ്ഥാനില്‍ പ്രാര്‍ഥന നടത്തിയ നേതാക്കള്‍ വീട്ടിലെത്തിയും പ്രാര്‍ഥന നിര്‍വഹിച്ചു. പിന്നീട് താനൂര്‍ ഓലപ്പീടികയില്‍ മൂന്ന് പേര് മരിച്ച വീട്ടിലും പരപ്പനങ്ങാടി ചുടലപ്പറമ്പില്‍ മരണപ്പെട്ട പൊലിസ് ഉദ്യോഗസ്ഥന് സബറുദ്ദീന്റെ വസതിയിലും സന്ദര്‍ശനം നടത്തി.
ചെട്ടിപ്പടി വെട്ടിക്കുത്തി വീട്ടിലെ നാല് പേരെ ഖബറടക്കിയ ആനപ്പടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും പ്രാര്‍ഥന നടത്തിയാണ് നേതാക്കള്‍ മടങ്ങിയത്. കൂടാതെ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഇടക്കാല സാമ്പത്തിക സഹായവും നല്കി. നേതാക്കളുടെ സന്ദര്‍ശനവും സാന്ത്വന തലോടലും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായി. എസ്.വൈ.എസ് വെസ്റ്റ് ജില്ലാ ഭാരവാഹികളായ സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സി.എച്ച് ത്വയ്യിബ് ഫൈസി, മൂസ ഹാജി കാടാമ്പുഴ, എന്‍ കുഞ്ഞിപ്പോക്കര്, ജില്ലാ പഞ്ചായത്ത് മെംബര്‍ എ.പി ഉണ്ണികൃഷ്ണന്, സയ്യിദ് കെ.എന്‍.സി തങ്ങള്‍ താനാളൂര്‍, സയ്യിദ് യഹ്യക്കോയ തങ്ങള്‍ ജമലുല്ലൈലി, അരയന്‍കടപ്പുറം മഹല്ല് ഖത്വീബ് ഇഖ്ബാല്‍ ഫൈസി കോല്‍മണ്ണ, എസ്.കെ.എസ് എസ്.എഫ് വെസ്റ്റ് ജില്ല ട്രഷറര്‍ നൗഷാദ് ചെട്ടിപ്പടി, വി.പി കോയഹാജി, സിദ്ധീഖ് ഹാജി ചെറുമുക്ക് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."