കോണ്‍ഗ്രസിന് പുതിയ നേതൃത്വം
ജേക്കബ് ജോര്‍ജ്
കോണ്‍ഗ്രസിന് ഇനി പുതിയ നേതാവ് - കണ്ണൂര്‍ എടയ്ക്കാട് നടാല്‍ സ്വദേശി കുമ്പക്കുടി സുധാകരന്‍. സംഘര്‍ഷഭരിതമായ കണ്ണൂര്‍ രാഷ്ട്രീയത്തില്‍നിന്നു വരുന്ന സുധാകരന്‍ കുറേ കാലമായി കണ്ണുവച്ചിരുന്ന സ്ഥാനമാണ് കൈയില്‍ കിട്ടിയിരിക്കുന്നത്. ആജ്ഞാശക്തിയുള്ളയാളാവണം കെ.പി.സി.സി പ്രസിഡന്റാവേണ്ടതെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞുവച്ചിട്ടുള്ളത്. ഹൈക്കമാന്റ് അവസാനം സുധാകരന്റെ വഴിക്കുതന്നെ വന്നിരിക്കുന്നു. കെ.പി.സി.സി പ്രസിഡന്റായി സുധാകരന്‍ സ്ഥാനമേറ്റിരിക്കുന്നു. മുല്ലപ്പള്ളി രാമചന്ദ്രനുശേഷം.
മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാരെയും ഹൈക്കമാന്റ് നിയമിച്ചിട്ടുണ്ട്. പി.ടി തോമസ്, ടി. സിദ്ദീഖ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍. നേരത്തേ വി.ഡി സതീശനെ പ്രതിപക്ഷനേതാവായി ഹൈക്കമാന്റ് നിയമിച്ചിരുന്നു. ഹൈക്കമാന്റ് നേരിട്ടുതന്നെയാണ് ഈ നിയമനങ്ങളൊക്കെയും നടത്തിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിങ്ങനെ മുതിര്‍ന്ന നേതാക്കളോടൊന്നും ആലോചിക്കാതെ. 2014-ല്‍ വി.എം സുധീരനെ കെ.പി.സി.സി പ്രസിഡന്റായി നിയമിച്ചിരുന്നു. അന്ന് യു.ഡി.എഫ് ഭരണകാലം. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി, രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ച് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായതിനെ തുടര്‍ന്നാണ് സുധീരനെ ഹൈക്കമാന്റ് ആ സ്ഥാനത്തേയ്ക്ക് നിയമിച്ചത്.
കോണ്‍ഗ്രസില്‍ ദശകങ്ങളായി തുടര്‍ന്നുവരുന്നതാണ് ആന്റണി പക്ഷവും ഐ ഗ്രൂപ്പും തമ്മിലുള്ള പോരാട്ടം. നേതാക്കളും നേതൃത്വവും പലവട്ടം മാറിയെങ്കിലും ഗ്രൂപ്പ് പോരാട്ടത്തിന് കുറവൊന്നും വന്നിട്ടില്ല. ഗ്രൂപ്പു പോരാട്ടം എപ്പോഴും കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ സംഘടനയുടെ ഭാഗമായിരുന്നുവെങ്കിലും അതില്‍ത്തന്നെ ഒരു രാഷ്ട്രീയമുണ്ടെന്നതായിരുന്നു വലിയ കാര്യം. അതുകൊണ്ടുതന്നെ, ഒന്നിടവിട്ട നിയമസഭാ പോരാട്ടങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി വിജയിച്ച് ഭരണത്തിലെത്തുകയും ചെയ്തു. ഇത്തവണ മാത്രം പതിവ് തെറ്റി. പിണറായി വിജയന്‍ ഭരണത്തുടര്‍ച്ച നേടി ആ പതിവ് തെറ്റിക്കുകയായിരുന്നു.
ഇന്ത്യയില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് കേന്ദ്രത്തില്‍ ബി.ജെ.പിയും ഭരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇതു രണ്ടാമൂഴം. കോണ്‍ഗ്രസ് രണ്ടാംതവണയും പ്രതിപക്ഷത്ത്. പ്രതിപക്ഷ നേതൃസ്ഥാനം കിട്ടാന്‍ അര്‍ഹത പോലുമില്ലാത്ത പാര്‍ട്ടിയെന്ന നിലയേ ഉള്ളുവെങ്കിലും ദേശീയതലത്തില്‍ നോക്കുമ്പോള്‍ ബി.ജെ.പിയോടെതിര്‍ത്തു നില്‍ക്കാന്‍പോന്ന ഒരു ശക്തി കോണ്‍ഗ്രസ് മാത്രമാണ്. ശക്തമായ ഒരു പ്രതിപക്ഷകക്ഷിയായാല്‍ മാത്രമേ ചിതറിയ കക്ഷികളെയൊക്കെ ഒരു ചരടില്‍ കൊരുത്ത് ബി.ജെ.പിക്കെതിരേ ശക്തികേന്ദ്രമായി വളരാന്‍ കോണ്‍ഗ്രസിനു കഴിയൂ. പക്ഷേ അതിനുള്ള ഒരുക്കങ്ങളൊന്നും ഡല്‍ഹിയില്‍ കാണാന്‍ കഴിയുന്നില്ല എന്നതാണ് വസ്തുത.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും പ്രാദേശിക പാര്‍ട്ടികളാണ് ജയിച്ചത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും തമിഴ്‌നാട്ടില്‍ ഡി.എം.കെയും. കേരളത്തില്‍ ആകെയുണ്ടായിരുന്ന ഒരേയൊരു സീറ്റ് ബി.ജെ.പിക്ക് നഷ്ടമാവുകയും ചെയ്തു. കേരളത്തിലെങ്കിലും ഭരണം പിടിച്ചെടുക്കാമെന്നു പ്രതീക്ഷിച്ചെങ്കിലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യമായി വരുന്നത്.
കോണ്‍ഗ്രസിലെ നേതൃമാറ്റം പരിഗണനയ്‌ക്കെടുക്കുമ്പോള്‍ ഹൈക്കമാന്റ് നേരിടുന്ന ആദ്യത്തെ പ്രശ്‌നം സജീവ സാന്നിധ്യമായ ഗ്രൂപ്പുകള്‍ തന്നെയാണ്. ഉമ്മന്‍ ചാണ്ടി നേതൃത്വം കൊടുക്കുന്ന ആന്റണി ഗ്രൂപ്പും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പും. കെ. സുധാകരന്‍ കാലങ്ങളായി ഐ ഗ്രൂപ്പിനൊപ്പം തന്നെയായിരുന്നു. ഉമ്മന്‍ ചാണ്ടി എല്ലായ്‌പ്പോഴും ആന്റണിപക്ഷത്തും നിലകൊണ്ടു. കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ തളര്‍ച്ചയില്‍നിന്നു വളര്‍ത്തിയെടുത്ത് ഒരു മുന്നണി കെട്ടിപ്പടുത്ത് ഭരണം കൈക്കലാക്കിയ നേതാവായ കെ. കരുണാകരനെ എക്കാലത്തും വെല്ലുവിളിച്ചിരുന്നത് ആന്റണി പക്ഷമാണ്. അതിനു മുന്‍നിരയില്‍ നിന്നത് ഉമ്മന്‍ ചാണ്ടിയും. ഗ്രൂപ്പുകള്‍ക്കുവേണ്ടി നിലകൊള്ളുകയും പോരാട്ടം നടത്തുകയും ചെയ്ത നേതാക്കള്‍ തന്നെയാണ് കാലാകാലങ്ങളില്‍ കോണ്‍ഗ്രസിനെ പുഷ്ടിപ്പെടുത്തിയതും ഭരണത്തിലെത്തിച്ചതുമെന്ന വസ്തുതയും നിലനില്‍ക്കുന്നു.
ഈ സാഹചര്യത്തിലാണ് കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരനെ ഹൈക്കമാന്റ് നിയമിച്ച രീതിയെ വിലയിരുത്തേണ്ടത്. ഗ്രൂപ്പുകളെ ഹൈക്കമാന്റ് പരിഗണിച്ചതേയില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും അഭിപ്രായം ചോദിച്ചുമില്ല. ഗ്രൂപ്പു താല്‍പ്പര്യങ്ങളൊക്കെയും കൈവിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊതുവെ പുതിയ നിയമനങ്ങളൊക്കെ അംഗീകരിച്ചിരിക്കുന്നുതാനും. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത് പാര്‍ട്ടിയുടെ വളര്‍ച്ച തന്നെയാണ്. അഞ്ചുവര്‍ഷം പ്രതിപക്ഷത്തിരുന്നു കഴിഞ്ഞാല്‍ സ്വാഭാവികമായും അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ കഴിയുമെന്ന സങ്കല്‍പ്പം കൈവിട്ടുപോയിരിക്കുന്നു. പ്രതിപക്ഷത്ത് ഇനിയൊരഞ്ചുവര്‍ഷം! അത്ര പെട്ടെന്ന് ഉള്‍ക്കൊള്ളാനാവുന്ന കാര്യമൊന്നുമല്ല ഇത്. പക്ഷേ അതിനര്‍ഥം ഉമ്മന്‍ ചാണ്ടിയെപ്പോലെ, രമേശ് ചെന്നിത്തലയെപ്പോലെ, മറ്റനേകം പ്രമുഖരായ നേതാക്കളെപ്പോലെ കാലാകാലങ്ങളില്‍ കോണ്‍ഗ്രസിനെ വളര്‍ത്തിയെടുത്ത് നിലനിര്‍ത്തിയവരെ നിരാകരിക്കണമെന്നല്ല. അവരൊക്കെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനു നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. കേരളം പോലൊരു സംസ്ഥാനത്ത് സി.പി.എം എന്ന രാഷ്ട്രീയകക്ഷിയെയും അതു നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയുമാണ് കോണ്‍ഗ്രസും അതു നേതൃത്വം കൊടുക്കുന്ന ഐക്യജനാധിപത്യ മുന്നണിയും നേരിടുന്നത്. ഈ രണ്ടു മുന്നണികള്‍ക്കുമിടയിലേയ്ക്കാണ് കേന്ദ്രഭരണത്തിന്റെ പിന്‍ബലത്തില്‍ ബി.ജെ.പി കടന്നുവരാന്‍ നടത്തുന്ന ശ്രമങ്ങള്‍. ഇത്തവണ പക്ഷേ ബി.ജെ.പി അതിദയനീയമായി പരാജയപ്പെട്ടു. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ബി.ജെ.പിയിലേക്ക് ഒഴുക്കുണ്ടാവുമെന്നു സംസാരമുണ്ടായിരുന്നുവെങ്കിലും അതിനു യാതൊരു സാധ്യതതയുമില്ലാത്തവണ്ണം ആ പാര്‍ട്ടി തകര്‍ന്നു പോയി. കിട്ടിയ വോട്ടില്‍ പോലും സാരമായ കുറവുണ്ടായിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
ഇനിയിപ്പോള്‍ കോണ്‍ഗ്രസിനു മുന്നിലുള്ള വഴി സംഘടനാതലത്തിലുള്ള ഊര്‍ജിതമായ പ്രവര്‍ത്തനം മാത്രം. നേതാവാരെന്ന ചോദ്യമോ ഗ്രൂപ്പുകളെ തകര്‍ക്കുമെന്ന വെല്ലുവിളികളോ അല്ല തന്നെ. താഴേത്തട്ടില്‍ സംഘടന ഇല്ലെന്നായിക്കഴിഞ്ഞു. ജംബോ കമ്മിറ്റികളുണ്ടെങ്കിലും അവ വെറും ആള്‍ക്കൂട്ടമെന്നല്ലാതെ, പ്രവര്‍ത്തിക്കുന്ന സമിതികളായി മാറിയിട്ടുമില്ല. തിരുവനന്തപുരം നഗരസഭയിലേയ്ക്കു ഇക്കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പുതന്നെ ഉത്തമോദാഹരണം. ആകെയുള്ള നൂറു സീറ്റില്‍ വെറും ഒന്‍പതു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിനു കിട്ടിയത്. സ്ഥാനാര്‍ഥി നിര്‍ണയംതന്നെ പലേടത്തും പാളിപ്പോയി. വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരുമുണ്ടായില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനമൊട്ടുക്ക് സംഘടനാതലത്തിലെ ഈ വീഴ്ച പ്രകടമായിരുന്നു. അതേസമയം, കഴിഞ്ഞ തവണ കരുനാഗപ്പള്ളിയില്‍ പരാജയപ്പെട്ട സി.ആര്‍ മഹേഷ് ഇത്തവണ വന്‍വിജയം നേടിയതും കാണണം. അഞ്ചുവര്‍ഷക്കാലം ഒരു മടിയുമില്ലാതെ ജനങ്ങള്‍ക്കിടയില്‍നിന്നു പ്രവര്‍ത്തിച്ചതിന് നാട്ടുകാര്‍ മഹേഷിനു നല്‍കിയ അംഗീകാരമാണ് ഈ വിജയം. പാലക്കാട് ഷാഫി പറമ്പില്‍ നേടിയ വിജയവും എണ്ണപ്പെട്ടതു തന്നെ. ബി.ജെ.പിയുടെ താരസ്ഥാനാര്‍ഥിയായിരുന്ന ഇ. ശ്രീധരനെയും സി.പി.എം സ്ഥാനാര്‍ഥിയെയും പരാജയപ്പെടുത്തിയാണ് ഷാഫി നിയമസഭയിലെത്തിയത്.
കോണ്‍ഗ്രസിന്റെ ഘടകകക്ഷികളോടുള്ള സമീപനവും മാറണം. യു.ഡി.എഫില്‍ പ്രധാന കക്ഷികളിലൊന്നായിരുന്ന ആര്‍.എസ്.പി, ഇതു രണ്ടാം തവണയും ഒരു സീറ്റുമില്ലാതെ നില്‍ക്കുകയാണ്. അതുപോലെ സി.എം.പിയും. മുസ്‌ലിം ലീഗിനും സീറ്റു കുറഞ്ഞിരിക്കുന്നു. ഐക്യമുന്നണി രാഷ്ട്രീയത്തില്‍ നേതൃകക്ഷികള്‍ക്കും ഘടകകക്ഷികള്‍ക്കും തുല്യമായ പങ്കുണ്ട്. ഇക്കാര്യത്തില്‍ സി.പി.എമ്മിനെ കണ്ടു പഠിക്കുകതന്നെ വേണം കോണ്‍ഗ്രസ്. മത്സരിക്കാന്‍ വെറും ഒരു സീറ്റ് മാത്രം കിട്ടിയ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് സി.പി.എം നല്‍കിയത് തലസ്ഥാന നഗരിയിലെ തിരുവനന്തപുരം സീറ്റ്. സെക്രട്ടേറിയറ്റുള്‍പ്പെടെ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍ ഈ മണ്ഡലത്തിലാണ്. ഇവിടെ മത്സരിച്ച ആന്റണി രാജുവിനെ സി.പി.എം പ്രവര്‍ത്തകര്‍ ഉത്സാഹിച്ചുതന്നെ ജയിപ്പിക്കുകയും ചെയ്തു. സി.എം.പി നേതാവ് സി.പി ജോണിന് യോജിച്ച ഒരു സീറ്റ് നല്‍കാന്‍ പോലും കോണ്‍ഗ്രസ് നേതാക്കള്‍ മെനക്കെട്ടില്ലെന്നോര്‍ക്കണം. മുന്നണിയില്‍ പ്രധാനക്ഷികളിലൊന്നായ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ പുറത്താക്കിയ കാര്യവും പ്രധാനം.
കോണ്‍ഗ്രസ് സംഘടനയെ താഴേതലം മുതല്‍ ശക്തിപ്പെടുത്താനാവണം പുതിയ നേതൃത്വത്തിന്റെ ശ്രമം. ഐക്യജനാധിപത്യ മുന്നണിയെയും. അതിനുവേണ്ടത് രാഷ്ട്രീയവിവേകവും തന്ത്രങ്ങള്‍ മെനയാനുള്ള കഴിവുമാണ്. അതിനുള്ള ശേഷി നേതാക്കള്‍ക്കുണ്ടാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."