കൊവിഡ്: വീഴ്ചകളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണം
ഡോ. അബ്ദുല്‍ അസീസ് സുബൈര്‍ കുഞ്ഞ്
മഹാമാരി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ ട്വിറ്ററില്‍നിന്ന് വിമര്‍ശനങ്ങള്‍ നീക്കം ചെയ്യിക്കുന്നതിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേര്‍ണല്‍ ലാന്‍സെറ്റ് മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തിയത് ലോകത്തിന്റെ മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായയ്ക്കു ചില്ലറ കളങ്കമല്ല വരുത്തിവച്ചത്. ആര്‍ജിത പ്രതിരോധശേഷിയെക്കുറിച്ചുള്ള വ്യാജബോധത്തിലായിരുന്നു അധികൃതരെന്നും സംസ്ഥാനങ്ങളോട് ആലോചിക്കാതെ വാക്‌സിനേഷന്‍ നയത്തില്‍ മാറ്റംവരുത്തിയത് പദ്ധതികളെ പ്രതിസന്ധിയിലാക്കിയെന്നും ലാന്‍സെറ്റ് ആരോപിക്കുന്നു. ഓഗസ്റ്റ് ഒന്നോടെ ഇന്ത്യയിലെ കൊവിഡ് മരണം 10 ലക്ഷം കടക്കുമെന്ന മുന്നറിയിപ്പും ലാന്‍സെറ്റ് നല്‍കുന്നുണ്ട്.
ഒന്നാംഘട്ടത്തിലെ അശാസ്ത്രീയ തീരുമാനങ്ങളാണ് രാജ്യത്തെ കൊവിഡ് വ്യാപനം വര്‍ധിപ്പിച്ചത്. 2019 ഡിസംബറില്‍ വുഹാനില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ടശേഷം ഇന്ത്യന്‍ പൗരന്മാര്‍ ചൈന സന്ദര്‍ശിക്കുന്നതിനുള്ള മാര്‍ഗരേഖ ജനുവരി 17നാണു പുറപ്പെടുവിച്ചത്. ചൈന വഴി ഇന്ത്യയിലേക്കുള്ള പ്രവേശനം തടഞ്ഞത് ഫെബ്രുവരി 5- നും. ജനുവരി 31 - ഓടെ 25- ലധികം രാജ്യങ്ങളില്‍ മഹാമാരി റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പിന്നെയും ഒരുമാസംകൂടി കഴിഞ്ഞ് മാര്‍ച്ച് മൂന്നിന് ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനം മാത്രമാണ് തടഞ്ഞത്. ആ സമയത്തു ചൈന, ഇറ്റലി, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ഇന്ത്യയില്‍ 16 കേസുകള്‍ 'ഇറക്കുമതി' ചെയ്തിരുന്നു. അതേദിവസം വ്യക്തമായ കൊവിഡ് വ്യാപനം കണ്ടെത്തിയ ഫ്രാന്‍സ് (212), സ്‌പെയിന്‍ (166), അമേരിക്ക (85) എന്നീ രാജ്യങ്ങളില്‍നിന്നുള്ള യാത്ര തടഞ്ഞതുമില്ല. യു.എ.ഇ, മലേഷ്യ, തായ്‌ലാന്റ്, അമേരിക്ക, ഒമാന്‍ എന്നീ രാജ്യങ്ങളില്‍നിന്നു മാര്‍ച്ച് ആദ്യ ആഴ്ചകളില്‍ തന്നെ കൂടുതല്‍ കേസുകള്‍ ഇറക്കുമതി ചെയ്യപ്പെടുകയുണ്ടായി.
150 രാജ്യങ്ങളിലായി 2,92,142 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2020 മാര്‍ച്ച് 22- നു മാത്രമാണ് അന്താരാഷ്ട്ര യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. 15 ലക്ഷത്തിലധികം ആളുകളാണ് ജനുവരി 15- നും മാര്‍ച്ച് 23-നും ഇടയ്ക്ക് ഇന്ത്യയിലെത്തിയത്. അന്നത്തെ ഏക നടപടി തെര്‍മല്‍ സ്‌ക്രീനിങ്ങാണ്. സാമൂഹികവ്യാപനം മാര്‍ച്ച് ആദ്യ ആഴ്ചകളില്‍ ആരംഭിച്ചിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണവും ലോക്ക്ഡൗണും വൈകി. മുന്നൊരുക്കമില്ലാതെ മാര്‍ച്ച് 24 -നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പൊതുഗതാഗതം നിര്‍ത്തിവച്ചത് മറ്റൊരു ദുരന്തമായി.
അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ തക്കസമയത്തു ലഭിക്കാതെ വന്നതാണ് ഗുരുതരമായ പ്രശ്‌നം. മാര്‍ച്ച് പകുതിവരെ പി.പി എക്വിപ്‌മെന്റുകള്‍ ഓര്‍ഡര്‍ ചെയ്യുകയോ അവയുടെ നിര്‍മാണം, ഗുണനിലവാരം തുടങ്ങിയവയെ സംബന്ധിച്ച മാര്‍ഗനിദേശങ്ങള്‍ നല്‍കുകയോ ചെയ്തില്ല. ഈ കാലതാമസം ഉത്പന്നങ്ങളുടെ ലഭ്യതയെ ബാധിച്ചു. മുംബൈയിലേയും മറ്റും ക്ലിനിക്കുകള്‍ അടച്ചുപൂട്ടുവാന്‍ കാരണമായി. ലഖ്‌നൗയില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു, ഉത്തര്‍പ്രദേശില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പണിമുടക്കി, ഛത്തീസ്ഗഡില്‍ ഡോക്ടര്‍മാര്‍ പരാതി ഫയല്‍ ചെയ്തു. 38 ദശലക്ഷം മാസ്‌കുകളും 6.2 ദശലക്ഷം ഏപ്രണുകളും വേണ്ട സ്ഥാനത്തു 9.1 ദശലക്ഷം മാസ്‌കുകളും 8 ലക്ഷം ഏപ്രണുകളും മാത്രമായിരുന്നുണ്ടായിരുന്നത്. ഇത് ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭീഷണിയായി. വളരെയേറെ അണുബാധയ്ക്കും മരണങ്ങള്‍ക്കും കാരണമായി. ടെസ്റ്റ് കിറ്റുകളുടെ ലഭ്യത വൈകിയത് നിയന്ത്രണ നടപടികളെ മെല്ലെയാക്കി. ഇക്കാലമത്രയും രാജ്യത്തെ 123 സര്‍ക്കാര്‍ ലാബുകള്‍ക്ക് ശേഷിയുടെ 36 ശതമാനവും 49 അംഗീകൃത സ്വകാര്യലാബുകളില്‍ പേരിനും മാത്രമാണ് കൊവിഡ് പരിശോധന നടന്നത്.
രണ്ടാം തരംഗത്തെയും വൈറസ് വകഭേദങ്ങളെയും കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും ഇന്ത്യ കൊവിഡിനെ തോല്‍പ്പിച്ചെന്ന ധാരണ പരത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. 2021 മാര്‍ച്ച് ആദ്യം രണ്ടാംതരംഗം ആരംഭിക്കുന്നതിനു മുന്‍പ് മഹാമാരിയുടെ അവസാന ഘട്ടത്തിലാണ് ഇന്ത്യയെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പ്രഖ്യാപിച്ചു. 'വ്യാജ' മരുന്നുകള്‍ പ്രോത്സാഹിപ്പിക്കാന്‍പോലും അദ്ദേഹം തയാറായി. എന്നാല്‍ മാര്‍ച്ച് രണ്ടാംവാരം മുതല്‍ ക്രമേണ വര്‍ധിച്ച് മെയ് 3 - ആയപ്പോള്‍ കൊവിഡ് ഉയര്‍ന്നനിലയില്‍ എത്തുകയാണുണ്ടായത്. വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ലക്ഷങ്ങള്‍ പങ്കെടുത്ത റാലികള്‍ നടത്തി. നിരവധി മത, രാഷ്ട്രീയ ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കിയത് രോഗവ്യാപനത്തില്‍ വലിയ പങ്കുവഹിച്ചു. ഓക്‌സിജന്‍ ഉള്‍പ്പെടെ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താത്തത് സൃഷ്ടിച്ച പ്രതിസന്ധി ലോകത്തിന് മുമ്പില്‍ തന്നെ വലിയ നാണക്കേടായി മാറി. ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും പോലുള്ള സംസ്ഥാനങ്ങള്‍ രണ്ടാംതരംഗത്തിന് ഒട്ടും തന്നെ തയാറെടുത്തിരുന്നില്ല. കേരളം, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ മെച്ചപ്പെട്ട ഓക്‌സിജന്‍ കരുതലും മറ്റും നടത്തിയെങ്കിലും തെരഞ്ഞെടുപ്പ് സമയത്തു പ്രതിരോധനടപടികള്‍ കൈവിട്ട അവസ്ഥയിലായി.
തെറ്റായ ദേശീയ വാക്‌സിന്‍ നയം ജനകോടികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയായി തുടരുകയാണ്. അവിടെയും കച്ചവടക്കണ്ണോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ മേഖലയിലെ വാക്‌സിന്‍ നിര്‍മാണസ്ഥാപനങ്ങളെ പാടെ ഒഴിവാക്കി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ സ്വകാര്യകമ്പനികള്‍ക്ക് മാത്രം പണവും നിര്‍മാണ അനുമതിയും നല്‍കി. പ്രതിമാസം 90 ദശലക്ഷം ഡോസ് ആഭ്യന്തര ഉപയോഗത്തിന് മാത്രം വേണ്ടപ്പോള്‍ ഇവരുടെ ആകെ ഉത്പാദനശേഷി 70 ദശലക്ഷം ഡോസ് മാത്രമാണ്. മാത്രമല്ല, കമ്പനികള്‍ വിദേശ ഉടമ്പടിയനുസരിച്ചുള്ള വാക്‌സിന്‍ നല്‍കേണ്ടതുമുണ്ട്. ചുരുക്കത്തില്‍ ആഭ്യന്തര ഉപയോഗത്തിനുള്ള തോതില്‍ വാക്‌സിന്‍ നല്‍കാന്‍ അവര്‍ക്കു സാധിക്കില്ലെന്ന് വ്യക്തമായിരുന്നു.
രോഗവ്യാപനം തുടരുകയും ലോക വ്യാപകമായി വാക്‌സിന്‍ വര്‍ധിച്ചതോതില്‍ ആവശ്യമായിരിക്കുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ ഇന്ത്യയൊട്ടുക്കും കടുത്ത വാക്‌സിന്‍ ക്ഷാമം അനുഭവിക്കുന്നു. സര്‍ക്കാര്‍ സ്ഥാപനമായ ബി.എച്ച്.ഇ.എല്‍ പോലുള്ളവയെ ഒഴിവാക്കിയ നടപടിയെ മദ്രാസ് ഹൈക്കോടതി വിമര്‍ശിച്ചത് (മെയ്- 6) ഓര്‍ക്കേണ്ടതുണ്ട്. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഐ.സി.എം.ആറിന്റെയും സഹകരണത്തോടെ വികസിപ്പിച്ച കൊവാക്‌സിന്‍ നിര്‍മിക്കാന്‍ സ്വകാര്യമേഖലയിലെ ഭാരത് ബയോടെക്കിനു മാത്രമാണ് കേന്ദ്രം അനുമതി നല്‍കിയത്.
ക്ഷാമകാലത്തും വിവിധ സര്‍ക്കാര്‍ വാക്‌സിന്‍ നിര്‍മാണ കമ്പനികളായ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഹിമാചല്‍പ്രദേശ്), പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, എച്ച്.എല്‍.എല്‍ (രണ്ടുംതമിഴ്‌നാട്), ഭാരത് ബയോളോജിക്കല്‍ ആന്‍ഡ് ഇമ്യൂണോളജിക്കല്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ഉത്തര്‍പ്രദേശ്), ഹാഫ്കിന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് (മഹാരാഷ്ട്ര), ഹ്യൂമന്‍ ബയോളോജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (തെലങ്കാന) എന്നീ സ്ഥാപനങ്ങളെ ഒഴിവാക്കി (ഡൗണ്‍ ടു എര്‍ത്ത് റിപ്പോര്‍ട്ട്). കൂടാതെ 2016- ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ചെങ്കല്‍പേട്ട (തമിഴ്‌നാട്) ഇന്റഗ്രേറ്റഡ് വാക്‌സിന്‍ കോംപ്ലക്‌സ് ഇപ്പോഴും പ്രവര്‍ത്തനരഹിതമാണ്. തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന്‍ ഹാഫ്കിന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് വഴി നിര്‍മിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ടും കേന്ദ്രം അനുവദിച്ചില്ല. അമേരിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങള്‍ ആഭ്യന്തര ഉപയോഗത്തിനായി വാക്‌സിന്‍ നിര്‍മാണശേഷി ഉപയോഗപ്പെടുത്തുമ്പോള്‍ ഇന്ത്യയും ചൈനയുമാണ് ഇതിനു വിരുദ്ധമായി കയറ്റുമതി ചെയ്യുന്നത്.
വാക്‌സിന്റെ വില നിര്‍ണയാധികാരവും വിതരണവും വാക്‌സിന്‍ കമ്പനികള്‍ക്ക് വിട്ടു നല്‍കിയത് വലിയ തിരിച്ചടിയായി. ഇതിനെയും വാക്‌സിന്‍ വിതരണത്തില്‍ നാഷണല്‍ ഇമ്യൂണൈസേഷന് പ്രോഗ്രാമിന്റെ മാതൃക പിന്തുടരാത്തതിനെയും സുപ്രിംകോടതി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. ഇതനുസരിച്ചൊന്നും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുന്നില്ല. സംസ്ഥാനങ്ങള്‍ക്ക് ആവശ്യാനുസരണം വാക്‌സിന്‍ ലഭ്യമല്ലാത്ത അവസ്ഥയും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സ്വകാര്യമേഖലക്കും വ്യത്യസ്ത വില നല്‍കേണ്ട സാഹചര്യവും നിലനില്‍ക്കുന്നു. വാക്‌സിനുമായിബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ (മെയ്. 24. 2021), കൊവിഡ് നിയന്ത്രണാതീതമായി തുടരുന്ന ഈ സമയത്തു രാജ്യത്ത് പൗരന്മാര്‍ക്ക് എന്തുകൊണ്ടാണ് സൗജന്യ വാക്‌സിന്‍ നല്‍കാത്തതെന്ന് കേരള ഹൈക്കോടതി കേന്ദ്രത്തോടാരാഞ്ഞിരുന്നു. സൗജന്യ വാക്‌സിന്‍ നല്‍കാന്‍ വേണ്ടിവരുന്ന ഏകദേശം 34,000 കോടിരൂപ ആര്‍.ബി.ഐ അധികമായി നല്‍കിയ 54,000 കോടിയില്‍നിന്നു ഉപയോഗിച്ചുകൂടേയെന്നും കോടതി ചോദിച്ചു. രാജ്യത്തെ വാക്‌സിന്‍ നയത്തെസംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സുപ്രിംകോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ജൂണ്‍ 6- നു പ്രധാനമന്ത്രി തിരുത്തിയ വാക്‌സിന്‍ നയം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് സര്‍ക്കാര്‍ മേഖലയില്‍ വിതരണം ചെയ്യാനായി 75 ശതമാനം വാക്‌സിന്‍ കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയും 25 ശതമാനം സ്വകാര്യമേഖലയില്‍ ലഭ്യമാക്കുകയും ചെയ്യും.
പൊതുമേഖല വാക്‌സിന്‍ നിര്‍മാണ കമ്പനികളെ നോക്കുകുത്തികളാക്കി, സ്വകാര്യ കമ്പനികള്‍ക്ക് പണവും അനുമതിയും നല്‍കി പ്രോത്സാഹിപ്പിച്ചപ്പോള്‍ രാജ്യത്തിന് അടിയന്തരമായി ആവശ്യമുള്ള അളവില്‍ സമയബന്ധിതമായി വാക്‌സിന്‍ നിര്‍മിച്ചുനല്‍കാന്‍ കഴിയുന്നില്ല. വിവാദങ്ങള്‍ നിലനില്‍ക്കെ ഇപ്പോള്‍ ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയ്ക്ക് പുതിയ കൊവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ 1500 കോടി മുന്‍കൂര്‍ തുക നല്‍കിയിരിക്കുകയാണ്. സുപ്രിംകോടതിയുടെ നിരീക്ഷണങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും നിരക്കുന്നതല്ല ഈ തീരുമാനം.
സമ്പൂര്‍ണ സൗജന്യ വാക്‌സിന്‍ കവറേജ് ഉറപ്പാക്കുകയാണ് വേണ്ടത്. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാവണം പദ്ധതി. ഇന്ത്യയിലെ ശേഷിയുള്ള എല്ലാ പൊതുമേഖലാ വാക്‌സിന്‍ നിര്‍മാണകേന്ദ്രങ്ങള്‍ക്കും വാക്‌സിന്‍ നിര്‍മാണാനുമതി നല്‍കുകയാണെങ്കില്‍ അന്താരാഷ്ട്രരംഗത്തെ ഇപ്പോഴത്തെ ചീത്തപ്പേര് മാറ്റി കുറഞ്ഞ ചെലവില്‍ മികച്ച വാക്‌സിന്‍ ദായക രാജ്യമെന്ന ബഹുമതിയായിരിക്കും തേടിയെത്തുക. മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. ഒന്നും രണ്ടും ഘട്ടങ്ങളിലെ വീഴ്ചകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."