ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ഗാസിയാബാദില്‍ വൃദ്ധന് ക്രൂരമര്‍ദനം
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് വൃദ്ധന് അഞ്ചംഗ ഹിന്ദുത്വവാദികളുടെ ക്രൂരമര്‍ദനം. ബുലുന്ദ്ഷെഹര് സ്വദേശി അബ്ദുല്‍ സമദ് സെയ്ഫിയെയാണ് വടികൊണ്ടും കൈകൊണ്ടും ക്രൂരമായി മര്‍ദിച്ചത്.
കൈകൂപ്പി അരുതെന്നപേക്ഷിച്ച വൃദ്ധന്റെ താടിരോമങ്ങള്‍ ബലമായി മുറിച്ചെടുക്കുകയും ചെയ്തു. ജൂണ്‍ അഞ്ചിനുണ്ടായ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പുറംലോകമറിയുന്നത്.
ഒരു ഓട്ടോയില്‍ യാത്ര ചെയ്യുന്ന തന്നെ ഗാസിയാബാദിലെ ലോനിയില് സംഘം പിടിച്ചിറക്കിക്കൊണ്ടുപോകുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് അബ്ദുല്‍ സമദ് സെയ്ഫി പറഞ്ഞു.
സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതായും മുഖ്യപ്രതി ഗാസിയാബാദ് സ്വദേശി പര്‍വേസ് ഗുജ്ജാര്‍ അറസ്റ്റിലായതായും പൊലിസ് അറിയിച്ചു. ഇയാളൊരു ക്രിമിനലാണെന്നും പൊലിസ് പറഞ്ഞു. ഒരു കാടുപോലുള്ള സ്ഥലത്തെ ഒഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയാണ് തന്നെ മര്‍ദിച്ചതെന്ന് അബ്ദുല്‍ സമദ് സെയ്ഫി പറഞ്ഞു.
കരഞ്ഞപ്പോള്‍ ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് വീണ്ടും മര്‍ദിച്ചു.
അവരുടെ കൈയില്‍ തോക്കുണ്ടായിരുന്നതായും താനാകെ പേടിച്ചു പോയതായും സെയ്ഫി പറഞ്ഞു. വൃദ്ധനെ കട്ടിലിലിരുത്തി രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. അടിയേറ്റ വേദനയില്‍ അരുതെന്ന് യാചിക്കുന്ന വൃദ്ധന് പലപ്പോഴും അടിയുടെ വേദനയില്‍ വീണുപോകുകയും വടിയില്‍ കയറിപ്പിടിച്ച് തടയാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."