യു.പിയില്‍ മദ്യമാഫിയയെക്കുറിച്ച് വാര്‍ത്ത നല്കിയ മാധ്യമപ്രവര്ത്തകന് ദുരൂഹസാഹചര്യത്തില്‍ മരിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മദ്യമാഫിയയെക്കുറിച്ച് വാര്‍ത്ത നല്കിയ മാധ്യമപ്രവര്ത്തകന് പ്രതാപ്ഘഡില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. എ.ബി.പി ന്യൂസിലെ മാധ്യമപ്രവര്ത്തകന് സുലഭ് ശ്രീവാസ്തവയാണ് മരിച്ചത്.
ജീവന് ഭീഷണിയുണ്ടെന്ന് കഴിഞ്ഞ ദിവസം സുലഭ് ശ്രീവാസ്തവ എ.ഡി.ജിക്കും എസ്.പിക്കും പരാതി നല്‍കിയിരുന്നു. സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കത്റ റോഡില്‍ ശ്രീവാസ്തവയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുലഭ് ശ്രീവാസ്തവ ഓടിച്ചിരുന്ന ബൈക്ക് വെള്ളമെടുക്കുന്നതിനായുള്ള ഹാന്‍ഡ് പമ്പിലിടിക്കുകയും റോഡരികിലെ കല്ലിലേക്കുവീണ് മരിക്കുകയുമായിരുന്നെന്നാണ് പൊലിസ് വാദം.
അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മദ്യ യൂനിറ്റില്‍ നടന്ന റെയ്ഡിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ മദ്യ മാഫിയ തന്നെ പിന്തുടരുന്നുണ്ടെന്ന് അദ്ദേഹം പരാതിയില്‍ വ്യക്തമാക്കിയിരുന്നു. സുലഭ് ശ്രീവാസ്തവയെ ആരെങ്കിലും അപായപ്പെടുത്താന്‍ ശ്രമിച്ചോയെന്ന കാര്യവും അന്വേഷിക്കുമെന്ന് പൊലിസ് അറിയിച്ചു.മദ്യമാഫിയ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി പറഞ്ഞു. എന്നിട്ടും യു.പി സര്‍ക്കാര്‍ ഉറങ്ങുകയാണ്. മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തിന്റെ കണ്ണീരിന് ആര് ഉത്തരം പറയുമെന്നും പ്രിയങ്കാഗാന്ധി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."