താനൂര്‍ ബോട്ടപകടം: സ്രാങ്ക് ദിനേശന്‍ പിടിയില്‍
താനൂര്‍ ബോട്ടപകടം: ഡ്രൈവര്‍ ദിനേശന്‍ പിടിയില്‍
താനൂര്‍: 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ തൂവല്‍ തീരം ബോട്ടപകടത്തില്‍ ബോട്ട് ഓടിച്ചിരുന്ന സ്രാങ്ക് ദിനേശന്‍ അറസ്റ്റിലായി. താനൂരില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
സ്രാങ്ക് ദിനേശന്‍ അറസ്റ്റിലായതോടെ ബോട്ടുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ക്ക് വ്യക്തത വരും. ബോട്ടിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ, എത്ര ആളുകള്‍ ഉണ്ടായിരുന്നു, അപകടത്തിനിടയാക്കിയ സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിയാനാകുമെന്നാണ് പൊലിസ് കരുതുന്നത്.
ബോട്ടുടമ നാസര്‍, രക്ഷപ്പെടാന്‍ സഹായിച്ച സഹോദരന്‍ സലാം, മറ്റൊരു സഹോദരന്റെ മകന്‍ വാഹിദ്, സുഹൃത്ത് മുഹമ്മദ് ഷാഫി എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നാസറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. തിരൂര്‍ സബ് ജയിലിലാണ് ഇയാളുള്ളത്. നാസറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ നാളെ പൊലിസ് അപേക്ഷ നല്‍കും.
അതേസമയം, താനൂരില്‍ അപകടം വരുത്തിയ ബോട്ടില്‍ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. ആളുകളെ ആശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണം എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബോട്ടിന്റെ ഡക്കില്‍ പോലും ആളുകളെ കയറ്റി. ഇവിടേക്ക് കയറാന്‍ സ്റ്റെപ്പുകള്‍ വെച്ചു. ഡ്രൈവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ബോട്ടപകടം അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ കമ്മീഷനെയും ഇന്ന് തീരുമാനിച്ചേക്കും. മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായേക്കും. ആറ് മാസമായിരിക്കും കമ്മീഷന്റെ കാലാവധി. ജുഡീഷ്യല്‍ അന്വേഷണത്തിന്റ് ടേംസ് ഓഫ് റെഫറന്‍സും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."