ദീർഘാവധിയിലുള്ള ജീവനക്കാർ തിരികെ കയറുമ്പോൾ നേരത്തെ അറിയിക്കണം
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
നീണ്ട അവധിയിലുള്ള സർക്കാർ ജീവനക്കാർക്ക് കർശന നിർദേശവുമായി ധനവകുപ്പ്. അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രേവശിക്കുന്നെങ്കിൽ രണ്ടു മാസം മുമ്പ് അതാത് വകുപ്പ് മേധാവികളെ അറിയിക്കണമെന്നും ഇല്ലെങ്കിൽ റിപ്പോർട്ട് ചെയ്ത ശേഷം പോസ്റ്റിങ് ലഭിക്കുന്നതുവരെയുള്ള ദിവസങ്ങൾ അവധിയായോ ശമ്പളമില്ലാത്ത അവധിയായോ മാറുമെന്നും ധനവകുപ്പ് സർക്കുലർ ഇറക്കി.
ഐ.എ.എസുകാർക്കും ഐ.പി.എസുകാർക്കും ഉൾപ്പടെ തീരുമാനം ബാധകമാണെന്നും സർക്കുലറിൽ പറയുന്നു. അവധി കഴിഞ്ഞെത്തുന്നവർ മുൻകൂട്ടി അറിയിക്കണമെന്ന നിബന്ധനയുണ്ടെങ്കിലും പലരും ഇതു പാലിക്കാറില്ല. ചിലർ അവധി അവസാനിച്ചതിനു ശേഷമോ അവധി തീരുന്നതിന് ദിവസങ്ങൾക്കു മുമ്പോ മാത്രമാണ് മേലധികാരിയെ അറിയിക്കുന്നത്. ഇതുമൂലം പോസ്റ്റിങ് ഓർഡർ ഇറക്കാൻ വൈകും.
ഒരാൾ ദീർഘാവധിയെടുക്കുമ്പോൾ ആ തസ്തിക വെറുതെയിടാൻ പറ്റില്ല എന്നതിനാൽ പകരം ആളെ നിയമിക്കാറുണ്ട്. ചിലർ അവധി റദ്ദാക്കി തിരിച്ചുകയറും. തിരികെ വരുന്നയാൾക്ക് പോസ്റ്റിങ് നൽകുന്നതിനായി അവസാനം നിയമിക്കപ്പെട്ടയാൾ പുറത്തുപോകേണ്ട സ്ഥിതിയുണ്ടാകും. അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കുന്നവർ പോസ്റ്റിങ് ലഭിച്ചില്ലെങ്കിലും ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി കണക്കാക്കി ശമ്പളവും ആനുകൂല്യങ്ങളും നൽകിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."