രാജിക്ക് തയാർ; ഔദ്യോഗികവസതി വിട്ടു
മുംബൈ
ശിവസേനയിലെ വിമത നീക്കത്തിനു പിന്നാലെ ഔദ്യോഗിക വസതിയായ വർഷയിൽ നിന്നിറങ്ങി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സ്വന്തം വീടായ മാതോശ്രീയിലേക്കാണ് ഉദ്ധവ് മടങ്ങിയത്. വികാര നിർഭരമായ യാത്രയയപ്പാണ് അണികൾ ഉദ്ധവിന് നൽകിയത്. അദ്ദേഹം ഇതുവരെ രാജി പ്രഖ്യാപിച്ചിട്ടില്ല.
പ്രശ്‌നപരിഹാരത്തിന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ ഇടപെടുകയും സർക്കാറിനെ എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന് ഉദ്ധവിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ആവശ്യമെങ്കിൽ ഷിൻഡേയെ മുഖ്യമന്ത്രി ആക്കുന്നത് പരിഗണിക്കണമെന്നും മന്ത്രിസഭാ പുനഃസംഘടന ആലോചിക്കാമെന്നം കൂടിക്കാഴ്ചയിൽ പവാർ നിർദേശിച്ചു. ഷിൻഡെയെ മുഖ്യമന്ത്രിയാക്കുന്നതിനെ കോൺഗ്രസും അനുകൂലിച്ചതായാണ് വിവരം.
വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 34 എം.എൽ.എമാർ ഗവർണർ ഭഗത് സിങ് കോഷിയാരിക്ക് കത്തെഴുതിയ സാഹചര്യത്തിലാണ് ഉദ്ധവ് രാജി സന്നദ്ധത അറിയിച്ചത്. ഇതിൽ 30 പേർ ശിവസേനക്കാരും നാലുപേർ സ്വതന്ത്രരുമാണ്. ഷിൻഡെയാണ് തങ്ങളുടെ നേതാവെന്ന് കത്തിലുണ്ട്.
വിമത എം.എൽ.എമാർ ബി.ജെ.പി ഭരിക്കുന്ന അസമിലെ ഒരു ഹോട്ടലിലാണ് ഉള്ളത്. ശിവസേനയിലെ ഏഴു എം.എൽ.എമാരെ കൂടി കിട്ടിയെങ്കിലേ ഷിൻഡെയ്ക്ക് കൂറുമാറ്റ നിരോധനനിയമം മറികടക്കാനാവൂ.
അതോടെ പാർട്ടിയെ പിളർത്താനുമാവും. കൂടുതൽ വിമത എം.എൽ.എമാർ ഗുവാഹത്തിയിലേക്ക് എത്തുന്നതായാണ് വിവരം. നാല് ശിവസേന എം.എൽ.എമാർ ചാർട്ടേഡ് വിമാനത്തിൽ എത്തിയെന്നും റിപ്പോർട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."