ചായ വിറ്റ് കോടീശ്വരനാകാന്‍ പറ്റുമോ?പ്രഫുല്‍ ബില്ലോര്‍ പറയുന്നു 'ബട്ട് ഐ കാന്‍'
ചായ വിറ്റ് കോടീശ്വരനാകാന്‍ പറ്റുമോ?
കഠിനാധ്വാനം ചെയ്യാന്‍ മനസുണ്ടെങ്കില്‍ പിന്നെ ഏത് ആഗ്രഹവും നേടിയെടുക്കാം. വെറും 8000 രൂപ മുടക്കി ചായക്കട തുടങ്ങിയ പ്രഫുല്‍ ബില്ലോര്‍ ഇന്നൊരു കോടീശ്വരനാണ്. ഐഐഎം അഹമ്മദാബാദില്‍ നിന്ന് എം.ബി.എ എടുക്കാനായിരുന്നു പ്രഫുലിന്റെ ആഗ്രഹം. എന്നാല്‍ നിരവധി തവണ പരീക്ഷയെഴുതിയിട്ടും ഐ.ഐ.എം എന്ന സ്വപ്‌നം നിറവേറിയില്ല. മറ്റൊരു സാധാരണ കോളജില്‍ അഡ്മിഷന്‍ ലഭിച്ചെങ്കിലും തൃപ്തനാവാത്ത പ്രഫുല്‍ പഠനം ഉപേക്ഷിച്ച് ചായ വില്‍ക്കാനിറങ്ങുകയായിരുന്നു. പഠിക്കാനാഗ്രഹിച്ച ഐഐഎം അഹമ്മദാബാദിന് മുന്നിലെ തെരുവില്‍ പ്രഫുല്‍ ഒരു ചായക്കടയിട്ടു. അതാണിന്ന് പ്രശസ്ത എംബിഎ ചായ് വാല എന്ന പേരില്‍ വളര്‍ന്നുവന്നത്.
എംബിഎ എന്നാല്‍ മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എന്നാണ് കരുതിയിരുന്നത് എങ്കില്‍ തെറ്റി ചായ്വാലയിലെ എംബിഎ 'മിസ്റ്റര്‍ ബില്ലോര്‍ അഹമ്മദാബാദ് ചായ്‌വാല' എന്നാണ്.
8000 രൂപയിട്ടായിരുന്നു 2017 ല്‍ കച്ചവടം ആരംഭിച്ചത്. ആദ്യ ദിവസത്തെ ലാഭം 150 രൂപ. ഇംഗ്ലീഷ് സംസാരിക്കുന്ന ഈ പുതിയ ചായക്കാരന്‍ വിദ്യാര്‍ഥികളുടെ ശ്രദ്ധ പിടിച്ചു പറ്റി. തന്റെ ചായ ഒരിക്കല്‍ പരീക്ഷിച്ചു നോക്കൂ എന്ന ആവശ്യവുമായി എത്തിയ യുവാവിനെ ഐഐഎമ്മിലെ വിദ്യാര്‍ഥികളും നിരാശനാക്കിയില്ല. പതിയെ പതിയെ ഈ ചായക്കട യുവാക്കളുടെ ഒരു നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോം ആയി മാറി.
ജോലി തേടുന്നവര്‍ക്കും ജോലിക്കാരെ വേണ്ടവര്‍ക്കുമുള്ള പരസ്യങ്ങള്‍ ചായക്കടയില്‍ പതിക്കാന്‍ പ്രഫുല്‍ അനുവദിച്ചു. പിന്നീടത് യുവാക്കള്‍ക്ക് വന്നിരുന്ന് ചായ കുടിക്കാനും തങ്ങളുടെ സംരംഭകത്വ ആശയങ്ങള്‍ പങ്കുവയ്ക്കാനുമുള്ള കേന്ദ്രമായി മാറി. സംരംഭകത്വ പരിപാടികള്‍, മ്യൂസിക്കല്‍ നൈറ്റ് അടക്കമുള്ള കലാപരിപാടികള്‍ തുടങ്ങിയവയും എംബിഎ ചായ് വാലയില്‍ അരങ്ങേറി. അങ്ങനെ തെരുവില്‍ ചായ വിറ്റ് തുടങ്ങിയ ആ എംബിഎ ഡ്രോപ്പ് ഔട്ട് ഇന്ന് പ്രതിവര്‍ഷം കോടികളാണ് സമ്പാദിക്കുന്നത്.
ഇന്ത്യക്കാരുടെ ചായയോടുള്ള പ്രിയം പ്രസിദ്ധമാണ്. ഒരു ശരാശരി ഇന്ത്യക്കാരന്റെ ഒരു ദിനം രണ്ടു നേരമെങ്കിലും ചായ ഇല്ലാതെ പൂര്‍ത്തിയാകില്ല. ഈ ഇഷ്ടം തന്നെയാണ് ബിസിനസ്സ് വളര്‍ത്താന്‍ ഈ ചെറുപ്പക്കാരന്‍ ഉപയോഗപ്പെടുത്തിയത്.
ഇപ്പോള്‍, എംബിഎ ചായ്‌വാല ഇന്ത്യയിലുടനീളം ധാരാളം ഫ്രാഞ്ചൈസികളും സ്ഥാപിച്ചു. ഇതിലൂടെയാണ് അദ്ദേഹത്തിന്റെ പ്രാഥമിക വരുമാനം. ധനസമ്പാദനം നടത്തുന്ന യൂട്യൂബ് അക്കൗണ്ടും അദ്ദേഹത്തിനുണ്ട്.
ഇപ്പോള്‍ എംബിഎ ചായ്‌വാലയുടെ പ്രതിദിന വരുമാനം 1.5 ലക്ഷം രൂപയാണ്, അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം 45 മുതല്‍ 46 ലക്ഷം വരെയാണ്. ഈ വരുമാനം അദ്ദേഹത്തിന്റെ മോഡലിംഗില്‍ നിന്നും ബിസിനസ്സ് ശ്രമങ്ങളില്‍ നിന്നും മാത്രമാണ്. കൂടാതെ, 2023 ലെ കണക്കനുസരിച്ച്, എംബിഎ ചായ്‌വാലയുടെ YouTube ചാനലില്‍ 1.63 ദശലക്ഷം അംഗങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."